ജയസൂര്യയുടെ നൂറാമത്തെ ചിത്രം 'സണ്ണി' ഒടിടി റിലീസിന്; സംവിധാനം രഞ്ജിത്ത് ശങ്കർ, റിലീസ് ഡേറ്റ് പുറത്ത്
text_fieldsജയസൂര്യ- രഞ്ജിത്ത് ശങ്കർ കൂട്ടുകെട്ടിലൊരുങ്ങുന്ന ഏറ്റവും പുതിയ ചിത്രമായ 'സണ്ണി' ഡിജിറ്റൽ റിലീസിനൊരുങ്ങുന്നു. ചിത്രത്തിെൻറ ടീസർ പുറത്തുവിട്ടുകൊണ്ടാണ് ജയസൂര്യ റിലീസ് തിയതി പുറത്തുവിട്ടത്. സെപ്റ്റംബർ 23ന് ആമസോൺ പ്രൈമിലാണ് സണ്ണിയുടെ ആഗോള പ്രീമിയർ. 2020ൽ പുറത്തിറങ്ങിയ ജയസൂര്യയുടെ 'സൂഫിയും സുജാതയും' എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമയിൽ ഡിജിറ്റൽ റിലീസിങ്ങിന് തുടക്കമായത്. തിയറ്ററുകൾ കോവിഡ് പ്രതിസന്ധിക്കു ശേഷം തുറന്നപ്പോൾ ആദ്യ റിലീസായി എത്തിയതും ജയസൂര്യ ചിത്രമായ 'വെള്ളം' ആയിരുന്നു.
അതേസമയം സണ്ണിയുടെ റിലീസുമായി ബന്ധപ്പെട്ട വിശേഷങ്ങൾ പങ്കിട്ടുകൊണ്ടു ജയസൂര്യ പറഞ്ഞ വാക്കുകൾ ചുവടെ:
"സിനിമയിൽ 20 വർഷം, ഒരു വ്യവസായത്തെ 20 വർഷമായി ഞാൻ അഭിമാനത്തോടെ എന്റേത് എന്ന് വിളിക്കുന്നു. മികച്ച സംവിധായകർ, നിർമ്മാതാക്കൾ, അഭിനേതാക്കൾ, സാങ്കേതിക വിദഗ്ധർ എന്നിവരോടൊപ്പം 20 വർഷം. 20 വർഷത്തെ വളർച്ച. നിങ്ങളുടെ എല്ലാ സ്നേഹവും പിന്തുണയും കൊണ്ട് വിനീതമായ 20 വർഷം. നന്ദി.
ഈ 20 മനോഹരമായ വർഷങ്ങളിൽ, ഞാൻ തീരെ ചെറുതായൊന്നുമല്ല അനുഗ്രഹിക്കപ്പെട്ടത്. 100 സിനിമകളാൽ അനുഗ്രഹിക്കപ്പെട്ടു. 100 കഥാപാത്രങ്ങൾ എനിക്ക് വളരെ പ്രിയപ്പെട്ടതാണ്. 100 കഥകൾ. എണ്ണമറ്റ 'സ്റ്റാർട്ട്, ക്യാമറ, ആക്ഷനുകൾ', എണ്ണമറ്റ 'കട്ട്സ്'. കൂടാതെ മനോഹരമായ എല്ലാ കാര്യങ്ങളുടെയും സമ്പത്സമൃദ്ധിയുണ്ടായി.
ഈ മനോഹരമായ യാത്രയുടെ തുടക്കത്തിൽ, എന്റെ നൂറാമത്തെ സിനിമയായ സണ്ണി ഇവിടെ പ്രഖ്യാപിക്കുമെന്ന് ഞാൻ ഒരിക്കലും കരുതിയിരുന്നില്ല. സണ്ണി, എന്റെ മറ്റേതൊരു കഥാപാത്രത്തെയും പോലെ പ്രത്യേകതയുള്ളതാണെങ്കിലും ആശയം അത്രത്തോളം അദ്വിതീയമാണെന്നതിനാൽ, ഇതിന് എന്റെ ഹൃദയത്തിൽ കുറച്ചുകൂടി പ്രത്യേക സ്ഥാനമുണ്ടെന്ന് എനിക്ക് ആത്മവിശ്വാസത്തോടെ പറയാൻ കഴിയും. 240 രാജ്യങ്ങളിൽ ആമസോൺ പ്രൈം വേൾഡ് വൈഡ് റിലീസ് ചെയ്യുന്ന സണ്ണി സെപ്റ്റംബർ 23 ന് നിങ്ങളുടെയടുത്തെത്തും എന്ന് അറിയിക്കുന്നതിൽ ഞാൻ വളരെ സന്തോഷിക്കുന്നു," ജയസൂര്യ കുറിച്ചു.
സണ്ണിയിൽ നായകനു പുറമെ നിർമാതാവിെൻറ റോളിലും ജയസൂര്യ എത്തുന്നു. ഡ്രീംസ് ആൻഡ് ബിയോണ്ട്സിെൻറ ബാനറിൽ രഞ്ജിത്തും ജയസൂര്യയും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. പുണ്യാളൻ, സുസു സുധിവാത്മീകം, പ്രേതം, പുണ്യാളൻ പ്രൈവറ്റ് ലിമിറ്റഡ്, ഞാൻ മേരിക്കുട്ടി, പ്രേതം 2 എന്നീ ചിത്രങ്ങളാണ് ഇതിനു മുമ്പ് ജയസൂര്യ–രഞ്ജിത്ത് ശങ്കർ കൂട്ടുകെട്ടിൽ പിറന്ന സിനിമകൾ. ഓരോ സിനിമകളിലും വ്യത്യസ്ത കഥാപാത്രങ്ങളും പുതുമകളുമായി എത്തുന്ന ജയസൂര്യ–രഞ്ജിത്ത് കൂട്ടകെട്ടിലൊരുങ്ങുന്ന പുതിയ ചിത്രവും ആകാംക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്. ഛായാഗ്രഹണം: മധു നീലകണ്ഠൻ. എഡിറ്റിങ്: ഷമീർ മുഹമ്മദ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.