'തീരെ വയ്യ, ഇത്തവണ ചില തീരുമാനങ്ങളൊക്കെ ഉണ്ടാകും'; ഇന്നസെന്റ് പറഞ്ഞതിനെക്കുറിച്ച് ജോയ് മാത്യു
text_fieldsഇന്നസെന്റിന്റെ വിയോഗം തീരാനഷ്ടമാണെന്ന് നടൻ ജോയ് മാത്യു. എല്ലാവരേയും ചിരിപ്പിച്ചും ചിന്തിപ്പിച്ചുമാണ് അദ്ദേഹം മടങ്ങിയതെന്നും മലയാള സിനിമാലോകത്തിന്റെ മാത്രമല്ല മലയാളികളുടേയും തീരാനഷ്ടമാണ് ഇന്നസെന്റിന്റെ വിയോഗമെന്നും ജോയ് മാത്യു ടെലിവിഷൻ ചാനലിനോട് പറഞ്ഞു.
ആരേയും കളിയാക്കാൻ യാതൊരു മടിയുമില്ലാത്തയാളാണ് അദ്ദേഹം. പക്ഷെ എപ്പോഴും ഗൗരവത്തിലായിരിക്കും ഇരിക്കുക. അധികം വ്യക്തിപരമായ ബന്ധങ്ങളില്ലെങ്കിലും ഇടക്ക് ഫോണിലൂടെ ബന്ധപ്പെടും. അവസാനമായി ഫോണിൽ സംസാരിച്ചപ്പോൾ 'തീരെ വയ്യ, സുഖമില്ല ഇത്തവണ ചില തീരുമാനങ്ങളൊക്കെ ഉണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞിരുന്നു . ഇത്ര പെട്ടെന്ന് പോകുമെന്ന് കരുതിയില്ല- ജോയ് മാത്യൂ പറഞ്ഞു.
അദ്ദേഹം ചെയ്യാത്ത ജോലികളില്ല, ഏർപ്പെടുത്ത കാര്യങ്ങളില്ല. അദ്ദേഹത്തിന്റെ ജീവചരിത്രം വായിച്ചവർക്കറിയാം ആശുപത്രിക്കിടക്കയിൽ കാൻസറുമായി മല്ലിടുമ്പോഴും അദ്ദേഹം രണ്ട് മൂന്ന് പുസ്തകങ്ങളെഴുതിയിരുന്നു. ആ രണ്ട് പുസ്തകങ്ങളും ചിരിയുടെ പൂരമാണ്.
ഒരാൾ എങ്ങനെയൊക്കെ ജീവിതത്തെ നേരിട്ടു. എന്തെല്ലാം ബുദ്ധിമുട്ടുകൾ തരണം ചെയ്തു, എങ്ങനെയെല്ലാം മറികടന്ന് ജീവിതത്തിൽ വിജയക്കൊടി നാട്ടി എന്നതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ് ഇന്നസെന്റ്. ചിരി മാത്രമല്ല, ഒരു ചിന്തകനുമാണ് അദ്ദേഹമെന്ന് പലപ്പോഴും എനിക്ക് തോന്നിയിട്ടുണ്ട്. കാരണം ഓരോ തമാശക്കുള്ളിലും അദ്ദേഹം ഒളിപ്പിച്ചുവെച്ചിട്ടുള്ള ആഴമേറിയ ചിന്തകളാണ് എന്നെ കൂടുതൽ ആകർഷിച്ചിട്ടുള്ളത്- ജോയ് മാത്യു കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.