ട്രോളുകൾ എനിക്കും സുരേഷ്ഗോപിക്കും മാത്രം, മമ്മൂട്ടിയെ എന്തുകൊണ്ട് വിമർശിക്കുന്നില്ല -കൃഷ്ണകുമാർ
text_fieldsരാഷ്ട്രീയത്തിന്റെ പേരിൽ വിമർശനവും ട്രോളുകളും ഏൽക്കേണ്ടിവരുന്നത് തനിക്കും സുരേഷ്ഗോപിക്കും മാത്രമാണെന്ന് നടൻ കൃഷ്ണകുമാർ. എന്തുകൊണ്ടാണ് മമ്മൂട്ടിയെ ആരും വിമർശിക്കാത്തതെന്നും അദ്ദേഹം ചോദിച്ചു. ബി.ജെ.പിക്കുവേണ്ടി മത്സരിക്കുന്നതിനെപറ്റി ചോദിച്ച സ്വകാര്യ വാർത്താ ചാനലിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. വിമര്‍ശനങ്ങള്‍ മുഖവിലക്കെടുക്കുന്നില്ലെന്നും ബി.ജെ.പി ആവശ്യപ്പെട്ടാൽ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനെപറ്റി ആലോചിക്കുമെന്നും കൃഷ്ണകുമാർ പറഞ്ഞു.
എന്നാൽ അത്തരമൊരു ആവശ്യം ബി.ജെ.പിയിൽ നിന്ന് ആരും തന്‍റെ മുന്നിൽ വച്ചിട്ടില്ല. താൻ നേരത്തേ തന്നെ പാർട്ടിക്കുവേണ്ടി രാഷ്ട്രീയ പ്രവർത്തനം നടത്തിയിരുന്നു. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിലും നാല് ജില്ലകളിൽ ബി.ജെ.പിക്കുവേണ്ടി പ്രചരണം നടത്തി. എന്നാൽ ഇപ്പോഴാണ് ആളുകൾ ഇതെല്ലാം ശ്രദ്ധിക്കാൻ തുടങ്ങിയത്. ഇലക്ഷൻ രാഷ്ട്രീയത്തേക്കാൾ കൂടുതൽ താൻ ഇടപെട്ടത് പ്രചരണരാഷ്ട്രീയവുമായാണെന്നും അദ്ദേഹം പറഞ്ഞു. മത്സരിക്കുന്നകാര്യം ഇപ്പോൾ ഉറപ്പുപറയാറായിട്ടില്ലെന്നും ബി.ജെ.പിയെ ഇഷ്ടപ്പെടുന്നുണ്ടെങ്കിലും താനിതുവരെ പാർട്ടി അംഗത്വം എടുത്തിട്ടില്ലെന്നും കൃഷ്ണകുമാർ പറയുന്നു.
വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള ബി.ജെ.പി സ്ഥാനാർഥി പട്ടികയിൽ കൃഷ്ണകുമാറും ഉൾപ്പെട്ടതായി നേരത്തേ വാർത്തകൾ പ്രചരിച്ചിരുന്നു. 40 പേരടങ്ങിയ പട്ടികയാണ് കേരള നേതൃത്വം കേന്ദ്രത്തിന് സമർപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.