നവതിയുടെ മധുരത്തിലേക്ക് നടൻ മധു
text_fieldsതിരുവനന്തപുരം: പ്രണയാതുര നായകൻ, ക്ഷുഭിത യൗവനത്തിന്‍റെ പ്രതീകം, കാർക്കശ്യവും വാത്സല്യവുമുള്ള കാരണവർ എന്നിങ്ങനെ മലയാളി മനസ്സുകളിൽ ഇടം നേടിയ നടൻ മധു നവതിയുടെ മധുരത്തിലേക്ക്. നടന്‍, സംവിധായകന്‍, നിര്‍മാതാവ്, സ്റ്റുഡിയോ ഉടമ തുടങ്ങി സിനിമയുടെ സര്‍വ മേഖലകളിലും സാന്നിധ്യമറിയിച്ച മഹാനടൻ 89 വര്‍ഷത്തെ ജീവിതാനുഭവങ്ങളും അഞ്ചരപ്പതിറ്റാണ്ടിന്‍റെ സിനിമ പരിജ്ഞാനവും കൈമുതലാക്കിയാണ് നവതിയിലേക്ക് കടക്കുന്നത്.
പിറന്നാളുകൾ സാധാരണ വലിയ ആഘോഷമായി കാണാത്ത മധു സിനിമ കാണലും വായനയുമെല്ലാമായി കണ്ണമ്മൂലയിലെ വീട്ടിൽ വിശ്രമജീവിതത്തിലാണ്. പിറന്നാളിന് വീട്ടില്‍ പായസം വെക്കുകയെന്ന പണ്ടേയുള്ള പതിവ് ഇപ്പോഴും തുടരുന്നുണ്ട്.
അതിനപ്പുറം താനൊരിക്കലും പിറന്നാളാഘോഷിച്ചിട്ടില്ലെന്നാണ് മധുവിന്‍റെ പക്ഷം. അഭിനയിച്ചതിൽ 30 ശതമാനം സിനിമകളേ താൻ കണ്ടിട്ടുള്ളൂ. 30 ശതമാനം കൂടി കോവിഡ് തീർത്ത ഈ രണ്ടര വർഷത്തെ ഇടവേളകളിൽ കണ്ടു. ശേഷിക്കുന്ന 40 ശതമാനം സിനിമകൾ കൂടി കാണാനുള്ള തയാറെടുപ്പിലാണ്.
അതുപോലെ വായനയും. സിനിമയിൽ തിരക്കായപ്പോൾ വായന സ്ക്രിപ്റ്റിലും ഡയലോഗിലും മാത്രം പരിമിതമായിരുന്നെന്നും അതൊക്കെ മാറ്റിയെടുക്കുകയാണെന്നും ചിരിച്ചുകൊണ്ട് മഹാനടൻ കൂട്ടിച്ചേർക്കുന്നു. 1962 ലാണ് മാധവന്‍ നായര്‍ എന്ന മധു മൂടുപടമെന്ന സിനിമയിലൂടെ മലയാള ചലച്ചിത്ര ലോകത്തേക്ക് കടന്നുവരുന്നത്.
അതിനൊപ്പം തന്നെ നിണമണിഞ്ഞ കാൽപാടുകളിലും അഭിനയിച്ചു. ബനാറസ് ഹിന്ദു സര്‍വകലാശാലയില്‍നിന്ന് വിദ്യാഭ്യാസം നേടുകയും നാഗര്‍കോവിലിലെ സ്‌കോട്ട് ക്രിസ്ത്യന്‍ കോളജില്‍ അധ്യാപകനായി ജോലി നോക്കുകയും ചെയ്തശേഷമായിരുന്നു സിനിമയിലേക്കുള്ള ചുവടുവെപ്പ്.
ജോലി രാജിവെച്ച ശേഷം നാഷനല്‍ സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ പ്രവേശനം നേടി. അഭിനയം സാങ്കേതികമായും അക്കാദമികമായും പരിശീലിച്ച ശേഷമായിരുന്നു വെള്ളിത്തിരയിലേക്കുള്ള ചുവടുവെപ്പ്.
അമിതാഭ് ബച്ചന്‍റെ ആദ്യ ചിത്രമായ സാത് ഹിന്ദുസ്ഥാനിയിൽ ബച്ചന്‍റെ സഹനായകനായി മധു അഭിനയിച്ചിട്ടുെണ്ടന്നത് അധിക മലയാളികൾക്കും അറിയാത്ത കാര്യം. മുഖത്തെ പേശികളും കണ്ണുകളും പുരികവും വരെ ചലിപ്പിച്ചുകൊണ്ട് മധു തീർത്ത ഭാവപ്രപഞ്ചവും അഭിനയശൈലിയും മലയാളിക്ക് മറക്കാനാവില്ല.
ആദ്യകാലം മുതല്‍ ലഭിച്ച വൈകാരികത മുറ്റിയ കഥാപാത്രങ്ങൾക്കും അതിവൈകാരിക പ്രകടനങ്ങള്‍ക്കും രൂപപ്പെടുത്തിയതായിരുന്നു ഈ പേശീഭാഷയും ശൈലിയും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.