സുരേഷ് ഗോപിയുടെ പാര്‍ട്ടിയോട് താല്‍പര്യമില്ല, ഇന്ത്യ അടുത്തൊന്നും കരകയറുന്ന യാതൊരു ലക്ഷണവുമില്ല- ശ്രീനിവാസൻ
text_fieldsഇന്ത്യ അടുത്തൊന്നും കരകയറുന്ന യാതൊരു ലക്ഷണവുമില്ലെന്ന് നടൻ ശ്രീനിവാസൻ. ജനാധിപത്യത്തിൽ എല്ലാ കള്ളൻമാർക്കും രക്ഷപ്പെടാൻ ഇഷ്ടംപോലെ പഴുതുണ്ടെന്നെന്നും ഈ ജനവിധി ജനങ്ങൾക്ക് എതിരായ ജനിവിധിയാണെന്നും ശ്രീനിവാസൻ കൂട്ടിച്ചേർത്തു. ഗ്രീസിലാണ് ജനാധിപത്യത്തിന്റെ ആദ്യ മോഡൽ ഉണ്ടായത്. ഇന്ന് സോക്രട്ടീസ് ജീവിച്ചിരുന്നെങ്കിൽ ജനാധിപത്യം കണ്ടുപിടിച്ചവനെ തേടിപ്പിടിച്ച് ചവിട്ടിക്കൊന്നിട്ട് വിലകുറഞ്ഞ വിഷം കഴിച്ച് മരിച്ചേനെയെന്ന് തൃപ്പൂണിത്തുറയിൽ വോട്ടു രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് പറഞ്ഞു.
'ഇതു നമുക്കു തന്നെ എതിരായിട്ടുള്ള ജനവിധിയാണ്. ആരു ജയിച്ചാലും അവർ നമുക്ക് എതിരല്ലേ? ഞാൻ അടിസ്ഥാനപരമായി ജനാധിപത്യത്തിന് എതിരാണ്. ജനാധിപത്യത്തിൽ എല്ലാ കള്ളൻമാർക്കും രക്ഷപ്പെടാൻ ഇഷ്ടംപോലെ പഴുതുണ്ട്. അതുകൊണ്ടാണ് താൽപര്യമില്ലാത്തത്. ജനാധിപത്യത്തിന്റെ ആദ്യ മോഡൽ ഉണ്ടായത് ഗ്രീസിലാണ്. നമ്മളേക്കാൾ ബുദ്ധിയുണ്ടെന്നു കരുതുന്ന സോക്രട്ടീസ് അന്നു പറഞ്ഞത്, കഴിവുള്ളവരെ ജനങ്ങൾ വോട്ടു ചെയ്ത് തിരഞ്ഞെടുക്കുന്നു, പക്ഷേ, ഈ വോട്ടു ചെയ്യുന്നവർക്ക് കഴിവുള്ളവരെ തിരഞ്ഞെടുക്കാനുള്ള കഴിവുണ്ടോ എന്നാണ്. ഇന്ന് സോക്രട്ടീസ് ജീവിച്ചിരുന്നെങ്കിൽ ജനാധിപത്യം കണ്ടുപിടിച്ചവനെ തേടിപ്പിടിച്ച് ചവിട്ടിക്കൊന്നിട്ട്, വിലകുറഞ്ഞ വിഷം കഴിച്ച് മരിച്ചേനെ. വിലകൂടിയ വിഷം കഴിക്കുന്നത് ആർഭാടമാണ്. വില കുറഞ്ഞ വിഷം കഴിച്ച് മരിക്കുന്നതാണ് നല്ലത്- നടൻ തമാശരൂപേണ പറഞ്ഞു.
ഇന്ത്യ അടുത്തൊന്നും കരകയറുന്ന യാതൊരു ലക്ഷണവുമില്ല. ഞാൻ നമ്മുടെ ജനാധിപത്യത്തെക്കുറിച്ച് ഇങ്ങനെ മോശമായിട്ട് പറഞ്ഞപ്പോൾ, ദുബൈയിൽ നിന്നു ലീവിനു വന്ന ഒരാൾ ചോദിച്ചു; എന്തെങ്കിലും ഒരു വ്യവസ്ഥിതിയില്ലാതെ എങ്ങനെ ശരിയാകുമെന്ന്. ഞാൻ പറഞ്ഞു,ദുബൈയിൽനിന്നു വന്ന ഒരാൾ ഇങ്ങനെ ചോദിക്കരുത്.ദുബൈയിലുള്ള ഭരണാധികാരി ജനാധിപത്യ വിശ്വാസിയാണോ? ഏതെങ്കിലും പാർട്ടിയുടെ ആളാണോ? ഒന്നുമല്ലല്ലോ. നാടിനോടും ജനങ്ങളോടും അൽപം സ്നേഹം വേണം' .
അതിനിടെ സുരേഷ് ഗോപിയുടെ സാധ്യതകളെ പറ്റിയുള്ള ചോദ്യത്തോടും ശ്രീനിവാസൻ പ്രതികരിച്ചു. 'സുരേഷ് ഗോപി വ്യക്തിപരമായി എനിക്ക് ഏറെ ഇഷ്‌ടമുള്ള ആളാണ്. എന്നാൽ അദ്ദേഹത്തിന്റെ പാർട്ടിയോട് എനിക്ക് താൽപര്യമില്ല. പക്ഷേ അദ്ദേഹത്തോട് എനിക്ക് താൽപര്യമുണ്ട്' - ശ്രീനിവാസൻ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.