വിവാഹിതയായെന്ന് വെളിപ്പെടുത്തി നടി ലെന ; വരൻ ഗഗൻയാൻ ഗ്രൂപ്പ് ക്യാപ്റ്റൻ പ്രശാന്ത് ബാലകൃഷ്ണൻ നായർ
text_fieldsവിവാഹിതയായെന്ന് വെളിപ്പെടുത്തി നടി ലെന. ഇൻസ്റ്റഗ്രാം പോസ്റ്റിലാണ് ഗഗൻയാൻ ഗ്രൂപ്പ് ക്യാപ്റ്റൻ പ്രശാന്ത് ബാലകൃഷ്ണൻ നായരുമായി തന്റെ വിവാഹം കഴിഞ്ഞുവെന്ന് ലെന വെളിപ്പെടുത്തിയിരിക്കുന്നത്. ഈ വർഷം ജനുവരി 17ന് താനും പ്രശാന്ത് ബാലകൃഷ്ണൻ നായരും വിവാഹിതരായെന്നാണ് ലെന അറിയിച്ചിരിക്കുന്നത്. ഇന്ത്യയുടെ ബഹിരാകാശ യാത്രികരെ പ്രധാനമന്ത്രി പ്രഖ്യാപിച്ചതിന് പിന്നാലെയായിരുന്നു സോഷ്യൽ മീഡിയയിലൂടെയുള്ള ലെനയുടെ വെളിപ്പെടുത്തൽ.
ലെനയുടെ കുറിപ്പിന്റെ പൂർണ്ണ രൂപം
ഇന്ന്, 2024 ഫെബ്രുവരി 27 ന്, നമ്മുടെ പ്രധാനമന്ത്രി, മോദി ജി, ഇന്ത്യൻ എയർഫോഴ്സ് ഫൈറ്റർ പൈലറ്റ്, ഗ്രൂപ്പ് ക്യാപ്റ്റൻ പ്രശാന്ത് ബാലകൃഷ്ണൻ നായർക്ക് ആദ്യത്തെ ഇന്ത്യൻ ബഹിരാകാശയാത്രിക വിംഗുകൾ സമ്മാനിച്ചു. ഇത് നമ്മുടെ രാജ്യത്തിനും നമ്മുടെ കേരളത്തിനും വ്യക്തിപരമായി എനിക്കും അഭിമാനത്തിൻ്റെ ചരിത്ര നിമിഷമാണ്.
ഔദ്യോഗികമായി ആവശ്യപ്പെടുന്ന രഹസ്യസ്വഭാവം കാത്തുസൂക്ഷിക്കുന്നതിനായി, 2024 ജനുവരി 17-ന് ഞാൻ പ്രശാന്തിനെ ഒരു പരമ്പരാഗത ചടങ്ങിൽ അറേഞ്ച്ഡ് മാര്യേജിലൂടെ വിവാഹം കഴിച്ചുവെന്ന് നിങ്ങളെ അറിയിക്കാൻ ഞാൻ ഈ അറിയിപ്പിനായി കാത്തിരിക്കുകയായിരുന്നു.
ഗഗൻയാൻ ദൗത്യത്തലവനായി മലയാളിയായ ഗ്രൂപ്പ് ക്യാപ്റ്റൻ പ്രശാന്ത് ബാലകൃഷ്ണൻ നായരെ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചിരുന്നു. ഗ്രൂപ്പ് ക്യാപ്റ്റൻ അംഗത് പ്രതാപ്, ഗ്രൂപ്പ് ക്യാപ്റ്റൻ അജിത് കൃഷ്ണൻ, വിങ് കമാൻഡർ ശുഭാൻശു ശുക്ല എന്നിവരുൾപ്പെടുന്ന സംഘത്തെയാണ് പ്രശാന്ത് ബാലകൃഷ്ണൻ നായർ നയിക്കുക.
സുഖോയ് യുദ്ധ വിമാനം പറത്തുന്ന ഫൈറ്റർ പൈലറ്റാണ് പ്രശാന്ത് ബാലകൃഷ്ണൻ നായർ. നെന്മാറ സ്വദേശി വിളമ്പിൽ ബാലകൃഷ്ണന്റെയും കൂളങ്ങാട്ട് പ്രമീളയുടെയും മകനാണ്. പാലക്കാട് അകത്തേത്തറ എൻ.എസ്.എസ് എൻജിനീയറിങ് കോളജ് വിദ്യാർഥിയായിരിക്കെ നാഷനൽ ഡിഫൻസ് അക്കാദമിയിൽ (എൻ.ഡി.എ) ചേർന്നു. ഇവിടെ പരിശീലനം പൂർത്തിയാക്കി 1999 ജൂണിൽ വ്യോമസേനയുടെ ഭാഗമായി.
യു.എസ് എയർ കമാൻഡ് ആൻഡ് സ്റ്റാഫ് കോളജിൽനിന്ന് ഒന്നാം റാങ്കോടെ ബിരുദം പൂർത്തിയാക്കി. 1998ൽ ഹൈദരാബാദ് വ്യോമസേനാ അക്കാദമിയിൽനിന്ന് ‘സ്വോർഡ് ഓഫ് ഓണർ’ സ്വന്തമാക്കി. യാത്രികരെ ബഹിരാകാശത്തെത്തിച്ചു മൂന്നു ദിവസത്തിനു ശേഷം സുരക്ഷിതമായി തിരികെ ഭൂമിയിലെത്തിക്കുന്ന ഗഗന്‍യാന്‍ ദൗത്യം 2025ലാണ് ഐ.എസ്.ആർ.ഒ ലക്ഷ്യമിടുന്നത്. ഇതിന് മുന്നോടിയായി തെരഞ്ഞെടുത്ത നാലു വ്യോമസേന പൈലറ്റുമാരെയും 2019ൽ റഷ്യയിലെ ഗഗാറിൻ കോസ്മോനട്ട് ട്രെയിനിങ് സെന്‍ററിൽ പരിശീലനത്തിന് അയച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.