എെൻറ ഇടുക്കി: സൂപ്പറാണ് ഇടുക്കി...
text_fieldsഇടുക്കിയെ കുറിച്ച് നടി ലിജോ മോൾ ജോസ് സംസാരിക്കുന്നു. ('ജയ് ഭീം' സിനിമയിലെ സെങ്കേനിയുടെ വേഷത്തിലൂടെ ദേശീയശ്രദ്ധ പിടിച്ചുപറ്റിയ ലിജോമോൾ മഹേഷിന്റെ പ്രതികാരം, കട്ടപ്പനയിലെ ഋത്വിക് റോഷൻ, ഹണീബീ 2.5 തുടങ്ങിയ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്)
16 വർഷം പീരുമേട്ടിലാണ് ഞങ്ങൾ താമസിച്ചത്. കോടമഞ്ഞും തണുപ്പും മലനിരകളുമുള്ള നാടാണ് പീരുമേട്. പി.ജി ചെയ്യുമ്പോഴാണ് മഹേഷിന്റെ പ്രതികാരത്തിലേക്ക് കാസ്റ്റിങ് കോൾ ഫേസ്ബുക്കിൽ വരുന്നത്. ഒരു രസത്തിന് ഫോട്ടോ അയച്ചു. പിന്നീട് ഓഡിഷന് വിളിച്ചു. അവിചാരിതമായി സിനിമയിലുമെത്തി. ആദ്യ സിനിമയിൽതന്നെ ജനിച്ചുവളർന്ന നാട്ടുകാരിയായി സോണിയ എന്ന കഥാപാത്രത്തെ അവതരിപ്പിക്കാൻ കഴിഞ്ഞത് ഭാഗ്യമായാണ് കരുതുന്നത്. അതിനുശേഷം അഭിനയിച്ച കട്ടപ്പനയിലെ ഋത്വിക് റോഷനിലെ കനിയും ഇടുക്കിയിൽനിന്നുള്ള കഥാപാത്രമായിരുന്നു. ഇപ്പോഴും കൂടുതൽ പേരും ഈ കഥാപാത്രങ്ങളെ ഓർക്കുന്നത് വലിയ സന്തോഷം നൽകുന്നു.
കലോത്സവങ്ങളിൽ ഒന്നും പങ്കെടുത്തിട്ടില്ല. ഇതുവരെയുള്ള ജീവിതത്തിൽ ഏറിയ പങ്കും ഇടുക്കിയിൽതന്നെയാണ് താമസിച്ചത്. അതുകൊണ്ടുതന്നെ എന്റെ എല്ലാ ഓർമകളും ഇടുക്കിയുമായി ബന്ധപ്പെട്ട് കിടക്കുന്നു. ഇടുക്കിക്കാർ എല്ലാവരും സൂപ്പറാണ്. ഇടുക്കിയിൽ പോകാൻ ഏറെ ഇഷ്ടമുള്ള സ്ഥലം പീരുമേടാണ്. ജയ് ഭീമിൽ അഭിനയിക്കാൻ കഴിഞ്ഞത് വളരെ സന്തോഷം നൽകുന്ന കാര്യമാണ്. ബിഗ് സ്ക്രീനിൽ കണ്ട് മാത്രം പരിചയമുള്ള സൂര്യ സാറടക്കമുള്ള സൂപ്പർ താരങ്ങളോടൊപ്പം അഭിനയിച്ചപ്പോൾ ടെൻഷനുണ്ടായിരുന്നു. സെങ്കേനിയായി മാറാൻ ഒരുപാട് മുന്നൊരുക്കം നടത്തി. നൂറ് ശതമാനം സെങ്കേനിയായി മാറാൻ ഇരുളർ സമുദായത്തെക്കുറിച്ച് പഠിക്കണമായിരുന്നു. ഇരുളർ മക്കളുടെ ജീവിതവും ബുദ്ധിമുട്ടുകളും അവർക്കിടയിൽ പോയി ജീവിച്ച് പഠിച്ചു. വലിയ താൽപര്യത്തോടെയാണ് ആ സിനിമ ചെയ്തത്. ജയ് ഭീമിയിൽ അഭിനയിച്ച എല്ലാവരും ബുദ്ധിമുട്ടിയിട്ടുണ്ട്. കഥാപാത്രത്തോട് നീതിപുലർത്താനാണ് അതൊക്കെ ചെയ്തത്. സിനിമയുടെ വിജയവും ഏറെ സന്തോഷം നൽകി. ഇപ്പോൾ കോട്ടയം മുണ്ടക്കയത്താണ് താമസം. ബന്ധുക്കൾ ഇടുക്കിയിലുണ്ട്. ക്രിസ്മസിനും ഓണത്തിനുമൊക്കെ ഞാൻ അവിടെയെത്തും. മഹേഷിന്റെ പ്രതികാരം, കട്ടപ്പനയിലെ ഋത്വിക് റോഷൻ എന്നീ ചിത്രങ്ങൾ പുറത്തുവന്നപ്പോൾ പലരും പലയിടത്തും ഇടുക്കിയുടെ മിടുക്കി എന്നൊക്കെ എഴുതിയത് കണ്ടപ്പോൾ വളരെ സന്തോഷം തോന്നി.
ചില സമയത്ത് ചിലരൊക്കെ ഇടുക്കിയിൽ റെയിൽവേ സ്റ്റേഷനില്ലല്ലോ എന്ന് കളിയാക്കി പറയാറുണ്ട്. എന്നാൽ, മൂന്നാറിൽ പണ്ടൊരു റെയിൽവേ ലൈൻ ഉണ്ടായിരുന്നെന്നും അത് ഇന്ത്യയിലെ ആദ്യ റെയിൽവേ ലൈനുകളിലൊന്നായിരുന്നെന്നും ഞാൻ അവരെയൊക്കെ തിരുത്താറുണ്ട്. അത് പറയുമ്പോൾ എനിക്ക് അഭിമാനവും തോന്നിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.