അവസരം ചോദിച്ച് ആരെയും ശല്യം ചെയ്തിട്ടില്ല -രാധിക സംസാരിക്കുന്നു
text_fieldsമലയാളത്തില് മികച്ച ക്യാമ്പസ് ചിത്രങ്ങളിലൊന്നായ ‘ക്ലാസ്‌മേറ്റ്‌സി’ലെ റസിയ ആയ രാധികയെ ആരും എളുപ്പത്തിൽ മറക്കില്ല. അല്പകാലത്തെ ഇടവേളക്കുശേഷം മഞ്ജു വാര്യർ പ്രധാനവേഷത്തിലെത്തിയ ‘ആയിഷ’ലൂടെ സിനിമയിൽ വീണ്ടും സജീവമാക്കാൻ ഒരുങ്ങുകയാണ് രാധിക. തന്റെ വിശേഷങ്ങൾ രാധിക മാധ്യമവുമായി പങ്കുവെക്കുന്നു.
• സിനിമയിലെ 23 വർഷങ്ങൾ
സത്യത്തിൽ ഈ വർഷങ്ങളുടെ കണക്ക് പോലും ഞാൻ ചിന്തിച്ചിട്ടില്ല. നാലാം ക്ലാസിൽ പഠിക്കുമ്പോഴാണ് വിയറ്റ്നാം കോളനി ചെയ്യുന്നത്. പിന്നീട് തേടിയെത്തിയവയിൽ ഇഷ്ടപ്പെട്ട സിനിമകൾ എല്ലാം ചെയ്തു. ആ കഥാപാത്രങ്ങളെല്ലാം ആളുകൾക്ക് ഇഷ്ടപ്പെട്ടു എന്നതായിരുന്നു സന്തോഷം. എല്ലാ ടൈപ്പ് ഓഫ് കരിയറിലും ഒരു ഉയർച്ച താഴ്ച ഉണ്ടാകുമെന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ. റസിയ പോലൊരു കഥാപാത്രം പിന്നീട് കിട്ടിയില്ല എന്നൊന്നും വിചാരിച്ച് സങ്കടപ്പെട്ടിട്ടില്ല. വിവാഹത്തിനുശേഷം സത്യം പറഞ്ഞാൽ സിനിമ മിസ്സ് ചെയ്തിട്ടില്ല. ഞാൻ ലൈഫ് എൻജോയ് ചെയ്യുകയാണ്. 'ആയിഷ' മൂവി ചെയ്യുമ്പോൾ അതിലെ ക്രൂ മെമ്പേഴ്സ് എല്ലാം ചോദിക്കുമായിരുന്നു നീ എന്താ ഇത്രനാളും സിനിമ ചെയ്യാതിരുന്നത്, നീ മിസ്സ് ചെയ്തില്ലേ സിനിമ എന്നൊക്കെ. പക്ഷേ സിനിമ മിസ്സ് ചെയ്തിട്ടില്ല. സിനിമയുടെ ഓരോ ഘട്ടത്തിലും ഇടവേള എടുത്തത് കൊണ്ടായിരിക്കാം, ഈ ചെറിയ ഗ്യാപ്പും എനിക്കൊരു ഗ്യാപ്പ് ആയി തോന്നിയിട്ടില്ല. പിന്നെ ഇന്റർവ്യൂസ്, സെൽഫ് പ്രമോഷൻ തുടങ്ങിയവ ഒന്നും ഞാനങ്ങനെ ചെയ്തിട്ടില്ല. അവസരം ചോദിച്ചു ആരെയും ശല്യം ചെയ്തിട്ടില്ല. അത്തരം കാരണങ്ങൾ കൊണ്ടും കൂടിയായിരിക്കാം സിനിമകൾ കുറഞ്ഞു പോയത്.
• നീണ്ടകാലത്തെ ചില ഇടവേള
സിനിമയിൽ ഇടയ്ക്കിടയ്ക്ക് വരുന്ന ഗ്യാപ്പുകൾ മനപ്പൂർവം എടുക്കുന്നതല്ല. പലപ്പോഴും സംഭവിച്ചു പോകുന്നതാണ്. നല്ല പ്രൊജക്ടുകളുമായി ആളുകൾ സമീപിക്കാത്തതുകൊണ്ടോ അല്ലെങ്കിൽ അവർ നൽകുന്ന കഥാപാത്രങ്ങളോട് മാനസികമായ അടുപ്പം ലഭിക്കാത്തതുകൊണ്ടോ ഒക്കെയാണ് ഇത്തരം ഇടവേളകൾ സംഭവിക്കുന്നത്. പിന്നെ ഇനി സിനിമ ചെയ്യില്ല എന്നൊന്നും എവിടെയും പറഞ്ഞിട്ടില്ല. പക്ഷേ വിവാഹത്തിനുശേഷം ദുബൈയിൽ സെറ്റിൽ ആവുകയും ലൈഫ് അത്തരം ഒരു സ്പേസിലേക്ക് മാറുകയും ചെയ്തപ്പോൾ സ്വാഭാവികമായും മറ്റുള്ളവർ വിചാരിച്ചു കാണും ഞാനിനി സിനിമ ചെയ്യില്ല എന്ന്. അല്ലെങ്കിൽ, എന്റെ ട്രാൻസ്പോർട്ടേഷൻ പോലുള്ള കാര്യങ്ങളെല്ലാം പ്രാക്ടിക്കലി പോസിബിൾ ആവുമോ എന്നുള്ള ചിന്തയൊക്കെ സിനിമക്കാരിൽ വരുന്ന കാരണം കൊണ്ടുമായിരിക്കാം വിളികളൊന്നും വരാതെ പോയത്. എന്റെ ഭാഗത്തുനിന്നും സിനിമയ്ക്ക് വേണ്ടിയോ അവസരത്തിനു വേണ്ടിയോ ഫോൺവിളികൾ ഒന്നും സംഭവിച്ചതുമില്ല. അത്തരത്തിൽ ഞാനായിട്ട് ആളുകളെ സമീപിക്കാതെ ഒക്കെ വന്നപ്പോൾ ഗ്യാപ്പ് വീണ്ടും വന്നു. പിന്നെ, ആയിഷ സിനിമ ഒരു നിയോഗം പോലെയാണ് തേടിയെത്തിയത്. ആ സിനിമയുടെ ഫുൾ ഷൂട്ട് ദുബൈയിലായിരുന്നു. ആ സിനിമയുടെ ആളുകൾ വിളിച്ച് കഥാപാത്രത്തെക്കുറിച്ച് എന്നോട് പറഞ്ഞപ്പോൾ എനിക്കിഷ്ടപ്പെട്ടു. മാത്രമല്ല മഞ്ജു ചേച്ചിയോടൊപ്പം ത്രൂഔട്ട് ഒരു കഥാപാത്രം ചെയ്യുക എന്നത് ഭാഗ്യമായിട്ട് തോന്നുന്നു.
• രാധികയെ അറിയാത്തവർക്കും റസിയയെ അറിയാം
എന്നെ റസിയയാക്കി മാറ്റിയ സിനിമയാണ് ക്ലാസ്മേറ്റ്സ്. പലർക്കും ഇപ്പോഴും എന്റെ പേര് അറിയില്ല. കാണുന്ന ആളുകൾ റസിയ എന്ന് വിളിച്ചാണ് അടുത്തേക്ക് ഓടിവരുന്നത്.ഒരുവിധം എല്ലായിടത്തും ഇങ്ങനെ തന്നെയാണ് സംഭവിക്കാറുള്ളത്.ആളുകൾ എന്നെ തിരിച്ചറിയുന്നതും സമീപിക്കുന്നതും ഒക്കെ റസിയയുടെ പേരിലാണ്. പിന്നെ ചിലരൊക്കെ ചോദിക്കും പേര് ഗോപികയല്ലേ എന്നൊക്കെ. ഈയടുത്ത് ആയിഷ സിനിമയുടെ ഷൂട്ട് നടക്കുന്ന സമയത്തു ഞാനും മഞ്ജു ചേച്ചിയും ചേർന്ന് ഷോപ്പിംഗിന് പോയപ്പോൾ കുറച്ചാളുകൾ ഞങ്ങൾക്കടുത്തേക്ക് ഫോട്ടോ എടുക്കാനൊക്കെ വന്നു.അവർക്കും റസിയയെ അറിയാം.പക്ഷേ എന്റെ യഥാർഥ പേര് അറിയില്ല. പേര് ഗോപിക അല്ലേ എന്നവർ ചോദിച്ചു. അപ്പോൾ തൊട്ടടുത്തുനിന്ന മഞ്ജു ചേച്ചി തമാശയോടെ അതേറ്റുപിടിച്ചുകൊണ്ട് പറഞ്ഞു അതുതന്നെയാ എന്ന്.ഇതൊക്കെ തമാശയോടെ ഞാൻ സ്വീകരിക്കാറുള്ളത്. എന്റെ ഇൻസ്റ്റഗ്രാം പബ്ലിക് പ്രൊഫൈലിൽ എനിക്ക് റസിയ എന്ന പേര് ചേർക്കേണ്ടിവന്ന സംഭവം പോലും ഉണ്ടാവാൻ കാരണം ഇതൊക്കെയാണ്.
• ക്ലാസ്മേറ്റ്സ്കാലത്തെ അനുഭവങ്ങൾ
17 വർഷമായി ക്ലാസ്മേറ്റ്സ് പുറത്തുവന്നിട്ട്. ഷൂട്ടിംഗ് അനുഭവങ്ങളൊക്കെ ഒരുപാട് പറയാനുണ്ട്. അന്നത്തെ ആ ലൊക്കേഷനിൽ ഞാൻ ഒഴികെ ബാക്കിയെല്ലാവരും കുറച്ചു ഫെമിലിയറായ, എക്സ്പീരിയൻസ് ഉള്ള ആളുകളായിരുന്നു.എല്ലാവരും ഒരുമിച്ച് ഒരു റിസോർട്ടിൽ ആയിരുന്നു താമസം. രാവിലെ എല്ലാവരും ഒരു ട്രെയിനറെ ഒക്കെ വെച്ച് നല്ല വർക്കൗട്ട് ചെയ്യുമായിരുന്നു. പക്ഷേ എന്നെ ഓടാനോ ചാടാനോ ഒന്നും ആരും സമ്മതിച്ചില്ല. ഇനിയും നീ ചാടുകയും ഓടുകയും ചെയ്താൽ നിന്നെ കാണാൻ കിട്ടില്ല എന്നും പറഞ്ഞു അവിടെയുള്ള എല്ലാവരും കളിയാക്കുമായിരുന്നു. ലൊക്കേഷനിലാണെങ്കിൽ ഫുൾടൈം ഞാൻ പർദ്ദയാണ് ഇടുന്നത്. അതുകൊണ്ടുതന്നെ ഷൂട്ട് തുടങ്ങുന്നതിന് തൊട്ടുമുൻപ് ഞാൻ പർദ്ദ എടുത്തിടും.അവിടെ ഷൂട്ടിങ് കാണാൻ വരുന്ന ആളുകളെല്ലാം എന്നെ വവ്വാൽ എന്നാണ് വിളിച്ചിരുന്നത്. അങ്ങനെ അങ്ങനെ ഒരുപാട് അനുഭവങ്ങൾ ഉണ്ട്.
• ലാൽജോസ് സിനിമയിൽ ഇനിയെപ്പോൾ
ലാൽ ചേട്ടന്റെ ക്ലാസ്മേറ്റ് സിനിമയിലെ റസിയയായതൊക്കെ യാദൃശ്ചികമായി സംഭവിച്ച കാര്യമാണ്. എന്റെ സഹോദരന്റെ സുഹൃത്തായിരുന്നു ലാലുചേട്ടൻ. പക്ഷേ അദ്ദേഹത്തിനു മുമ്പിൽ ഒരിക്കലും അവസരം ചോദിക്കുകയോ, സിനിമയ്ക്ക് വേണ്ടി പുറകെ നടക്കുകയോ ഒന്നും ചെയ്തിട്ടില്ല. എന്നാൽ യാദൃശ്ചികമായി അത് സംഭവിച്ചു. അത്തരം ഒരു കഥാപാത്രം വന്നപ്പോൾ അദ്ദേഹം എന്നെ ഓർമിക്കുകയും, ആ കഥാപാത്രം ഏൽപ്പിക്കുകയും ഞാനത് ചെയ്യുകയും ചെയ്തു. ആ സിനിമയ്ക്ക് ശേഷം പിന്നീടും ഞാൻ അദ്ദേഹത്തോട് അവസരങ്ങൾ ചോദിച്ചിട്ടില്ല. എന്നെക്കൊണ്ട് ചെയ്യിച്ചാൽ കൊള്ളാമെന്നു തോന്നുന്ന ഒരു കഥാപാത്രം അദ്ദേഹത്തിന്റെ കൈകളിൽ എത്തുമ്പോൾ, അദ്ദേഹത്തിന് അങ്ങനെ തോന്നുമ്പോൾ എന്നെ വിളിക്കട്ടെ എന്നാണ് ഞാൻ ആഗ്രഹിക്കുന്നത്. പിന്നെ ഞാൻ പ്രതീക്ഷകളിലൂടെ മുന്നോട്ട് പോകുന്ന ഒരാളല്ല. ഇപ്പോൾ എന്ത് സംഭവിക്കുന്നു എന്നതിൽ ആണ് ഞാൻ ജീവിക്കുന്നത്. എല്ലാം നിയോഗം പോലെ വന്നതാണ്. അവയെല്ലാം ദൈവം തന്നതാണെന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം.
പിന്നെ റസിയക്ക് ശേഷം എനിക്ക് ഏറ്റവും പ്രിയപ്പെട്ട കഥാപാത്രം ഇൻ ഗോസ്റ്റ് ഹൗസ് ഇന്നിലെ മരതകം എന്ന കഥാപാത്രമാണ്. അതിനകത്തെ 15 ദിവസത്തെ ഷൂട്ട് ശരിക്കും ഞാൻ എഫെർട്ട് എടുത്തു ചെയ്ത ഒന്നാണ്. ആ കഥാപാത്രം ആ ലൊക്കേഷൻ ഷൂട്ടിങ് അനുഭവം ഒന്നും മറക്കാൻ പറ്റില്ല. പിന്നെ മലയാളത്തിൽ വേണ്ടത്ര പരിഗണിച്ചില്ല എന്നൊന്നും തോന്നിയിട്ട് കാര്യമില്ല എന്നാണ് ഞാൻ വിശ്വസിക്കുന്നത്.ഇക്കാര്യത്തിൽ സിനിമയുടെ തുടക്കത്തിൽ ചെറിയ സങ്കമൊക്കെ ഉണ്ടായിരിക്കാം. പക്ഷേ ഡിപ്രഷനോ മറ്റു ചിന്തയ്ക്കോ സമയം നൽകാതെ നമ്മൾ നമ്മുടെ കാര്യം നോക്കി സന്തോഷം കണ്ടെത്താൻ പഠിച്ചു.
•മാഘവും ആഷിക് അബുവും
2004- ൽ ആഷിക് അബു സംവിധാനം ചെയ്ത മാഘം എന്ന ആൽബത്തിലാണ് ഏറ്റവും അവസാനം ഞാൻ അഭിനയിക്കുന്നത്. ക്ലാസ്മേറ്റ്സ്നു ഏകദേശം ഒരു വർഷം മുൻപാണ് ഞാനീ ആൽബം ചെയ്യുന്നത്.ആ ആൽബത്തിൽ ഞാൻ ചെയ്ത പാട്ട് നല്ല രസമായിരുന്നു കേൾക്കാൻ. ഉടുമൽപേട്ടായിരുന്നു ആ സോങ്ങിന്റെ ലൊക്കേഷനെല്ലാം. വയൽ സൂര്യകാന്തി തോട്ടം തുടങ്ങി നല്ല ഭംഗിയുള്ള കാഴ്ചകളായിരുന്നു അവിടെയെല്ലാം. ആ വർക്ക് നടക്കുന്ന സമയത്ത് ആഷിക് അബു കമൽ സാറിന്റെ അസിസ്റ്റന്റ് ആണ്.ആ സമയത്തു തന്നെ നമുക്ക് മനസ്സിലാക്കാൻ കഴിഞ്ഞിരുന്നു ഭാവിയിൽ ആഷിക് നല്ലൊരു ഡയറക്ടറായി മാറുമെന്ന്.അതിനുശേഷവും ആഷിഖിന്റെ ഡാഡികൂൾ എന്ന സിനിമയിൽ ഞാൻ അഭിനയിച്ചിട്ടുണ്ട്. അതിലെ മിലിയെന്ന കഥാപാത്രമാണ് ഞാൻ ചെയ്തിട്ടുള്ളത്.
• ഒപ്പന പാട്ടുകളുടെ ഈസ്റ്റ് കോസ്റ്റ് കാലങ്ങൾ
വൺ മൻഷോ എന്ന സിനിമ ചെയ്ത് നിൽക്കുന്ന സമയത്താണ് ഈസ്റ്റ് കോസ്റ്റ് ആൽബത്തിലേക്ക് എന്നെ അഭിനയിക്കാനായി വിളിക്കുന്നത്. ഒരു മുസ്ലിം ഒപ്പനപ്പാട്ട് ഒപ്പനയായി തന്നെ ഷൂട്ട് ചെയ്യുന്നു എന്നതായിരുന്നു എനിക്ക് കിട്ടിയ ഉള്ളടക്കം. പിന്നെ പാട്ടുകൾ കേൾക്കാൻ ആർക്കാണ് ഇഷ്ടമല്ലാത്തത്. സ്കൂളിൽ പഠിക്കുമ്പോൾ ഞാൻ മണവാട്ടിയായൊക്കെയായി ഒപ്പനകളിൽ പങ്കെടുത്തിട്ടുമുണ്ട്. അതുകൊണ്ട് ഞാൻ ആ വർക്കിന് സമ്മതിച്ചു. അങ്ങനെയാണ് ആൽബത്തിലെ പാൽനിലാപുഞ്ചിരി എന്ന പാട്ട് ഒക്കെ ചെയ്തു. അതിനുശേഷം ആ പാട്ടുമായി റിലേറ്റ് ചെയ്തു ഞാൻ ഗൾഫ് നാടുകളിൽ ഒക്കെ ഷോ ചെയ്തിട്ടുണ്ട്. ഈസ്റ്റ് കോസ്റ്റിന് വേണ്ടി ഒരുപാട് പാട്ടുകളൊന്നും ചെയ്തിട്ടില്ല. ഒരു നാലഞ്ചു പാട്ടുകൾ മാത്രമാണ് ചെയ്തത്. പക്ഷേ അതെല്ലാം ഹിറ്റ് ആയതുകൊണ്ട് തന്നെ ആ പാട്ടുകളിലൂടെ നായികയായി അറിയപ്പെട്ടു.ഞാനൊരു മ്യൂസിക് ഫാനാണ്. അതിനാൽ തന്നെ ആ ഗാനം ഒക്കെ വളരെ ആസ്വദിച്ചാണ് ഞാൻ അഭിനയിച്ചത്.
• ആയിഷയും മഞ്ജു ചേച്ചിയും
ആയിഷ സിനിമയിൽ എനിക്ക് ഏകദേശം 45 ദിവസത്തോളം ഷൂട്ട് ഉണ്ടായിരുന്നു. അതിൽ തന്നെ ഏറ്റവും കൂടുതൽ സീനുകൾ മഞ്ജു ചേച്ചിയോടൊപ്പമായിരുന്നു. പിന്നെ വിവിധ ഭാഷകളിലുള്ള ആളുകൾ ആയിഷ സിനിമയിലുണ്ട്. അതിൽ പലർക്കും മലയാളം അറിയില്ല, ലൊക്കേഷനിൽ വച്ച് അവർ മലയാളം പഠിക്കുന്നുണ്ടായിരുന്നു . കൂടെ വർക്ക് ചെയ്യുന്ന മറ്റു അന്യഭാഷ നടന്മാരോട് ക്ലാസ്മേറ്റ്സിലെ എന്റെ കഥാപാത്രത്തെക്കുറിച്ച് ഒപ്പമുള്ളവർ പരിചയപ്പെടുത്തി കൊടുത്തിരുന്നത് ആ ലൊക്കേഷനിൽ വെച്ചാണ് . അതൊക്കെ രസകരമായ അനുഭവമായിരുന്നു. ആയിഷ സിനിമയിൽ അക്കീഫ് എന്ന് പറയുന്ന കഥാപാത്രം ചെയ്ത പയ്യൻ അവസാനം മലയാളം പഠിച്ചു എന്നുമാത്രമല്ല അവൻ ക്ലാസ്മേറ്റ്സിലെ ഡയലോഗുകൾ കൂടി പറയാൻ തുടങ്ങി. ഇതൊക്കെ വളരെ മനോഹരമായ ഓർമ്മകളാണ്. കൂട്ടത്തിൽ മഞ്ജു ചേച്ചിയോടൊപ്പമുള്ള നിമിഷങ്ങൾ ഞാൻ ഒരുപാട് ആസ്വദിച്ചിരുന്നു. ഒരുപാട് വർഷമായി ഞാൻ കാണണം എന്നാഗ്രഹിച്ച വ്യക്തിയാണ് മഞ്ജു ചേച്ചി. ആഗ്രഹിച്ച സമയത്തൊന്നും എനിക്ക് ചേച്ചിയെ കാണാനോ, അവരോടൊപ്പം സമയം ചിലവഴിക്കാനോ കഴിഞ്ഞിട്ടില്ല. അതുകൊണ്ടുതന്നെ ഇത് എന്തോ ഭാഗ്യം പോലെ സംഭവിച്ച ഒന്നായിട്ടാണ് ഞാൻ കാണുന്നത്. ഷൂട്ടിന്റെ സമയത്ത് പോലും ചില സീനുകളിൽ ഞങ്ങളുടെ കഥാപാത്രത്തെ ഞാൻ മറന്നു പോവുകയും അതോടൊപ്പം തന്നെ തൊട്ട് മുൻപിൽ നിൽക്കുന്നത് മഞ്ജുവാര്യർ ആണല്ലോ എന്ന അത്ഭുതം എന്റെ മനസ്സിലേക്ക് കടന്നു വരികയും ചെയ്തിട്ടുണ്ട് . ഒരു സീനിൽ വളരെ നീണ്ട പറയേണ്ട സാഹചര്യത്തിൽ അത് ഒറ്റ ഷോട്ടിൽ, ഒറ്റ ടേക്കിൽ തീർക്കണം എന്നതായിരുന്നു എന്റെ മുൻപിലെ ടാസ്ക്. അതുകൊണ്ടുതന്നെ ആ സംഭാഷണം മുഴുവനും കാണാതെ പഠിച്ച് ദൈവമേ കാത്തോളണേ എന്ന പ്രാർഥനയോടെയാണ് ചെയ്തുതീർത്തത്. ഒറ്റ ടേക്കിൽ ആ സീൻ ഓക്കെ ആയി. അതു നല്ല പോലെ ചെയ്യാൻ പറ്റി. അത് കഴിഞ്ഞശേഷം മഞ്ജു ചേച്ചി എന്നോട് പറഞ്ഞു ഞാൻ ശരിക്കും ഒരു കഥ കേൾക്കുന്നതുപോലെയാണ് നീ പറഞ്ഞ ആ ഡയലോഗ് കേട്ടു നിന്നതെന്ന്. അത്തരം അഭിപ്രായമൊക്കെ എനിക്ക് ഒരുപാട് സന്തോഷം തരുന്നവയായിരുന്നു. അതുപോലെ ഒരു ദിവസം ഞാൻ പർദ്ദയിട്ട് നിൽക്കുമ്പോൾ അങ്ങോട്ട് വന്ന മഞ്ജു ചേച്ചി എന്നെ കണ്ടു റസിയ എന്ന് വിളിച്ചു അടുത്തേക്ക് വന്നു. അത്തരം നിമിഷങ്ങൾ ഒക്കെ എനിക്ക് കൂടുതൽ കൂടുതൽ സന്തോഷം തരുന്നവയാണ്.
• ദുബായ് ലൈഫ് ചിൽ ആണ്
ദുബായ് എനിക്ക് വളരെ ഇഷ്ടപ്പെട്ട ഒരു സ്ഥലമാണ്. എന്റെ ബ്രദർ ഇവിടെ ആയതുകൊണ്ട് വിവാഹത്തിന് മുൻപേയും ഞാൻ ഇടയ്ക്കിടയ്ക്ക് ദുബായിൽ വരുമായിരുന്നു. ആ ഒരു അടുപ്പം ഈ നാടിനോട് അക്കാലങ്ങളിൽ തന്നെയുണ്ട്. അതുകൊണ്ടുതന്നെ ദുബായിൽ നിന്നും ഒരു പയ്യൻ വിവാഹം കഴിക്കാൻ വരുന്നു എന്ന് പറഞ്ഞപ്പോൾ സന്തോഷമാണ് തോന്നിയത്. ഇവിടെ ഏതു പാതിരാത്രിയും നമുക്ക് വെളിയിലിറങ്ങി നടക്കാൻ കഴിയും.ആ ഒരു വിശ്വാസവും, സുരക്ഷയിലുള്ള ഉറപ്പും കൊണ്ട് തന്നെയാണ് ഈ നഗരം ഏറെ പ്രിയപ്പെട്ടതായി മാറുന്നത്. അതുപോലെതന്നെ എല്ലാ ദിവസവും എന്തെങ്കിലും ഒരു സർപ്രൈസ് ഇവിടെ ഉണ്ടായിരിക്കും. ഇവിടെ റോഡിൽ നടുന്ന പൂക്കൾ വരെ നമുക്ക് ഒരു സർപ്രൈസ് ആണ്.ഒരുപാട് ഇഷ്ടമാണ് ദുബായ്. പിന്നെ എന്റെ പാർട്ണർ അടിപൊളി ആയതുകൊണ്ട് തന്നെ എപ്പോഴും കറക്കം ഒക്കെയായി ഞങ്ങൾ നന്നായി എൻജോയ് ചെയ്യുന്നുണ്ട് ഇവിടുത്തെ ലൈഫ്.
• വരും പ്രോജക്ടുകൾ
നിലവിൽ ഞാൻ ഒരു വർക്കും കമ്മിറ്റ് ചെയ്തിട്ടില്ല. എനിക്ക് മാനസികമായി അടുപ്പം തോന്നുന്ന കഥാപാത്രങ്ങൾ വന്നാൽ തീർച്ചയായും അത്തരം കഥാപാത്രങ്ങൾ ഞാൻ ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.