ആദിപുരുഷിലെ ഹനുമാന്റെ സംഭാഷണങ്ങൾ എന്താണ് ഇങ്ങിനെ? ട്രോളുകൾക്ക് മറുപടിയുമായി ഡയലോഗ് റൈറ്റർ
text_fieldsഓം റൗട്ടിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ആദിപുരുഷ് പുറത്തിറങ്ങിയതുമുതൽ ട്രോളുകളിൽ മുങ്ങുകയാണ്. വെള്ളിയാഴ്ച്ച തിയേറ്ററുകളിലെത്തിയ ചിത്രം ബോക്സോഫീസ് ദുരന്തമാകുമെന്നാണ് പുറത്തുവരുന്ന സൂചനകൾ.. പ്രഭാസ്, കൃതി സനോൺ, സെയ്ഫ് അലി ഖാൻ, സണ്ണി സിങ്ങ്, ദേവ്ദത്ത് നാഗെ എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തിലെ വിഎഫ്എക്സ്, ഡയലോഗുകൾ തുടങ്ങിയവയാണ് വലിയ രീതിയിലുള്ള പരിഹാസത്തിന് ഇരയാകുന്നത്.
ചിത്രത്തിലെ ഹനുമാന്റെ സംഭാഷണങ്ങൾ വളരെ പ്രാദേശികമായി പോയെന്നും വിമർശനമുണ്ട്. ദേശീയ പുരസ്കാര ജേതാവായ മനോജ് മുന്താഷീർ ആണ് ആദിപുരുഷിന്റെ സംഭാഷണങ്ങൾ എഴുതിയത്. ഇപ്പോഴിതാ വിമർശനങ്ങളോട് പ്രതികരിച്ചിരിക്കുകയാണ് അദ്ദേഹം. റിപബ്ലിക് വേൾഡിനു മനോജ് നൽകിയ അഭിമുഖത്തിലാണ് ഇതു സംബന്ധിച്ചുള്ള ചോദ്യം ഉയർന്നത്.
ഹനുമാന്റെ സംഭാഷണങ്ങൾ വളരെ ലളിതമാക്കിത് താങ്കളുടെ ഭാഗത്തു നിന്നുണ്ടായ തെറ്റാണോ അതോ പ്രേക്ഷകർകരിലേക്ക് കൂടുതൽ അടുപ്പമുണ്ടാക്കാനാണോ എന്നായിരുന്നു ചോദ്യം. ഹനുമാന്റെ സംഭാഷണങ്ങൾ എഴുതിയത് വളരെയധികം ശ്രദ്ധ കൊടുത്താണെന്നാണ് മനോജ് പറയുന്നത്. ‘വളരെയധികം ശ്രദ്ധയെടുത്താണ് ഹനുമാന്റെ സംഭാഷണങ്ങൾ എഴുതിയത്. ഒരു ചിത്രത്തിലെ എല്ലാ കഥാപാത്രങ്ങൾക്കും ഓരേ രീതിയിൽ സംസാരിക്കാൻ സാധിക്കില്ല. അതുകൊണ്ടാണ് അത്രയും ലളിതമാക്കിയതെന്ന് മനസ്സിലാക്കണം’-മനോജ് പറഞ്ഞു.
‘കഥ പറയൽ എന്നത് നമ്മുടെ പാരമ്പര്യത്തിന്റെ ഭാഗമാണ്. അത്തരത്തിൽ കഥകൾ നിറഞ്ഞ ഒരു ഗ്രസ്ഥമാണ് രാമായണം. നമ്മളെല്ലാവരും എങ്ങനെയാണ് രാമായണത്തെ കുറിച്ച് അറിഞ്ഞത്. കുട്ടികാലം മുതൽക്കെ നമ്മൾ രാമായണം കേൾക്കുന്നു. ഈ ഭാഷയിലാണ് എന്റെ ചെറുപ്പത്തിൽ രാമായണ കഥകൾ പറഞ്ഞു തന്നിരുന്നത്. ഞാൻ ഒരു ചെറിയ ഗ്രാമത്തിൽ ജനിച്ചു വളർന്നയാളാണ്. നിങ്ങൾ തെറ്റ് ചൂണ്ടികാണിക്കുന്ന സംഭാഷണങ്ങൾ വലിയ മഹാൻമാർ പറഞ്ഞവയാണ്. കഥകൾ പറയുന്നവർ ധാരാളമായി ഇത് ഉപയോഗിച്ചിട്ടുണ്ട്. ഞാനല്ല ഈ സംഭാഷണം ആദ്യമായി എഴുതുന്നത്’-മനോജ് പറയുന്നു. സംസ്കൃതം കലർത്തി എഴുതാമായിരുന്നില്ലേ എന്ന ചോദ്യത്തിന് അങ്ങനെ ചെയ്യാൻ തങ്ങൾ ഉദ്ദേശിച്ചിരുന്നില്ല എന്നതായിരുന്നു മറുപടി.
വിമർശിക്കപ്പെട്ട സംഭാഷണങ്ങൾ മാറ്റും
തുടക്കത്തിൽ സംഘ്പരിവാർ ഏറ്റെടുക്കുകയും പിന്നീട് തള്ളിപ്പറയുകയുംചെയ്ത സിനിമ ‘ആദിപുരുഷി’ലെ വിമർശിക്കപ്പെട്ട സംഭാഷണങ്ങൾ മാറ്റുമെന്ന് തിരക്കഥാകൃത്ത് മനോജ് ശുക്ല മുന്താഷിർ.
‘എല്ലാവരുടെയും വികാരത്തെ മാനിക്കുക എന്നതാണ് രാമകഥയിൽനിന്ന് പഠിച്ച ആദ്യപാഠം. തെറ്റോ ശരിയോ എന്തുമാകട്ടെ, കാലംമാറും പക്ഷേ, വികാരങ്ങൾ അങ്ങനെതന്നെ നിലനിൽക്കും. ആദിപുരുഷിന് വേണ്ടി എഴുതിയ 4000 വരികളിൽ അഞ്ചു വരികൾ പലരേയും വേദനിപ്പിച്ചു. രാമന്റെ മഹത്ത്വത്തെയും സീതയുടെ പരിശുദ്ധിയെയും വാഴ്ത്തിയ വരികൾക്ക് പക്ഷേ, അർഹിച്ച പ്രശംസ കിട്ടിയുമില്ല’ -മനോജ് ട്വിറ്ററിൽ കുറിച്ചു.
സംഭാഷണങ്ങളിൽ മാറ്റംവരുത്താൻ സംവിധായകനും നിർമാതാവും തയാറാണെന്നും ഈ ആഴ്ചതന്നെ മാറ്റംവരുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.