എന്നെപ്പോലെയുള്ളവർ പ്രതീക്ഷിക്കുന്ന സിനിമ- ഗ്രേറ്റ് ഇന്ത്യൻ കിച്ചനെക്കുറിച്ച് അടൂർ ഗോപാലകൃഷ്ണൻ
text_fieldsതിരുവനന്തപുരം: അടുത്തിടെ ഏറ്റവും കൂടുതൽ ചർച്ചയായ ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ എന്ന സിനിമയെക്കുറിച്ചുള്ള അഭിപ്രായങ്ങൾ പങ്കുവെച്ച് പ്രമുഖ സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ. പതിവ് രീതിയിൽ നിന്നും മാറിയുള്ള സിനിമയാണ് ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചനെന്നും തന്നെപ്പോലുള്ളവർ ആഗ്രഹിക്കുന്നത് ഇത്തരത്തിലുള്ള സിനിമകളാണെന്നും ഫേസ്ബുക്കിൽ പങ്കുവെച്ച വീഡിയോയിലൂടെ അദ്ദേഹം പറഞ്ഞു.
മഹാനായ ചലച്ചിത്രകാരന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ മഹത്തായ അടുക്കളയെക്കുറിച്ച് സംസാരിക്കുന്നു. ഞങ്ങള്‍ക്ക് ഇതൊരു വലിയ അംഗീകാരമാണ് എന്നാണ് അടൂർ ഗോപാലകൃഷ്ണനന്റെ വീഡിയോ ഫേസ്ബുക്കിൽ പങ്കുവെച്ചുകൊണ്ട് സംവിധായകൻ ജിയോ ബേബി കുറിച്ചിരിക്കുന്നത്.
'ചർവിത ചർവ്വണം ചെയ്ത രീതികളിൽ നിന്നും മാറി പുതുതായി എന്തെങ്കിലും മലയാള സിനിമയിൽ ഉണ്ടാവണമെന്ന് ആഗ്രഹമുണ്ട്. അത്തരത്തിൽ മാറ്റങ്ങൾ വരുന്നതിൽ സന്തോഷമുണ്ട്. കല്യാണം കഴിച്ചുക്കൊണ്ട് വന്ന പെൺകുട്ടിയെ വീട്ടിലെ അടുക്കളയിൽ ഒതുക്കുന്ന പ്രവണത. അത് സ്വാഭാവികമാണെന്നാണ് വീട്ടുകാർ കരുതുന്നത്. ആ വീട്ടിലെ അമ്മ ഈ രീതിയോട് മെരുകി കഴിഞ്ഞിരിക്കുന്നു. ഭർത്താവിന്റെയും അച്ഛന്‍റെയും മുഖത്തേയ്ക്കു അഴുക്കു വെള്ളം ഒഴിക്കുന്ന രംഗമാണ് എനിക്ക് ഏറ്റവും ഇഷ്ടപെട്ടത്. നമ്മൾ ജീവിക്കുന്നത് ചെറിയൊരു കാലയളവിലാണ്. അത് നമ്മുക്ക് ഇഷ്ടപെട്ടത് ചെയ്ത് ജീവിക്കുകയാണ് വേണ്ടത്. ചിലരൊക്കെ പറയുന്നുണ്ട്, ആ വീട്ടിൽ നിന്നുകൊണ്ട് ആ അച്ഛനെയും മകനെയും നന്നാക്കുകയാണ് ചെയ്യേണ്ടതെന്ന്. എന്നാൽ അവരുടെ ജീവിതം ആ അടുക്കളയിൽ അവസാനിപ്പിക്കേണ്ട കാര്യമില്ല.' അദ്ദേഹം പറഞ്ഞു.
സിനിമയുടെ അവസാനഭാഗത്ത് ചെളിവെളളം ഒഴിച്ച് പെൺകുട്ടി ഇറങ്ങിപ്പോകുന്നതാണ് തന്നെ ഏറെ ആകർഷിച്ചതെന്നും അടൂർ ഗോപാലകൃഷ്ണൻ പറഞ്ഞു. ഇനിയും മാറിയിട്ടില്ലാത്ത പുരുഷന്മാരുടെ രീതിയെക്കുറിച്ചാണ് സിനിമയിൽ ചർച്ച ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.