ജോജു, നരേൻ, ഷറഫുദ്ദീൻ എന്നിവർ ആദ്യമായി ഒന്നിക്കുന്ന ബിഗ് ബജറ്റ് ചിത്രം അദൃശ്യത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്
text_fieldsജോജു ജോർജ്, നരേൻ, ഷറഫുദ്ദീൻ എന്നിവർ ആദ്യമായി ഒന്നിക്കുന്ന ബിഗ് ബജറ്റ് ചിത്രം അദൃശ്യത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ടൈറ്റിൽ മോഷൻ പോസ്റ്ററും പുറത്തു വിട്ടു
ഫോറൻസിക്, കള എന്നീ സൂപ്പർ ഹിറ്റ് ചിത്രങ്ങളുടെ ബാനർ ആയ ജുവിസ് പ്രൊഡക്ഷന്സിനോട് ചേർന്ന്, യു എ എൻ ഫിലിം ഹൗസ് , എ.എ.എ.ആർ പ്രൊഡക്ഷൻസ് എന്നിവർ സംയുക്തമായി നിർമ്മിച്ച് നവാഗത സംവിധായകൻ സാക് ഹാരിസ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രത്തിന്‍റെ വ്യത്യസ്തമായ ഫസ്റ്റ് ലുക്ക് ടൈറ്റിൽ പോസ്റ്ററും, മോഷൻ പോസ്റ്ററും മലയാളത്തിലെ സൂപ്പർ താരങ്ങളുടെ ഫേസ്ബുക്ക് പേജിലൂടെ പുറത്തു വിട്ടു.
ജോജു ജോർജ് , നരേൻ, ഷറഫുദ്ദീൻ , പവിത്ര ലക്ഷ്മി , ആത്മീയ രാജൻ എന്നിവർ പ്രാധാന വേഷങ്ങളിൽ എത്തുന്ന 'അദൃശ്യം' എന്ന ഈ ചിത്രത്തിലൂടെ കായൽ ആനന്ദി ആദ്യമായി മലയാളത്തിൽ അഭിനയിക്കുന്നു.
നവാഗതനായ സാക് ഹാരിസിൻെറ സംവിധാനത്തിൽ തെന്നിന്ത്യയിലെ ഒട്ടനവധി പ്രധാന താരങ്ങളാണ് ചിത്രത്തിൽ അണിനിരക്കുന്നത്. പ്രമുഖ താരങ്ങളായ പ്രതാപ് പോത്തൻ, ജോൺ വിജയ്, മുനിഷ്കാന്ത്, സിനിൽ സൈൻയുദീൻ ,വിനോദിനി, അഞ്ജലി റാവു, ബിന്ദു സഞ്ജീവ്, തുടങ്ങിയവരും സിനിമയിൽ പ്രധാന കഥാപാത്രങ്ങളായുണ്ട്.
പാക്ക്യരാജ് രാമലിംഗം തിരക്കഥ ഒരുക്കിയ ഈ ചിത്രത്തിന് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് പുഷ്പരാജ് സന്തോഷ് ആണ്. രഞ്ജിൻ രാജ് സംഗീത സംവിധാനവും ഡോൺ വിൻസന്റ് പശ്ചാത്തല സംഗീതവും ഒരുക്കുന്നു.
ഇതേ ബാനറിന്‍റെ കീഴിൽ സാക് ഹാരിസ് സംവിധാനം ചെയ്യുന്ന തമിഴ് ചിത്രത്തിൽ പാരിയേറും പെരുമാൾ ഫെയിം കതിറിനൊപ്പം കൈതിയുടെ വൻ വിജയത്തിന് ശേഷം നരെയ്‌നും, കർണ്ണനിൽ മികച്ച പ്രകടനം കാഴ്ച വച്ച നട്ടി നടരാജനും അണിനിരക്കുന്നു.
ഏറെ വെല്ലുവിളികൾ നിറഞ്ഞ ലോക്‌ഡോൺ കാലഘട്ടത്തിൽ കോവിഡ് മാനദണ്ഡങ്ങൾ പൂർണ്ണമായും പാലിച്ചു കൊണ്ട് ചെന്നൈ പോണ്ടിച്ചേരി എന്നിവിടങ്ങളിൽ ആണ് ഈ ദ്വിഭാഷാ ചലച്ചിത്രം ചിത്രീകരിച്ചത്.
ഈ സിനിമയുടെ സാമൂഹിക പശ്ചാത്തലം ചെന്നൈയാണ്. എന്നാൽ ഈ കഥ മലയാളത്തിനും സ്വീകാര്യമാകുമെന്നതുകൊണ്ടാണ് ഒരേ സമയം തമിഴിലും മലയാളത്തിലും ചെയ്തതെന്ന് സംവിധായകൻ സാക് ഹാരിസ് പറഞ്ഞു. സിനിമയുടെ ആത്മാവ് നഷ്ടപ്പെടാതിരിക്കാനാണ് ഡബ് ചെയ്യുന്നതിന് പകരം ഒരേ സമയം രണ്ട് ഭാഷയിൽ വിത്യസ്തരായ താരങ്ങളെ വെച്ച് സിനിമ ചെയ്തതെന്ന് സംവിധായകൻ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.