20 വർഷത്തിനു ശേഷം ഉദയഭാനുവും സരോജ്കുമാറും വീണ്ടും എത്തുന്നു; 'ഉദയനാണ് താരം' റീ റിലീസിനൊരുങ്ങുന്നു
text_fieldsമലയാള സിനിമാലോകത്തെ ഹാസ്യാത്മകവും അതേസമയം ചിന്തിപ്പിക്കുന്നതുമായി അവതരിപ്പിച്ച് വൻവിജയം നേടിയ ചിത്രമായിരുന്നു റോഷൻ ആൻഡ്രൂസ്- മോഹൻലാൽ- ശ്രീനിവാസൻ കൂട്ടുകെട്ടിലെത്തിയ 'ഉദയനാണ് താരം'. സിനിമയ്ക്കുള്ളിലെ സിനിമയുടെ കഥ പറഞ്ഞ ചിത്രം കാൾട്ടൺ ഫിലിംസിൻ്റെ ബാനറിൽ സി.കരുണാകരനാണ് നിർമിച്ചിരിക്കുന്നത്. മോഹൻലാലിനൊപ്പം ശ്രീനിവാസനും പ്രധാന വേഷത്തിലെത്തിയ സിനിമ മലയാളത്തിലെ എക്കാലത്തെയും മികച്ച സിനിമയായിട്ടാണ് കണക്കാക്കപ്പെടുന്നത്. ഉദയഭാനുവിന്റെയും സരോജ്‌കുമാർ എന്ന രാജപ്പന്റെയും സിനിമയിലൂടെയുള്ള യാത്രയെ വളരെ മികച്ചതായിട്ടായിരുന്നു റോഷൻ ആൻഡ്രൂസ് അവതരിപ്പിച്ചത്. ബോക്സ് ഓഫീസിൽ മികച്ച വിജയം നേടിയ സിനിമ 20 വർഷത്തിന് ശേഷം റീ റിലീസ് ചെയ്യാനൊരുങ്ങുകയാണ്. ഫെബ്രുവരിയിൽ ചിത്രം 4K ദൃശ്യ മികവോടെ തിയറ്ററുകളിൽ എത്തുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു.
ദീപക് ദേവിൻ്റെ സംഗീതത്തിൽ വിനീത് ശ്രീനിവാസൻ പാടിയ "കരളേ, കരളിന്റെ കരളേ" എന്ന ഗാനം ഉൾപ്പടെ ചിത്രത്തിലെ ഗാനങ്ങളും ഏറെ പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയവയാണ്. മികച്ച നവാഗത സംവിധായകന്‍, മികച്ച നൃത്തസംവിധാനം എന്നിവക്കുള്ള സംസ്ഥാന ചലച്ചിത്ര അവാർഡുകൾ ഉൾപ്പടെ നിരവധി പുരസ്കാരങ്ങളുമായി മികച്ച പ്രേക്ഷക നിരൂപക ശ്രദ്ധ നേടിയ ചിത്രവുമാണ് "ഉദയനാണ് താരം". മോഹൻലാലിൻ്റെ സിനിമകളായ സ്ഫടികവും, മണിച്ചിത്രത്താഴും, ദേവദൂതനും നേരത്തെ റീ റിലീസ് ചെയ്ത് തിയേറ്ററിൽ നിന്ന് മികച്ച പ്രതികരണങ്ങളും കളക്ഷനും നേടിയിരുന്നു. റീ റിലീസായെത്തിയ ചിത്രങ്ങൾ നേടുന്ന വിജയം കൂടുതൽ ക്‌ളാസ്സിക് ചിത്രങ്ങളെ വീണ്ടും തീയേറ്ററുകളിൽ എത്തിക്കാൻ പ്രചോദനമാകുന്നു എന്ന് നിർമാതാവ് സി.കരുണാകരൻ പറയുന്നു.
ശ്രീനിവാസൻ ആണ് ചിത്രത്തിന്റെ തിരക്കഥ. സഹസംവിധായകനായ ഉദയാഭാനുവായിരുന്നു ചിത്രത്തില്‍ മോഹൻലാല്‍. രാജപ്പൻ തെങ്ങുമ്മൂടെന്ന മറ്റൊരു കഥാപാത്രം ചിത്രത്തില്‍ ശ്രീനിവാസൻ അവതരിപ്പിച്ചു. സരോജ് കുമാറായി മാറുന്ന കഥാപാത്രമായിരുന്നുവിത്. ജഗതി ശ്രീകുമാർ പച്ചാളം ഭാസിയായുള്ള തകർപ്പൻ പ്രകടനം കാഴ്ചവച്ച സിനിമയിൽ മോഹൻലാലിന്റെ നായികയായി മീന എത്തിയപ്പോൾ മുകേഷ്, സലിംകുമാര്‍, ഇന്ദ്രൻസ്, ഭാവന എന്നിവരും വേഷമിട്ടിട്ടുണ്ട്. ഛായാഗ്രാഹണം നിര്‍വഹിച്ചത് എസ് കുമാറാണ്. ഗാനരചന കൈതപ്രം നിര്‍വഹിച്ചപ്പോള്‍ പശ്ചാത്തല സംഗീതം ഔസേപ്പച്ചനും നിർവഹിച്ചു. എ. കെ സുനിലിന്‍റെ നേതൃത്വത്തിലുള്ള ന്യൂ സൂര്യ ഫിലിംസ് ആണ് ചിത്രത്തിൻ്റെ ഡിസ്ത്രിബ്യൂഷൻ കൈകാര്യം ചെയ്യുന്നത്. എഡിറ്റർ: രഞ്ജൻ എബ്രഹാം, എക്സിക്യൂട്ട് പ്രൊഡ്യൂസർ: കരീം അബ്ദുള്ള, ആർട്ട്: രാജീവൻ, പ്രൊഡക്ഷൻ കൺട്രോളർ: ആൻ്റോ ജോസഫ്, മേക്കപ്പ്: പാണ്ഡ്യൻ, കോസ്റ്റ്യൂംസ്: സായി, ഓഫീസ് ഇൻചാർജ്: ബിനീഷ് സി കരുൺ, മാർക്കറ്റിങ് ഹെഡ്ഡ്: ബോണി അസനാർ, ക്രിയേറ്റീവ് കോൺട്രിബ്യൂഷൻ: മദൻ മേനോൻ, ഡിജിറ്റൽ മാർക്കറ്റിംഗ്: ഹൈ സ്റ്റുഡിയോസ്, സ്റ്റിൽസ്: മോമി & ജെപി, ഡിസൈൻസ്: പ്രദീഷ് സമ, പി.ആർ.ഓ: പി.ശിവപ്രസാദ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.