പത്താൻ ചിത്രം ബഹിഷ്കരിക്കണമെന്ന് പറയുന്നവരോട് ഷാരൂഖ് ഖാൻ; ചിലരുടെ ഇടുങ്ങിയ കാഴ്ചപ്പാടുകൾ ചിന്തകളെ പരിമിതപ്പെടുത്തും!
text_fieldsഷാരൂഖ് ഖാൻ ചിത്രമായ പത്താൻ വിവാദങ്ങളുടെ അകമ്പടിയോടെയാണ് തിയറ്ററുകളിൽ എത്തുന്നത്. ചിത്രത്തിലെ ബേഷരംഗ് എന്ന് തുടങ്ങുന്ന ഗാനം പുറത്തു വന്നതിന് പിന്നാലെയാണ് വിവാദങ്ങൾ പൊട്ടിപ്പുറപ്പെട്ടത്. ഗാനം രംഗം മോശമാണെന്നും സിനിമ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ഒരു വിഭാഗം ആളുകൾ രംഗത്ത് എത്തിയിട്ടുണ്ട്.
പത്താനെതിരെ ബഹിഷ്കരണാഹ്വാനം ശക്തമാകുമ്പോൾ ചിത്രത്തിനെതിരെ ഉയരുന്ന വിവാദങ്ങളിൽ ആദ്യമായി പ്രതികരിച്ച് ഷാരൂഖ് ഖാൻ. കൊൽക്കത്തയിൽ നടക്കുന്ന അന്താരാഷ്ട്ര ചലച്ചിത്ര മേളയിലായിരുന്നു നടൻ തന്റെ നിലപാട് വ്യക്തമാക്കിയത്. ഇന്നത്തെ കാലത്ത് സമൂഹമാധ്യമങ്ങളുടെ വ്യാപനം സിനിമയെ മോശമായി ബാധിക്കുമെന്ന് പലരും പറയാറുണ്ട്. എന്നാൽ അതിനപ്പുറം സമൂഹത്തിൽ സിനിമക്ക് പ്രധാന്യമുണ്ടെന്ന് ഷാരൂഖ് ഖാൻ പറഞ്ഞു.
മനുഷ്യരുടെ വികാരപ്രകടനങ്ങൾക്കുള്ള സ്ഥലമായി മാറുകയാണ് സോഷ്യൽ മീഡിയ. സമൂഹമാധ്യമങ്ങളുടെ വ്യാപനം സിനിമ മേഖലയെ ദോഷകരമായി ബാധിക്കുമെന്ന് പലരും പറയാറുണ്ട്. എന്നാൽ ഇന്നത്തെ കാലത്ത് സമൂഹത്തിൽ സിനിമക്ക് ഏറെ പ്രധാന്യമുണ്ടെന്നാണ് ഞാൻ വിശ്വസിക്കുന്നത്.
ഇടുങ്ങിയ ചില കാഴ്ചപ്പാടുകൾ ചിലർ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും അത് മനുഷ്യരുടെ ചിന്തകളെ പരിമിതപ്പെടുത്തുകയും ചെയ്യുന്നു. ചില അവസരങ്ങളിൽ സങ്കുചിതമായ കാഴ്ചപ്പാടുകളാണ് സോഷ്യൽ മീഡിയയെ നയിക്കുന്നത്. അത്തരക്കാരുടെ വാക്കുകൾ പൊതു അഭിപ്രായം രൂപപ്പെടുത്തുന്നു. അങ്ങനെ ഒരിക്കലും ചെയ്യരുത്. ലോകം എന്തു തന്നെ ചെയ്താലും പോസിറ്റീവായിരിക്കും- ഷാരൂഖ് ഖാൻ ചലച്ചിത്ര മേളയിൽ പറഞ്ഞു.
2023 ജനുവരി 25നാണ് പത്താൻ തിയറ്ററുകളിൽ എത്തുന്നത്. സിദ്ധാർഥ് ആനന്ദ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ദീപിക പദുകോൺ, ജോൺ എബ്രഹാം എന്നിവരും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.