മണിരത്നം - കമൽഹാസൻ ചിത്രം ‘തഗ് ലൈഫ്’; ദുൽഖറിന് പിന്നാലെ ഒരു സൂപ്പർതാരം കൂടി പിന്മാറി
text_fields36 വർഷങ്ങൾക്ക് ശേഷം ഉലകനായകൻ കമൽഹാസനും വിഖ്യാത സംവിധായകൻ മണിരത്നവും ഒരുമിക്കുന്ന ബ്രഹ്മാണ്ഡ സിനിമയാണ് തഗ് ലൈഫ്. പ്രഖ്യാപന സമയത്ത് ചിത്രത്തിൽ വമ്പൻ താരനിരയായിരുന്നു ഉണ്ടായിരുന്നത്. മലയാളത്തിൽ നിന്ന് ദുൽഖർ സൽമാൻ, ജോജു ജോർജ്, ഐശ്വര്യ ലക്ഷ്മി, തമിഴിൽ നിന്ന് ജയം രവി, തൃഷ, അഭിരാമി, നാസർ, ഗൗതം കാർത്തിക് എന്നിവരായിരുന്നു പ്രധാന വേഷങ്ങളിലുണ്ടായിരുന്നത്.
രാജ് കമൽ ഫിലിംസ് ഇൻ്റർനാഷണൽ, മദ്രാസ് ടാക്കീസ്, റെഡ് ജയൻ്റ് മൂവീസ് എന്നിവയുടെ ബാനറിൽ കമൽഹാസൻ, ആർ മഹേന്ദ്രൻ, മണിരത്‌നം, ശിവ അനന്ത് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. രവി കെ ചന്ദ്രൻ ഛായാഗ്രഹണവും എ ശ്രീകർ പ്രസാദ് എഡിറ്റിംഗും നിർവഹിക്കുന്ന ചിത്രത്തിന് എ ആർ റഹ്മാനാണ് സംഗീതം ഒരുക്കുന്നത്. കമൽഹാസൻ്റെ സഹകരണത്തോടെ മണിരത്‌നമാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.
പിന്മാറി താരങ്ങൾ
ചിത്രവുമായി ബന്ധപ്പെട്ട് പുറത്തുവന്ന ഏറ്റവും വലിയ അപ്ഡേറ്റുകളിലൊന്നായിരുന്നു ദുൽഖർ സൽമാന്റെ പിന്മാറ്റം. അണിയറ പ്രവർത്തകർ ഇതുമായി ബന്ധപ്പെട്ട് പ്രതികരിച്ചിട്ടില്ലെങ്കിലും മറ്റ് കമ്മിറ്റ്മെന്റ്സുകൾ കാരണം ദുൽഖർ ‘തഗ് ലൈഫ്’ ഉപേക്ഷിച്ചെന്ന് തന്നെയാണ് റിപ്പോർട്ടുകൾ. നിലവിൽ പാൻ ഇന്ത്യൻ ചിത്രമായ ‘ലക്കി ഭാസ്കറി’ൽ അഭിനയിച്ചുകൊണ്ടിരിക്കുകയാണ് താരം. ധനുഷിനെ നായകനാക്കി ‘വാത്തി’ എന്ന ചിത്രം സംവിധാനം ചെയ്ത വെംഗി അറ്റ്ലൂരിയാണ് ലക്കി ഭാസ്കർ സംവിധാനം ചെയ്യുന്നത്. റാണ ദഗ്ഗുബട്ടിയുടെ നിർമാണത്തിൽ ഒരുങ്ങുന്ന കാന്ത എന്ന തെലുങ്ക് ചിത്രവും ദുൽഖറിന്റേതായി വരുന്നുണ്ട്.
ഇപ്പോഴിതാ ജയം രവിയും മണി രത്നം ചിത്രത്തിൽ നിന്ന് പിന്മാറിയതായുള്ള റിപ്പോർട്ടുകൾ വരുന്നുണ്ട്. ഡേറ്റ് ക്ലാഷ് മൂലമാണ് ജയം രവി ചിത്രത്തില്‍ നിന്ന് പിന്മാറിയത് എന്നാണ് റിപ്പോര്‍ട്ട്. ട്രേഡ് അനലിസ്റ്റായ കാർത്തിക് രവിവർമയാണ് ഇക്കാര്യം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. ഇതില്‍ ഔദ്യോഗിക സ്ഥിരീകരണമൊന്നും വന്നിട്ടില്ല. മണിരത്നത്തിന്റെ പൊന്നിയിന്‍ സെല്‍വന്‍ 1, പൊന്നിയിന്‍ സെല്‍വന്‍ 2, എന്നീ സിനിമകളിലെ ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിച്ചത് ജയം രവിയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.