ഹേ റാമിനുശേഷം ഞാൻ അപകടകാരിയായ സിനിമക്കാരനായി -കമൽഹാസൻ
text_fieldsകോഴിക്കോട്: ‘ഹേ റാം’ എന്ന സിനിമ തന്റെ രാഷ്ട്രീയ പ്രഖ്യാപനമായിരുന്നുവെന്ന് നടൻ കമൽഹാസൻ. കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിൽ തന്റെ സിനിമകളെയും രാഷ്ട്രീയത്തെയും കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹേ റാമിനുശേഷം നിർമാതാക്കൾ തന്നെ അപകടകാരിയായി കാണാൻ തുടങ്ങിയെന്നും കമൽ പറഞ്ഞു.
‘‘യുവാവായിരിക്കെ ഗാന്ധിജിയെപോലും വിമർശിച്ചിരുന്നയാളായിരുന്നു ഞാൻ. മനസ്സിൽ കൊണ്ടുനടന്ന എല്ലാ നായകന്മാരും വീണുടഞ്ഞപ്പോഴും അവശേഷിച്ച ഒരേയൊരാൾ മോഹൻദാസ് കരംചന്ദ് ഗാന്ധി മാത്രമായിരുന്നു. ഗാന്ധി പിന്നീട് എനിക്ക് സുഹൃത്തിനെ പോലെയായി. ഗവേഷണ വിഷയമായി. ഗാന്ധിയോടുള്ള എന്റെ ആദരമായിരുന്നു ‘ഹേ റാം’. ആ സിനിമയാണ് എന്റെ രാഷ്ട്രീയ ജീവിതത്തിന്റെ ആദ്യ പടി. പക്ഷേ, ഹേ റാമിനുശേഷം എനിക്ക് നിർമാതാക്കളെ കിട്ടാതായി. അവർ എന്നെ അപകടകാരിയായി കാണാൻ തുടങ്ങി. അതോടെയാണ് ഞാൻ നിർമാതാവാകാൻ തുടങ്ങിയത്...’’- തിങ്ങിനിറഞ്ഞ സദസ്സിനോട് കമൽ തന്റെ അനുഭവം പങ്കുവെച്ചു.
സിനിമ ഷൂട്ടിങ്ങിനിടയിൽ അപകടം പറ്റി ആശുപത്രിയിൽ കിടക്കുമ്പോഴാണ് ബാബരി മസ്ജിദ് തകർക്കപ്പെട്ടത്. രാഷ്ട്രീയത്തിൽ മതം ഇടപെടുന്നതിനെതിരായ തന്റെ കാഴ്ചപ്പാടുകൾ അതോടെയാണ് ഏറ്റവും ശക്തമായതെന്ന് കമൽ പറഞ്ഞു. മതം ഉപയോഗിച്ചാണ് മനുഷ്യരെ കൂട്ടത്തോടെ മയക്കുന്ന ഇന്നത്തെ അപകടകരമായ അവസ്ഥയിലേക്ക് രാജ്യത്തെ എത്തിച്ചിരിക്കുന്നത്. താൻ രാഷ്ട്രീയത്തിലേക്ക് കടന്നുചെന്നതല്ലെന്നും രാഷ്ട്രീയം തന്നിലേക്ക് കടന്നുവരുകയായിരുന്നുവെന്നും കമൽ പറഞ്ഞു. വലതുപക്ഷത്തുനിന്നും അകന്ന ഒരാളാണ് താനെന്നും ഇടതുപക്ഷമായിട്ടില്ലെന്നും മധ്യനിലപാടാണ് തന്റെ രാഷ്ട്രീയമെന്നും കമൽഹാസൻ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.