വെളിച്ചം കാണാനാവാതെ കങ്കണയുടെ 'എമർജൻസി'; മറ്റൊരു താരറാണി ഇന്ദിര ഗാന്ധിയാകുന്നു
text_fieldsനടിയും ബി.ജെ.പി എം.പിയുമായ കങ്കണ റണാവത്ത് മുൻ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയായി എത്തുന്ന ചിത്രമാണ് എമർജൻസി. അടിയന്തരാവസ്ഥ പ്രമേയമായി എത്തുന്ന ചിത്രം വിവാദത്തിൽ അകപ്പെട്ടതോടെ പ്രദർശനം നീട്ടിയിരിക്കുകയാണ്. എമർജൻസിക്ക് റിലീസിങ് അനുമതി സെൻസർ ബോർഡിൽ നിന്ന് ലഭിച്ചിട്ടില്ല.
കങ്കണ എമർജൻസി വിവാദം അവസാനിക്കുന്നതിന് മുമ്പ് ബോളിവുഡിൽ നിന്ന് മറ്റൊരു താരം ഇന്ദിര ഗാന്ധിയാകാൻ തയാറെടുക്കുന്നതായി റിപ്പോർട്ട്. വിദ്യ ബാലനാണ് ഇന്ദിര ഗാന്ധിയായി എത്തുന്നത്. മാധ്യമപ്രവർത്തക സാഗരിക ഘോഷിന്റെ 'ഇന്ദിര: ഇന്ത്യാസ് മോസ്റ്റ് പവർഫുൾ പ്രൈം മിനിസ്റ്റർ' എന്ന പുസ്തകം അടിസ്ഥാനമാക്കി ഒരുങ്ങുന്ന വെബ് സീരീസിലാണ് നടി ഇന്ദിര ഗാന്ധിയാവുന്നത്. ഫസ്റ്റ് പോസ്റ്റിന് നൽകിയ അഭിമുഖത്തിൽ വിദ്യ ബാലനാണ് ഇക്കാര്യം വ്യക്തമാക്കിയത്.
'ഇന്ദിര ഗാന്ധിയെ കുറിച്ചുള്ള വെബ് സീരീസിന് കുറച്ച് അധികം സമയം വേണ്ടി വരും.വെബ് ഫോർമാറ്റിന് അനുയോജ്യമായ രീതിയിലേക്ക് തിരക്കഥ ഒരുക്കുകയാണ്.വൈകാതെ തന്നെ നിങ്ങളിലേക്ക് എത്തിക്കാൻ കഴിയുമെന്ന് വിചാരിക്കുന്നു. വ്യത്യസ്തമായ മേഖലയാണ് വെബ് അതിനാൽ കൂടുതൽ സമയം വേണം.- വിദ്യ ബാലൻ തുടർന്നു.
അഞ്ച് വർഷം മുമ്പ് നിരവധി പേർ ഈ കഥാപാത്രവുമായി എന്നെ സമീപിച്ചിരുന്നു. പക്ഷേ, ഞാൻ അവരോട് പറഞ്ഞു, നിങ്ങൾക്ക് ആവശ്യമായ അനുമതികൾ ലഭിക്കാത്തിടത്തോളം കാലം എനിക്ക് സിനിമ ചെയ്യാൻ കഴിയില്ലെന്ന്. എന്നാൽ വെബിൽ ഇത് വളരെ എളുപ്പമാണ്. കൂടുതൽ രാഷ്ട്രീയ നേതാക്കളുടെ കഥാപാത്രം ചെയ്യാൻ താൽപര്യമില്ല.തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ വേഷം ചെയ്യാൻ എനിക്ക് അവസരം ലഭിച്ചിരുന്നു, എന്നാൽ ഇന്ദിര ഗാന്ധിയെ അവതരിപ്പിക്കാൻ തയാറെടുക്കുന്നതിനാൽ അതുവേണ്ടെന്ന് വെച്ചു- താരം കൂട്ടിച്ചേർത്തു.
സാഗരിക ഘോഷിന്റെ 'ഇന്ദിര: ഇന്ത്യാസ് മോസ്റ്റ് പവർഫുൾ പ്രൈം മിനിസ്റ്റർ' എന്ന പുസ്തകം സീരിസ് ആക്കാനുള്ള അവകാശം വിദ്യാ ബാലൻ നേരത്തെ സ്വന്തമാക്കിയിരുന്നു.റോയ് കപൂർ ഫിലിംസിന്റെ ബാനറിൽ വിദ്യാ ബാലന്റെ ഭർത്താവ് സിദ്ധാർഥ് റോയ് കപൂറാണ് വെബ് സീരീസ് നിർമിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.