ഭ്രമം വിവാദം: കൃഷ്ണകുമാറിനെ തള്ളി മകൾ അഹാന; 'പ്രതികരിക്കുന്നവർ അവരവരുടെ അഭിപ്രായം മാത്രമാണ് പറയുന്നത്'
text_fieldsഭ്രമം സിനിമ വിവാദത്തിൽ നടൻ കൃഷ്ണകുമാറിനെ തള്ളിപ്പറഞ്ഞ് മകളും നടിയുമായ അഹാന കൃഷ്ണ. വിവാദത്തിൽ തന്നോട് ബന്ധമുള്ള ചിലർ അഭിപ്രായം പറഞ്ഞിട്ടുണ്ടെന്നും എന്നാൽ അത് അവരുടെ അഭിപ്രായം മാത്രമാണെന്നും അഹാന പറഞ്ഞു. മകള്‍ അഹാനയെ തന്‍റെ ബി.ജെ.പി ബന്ധം കാരണം രണ്ട് സിനിമകളില്‍ കാസ്റ്റ് ചെയ്ത ശേഷം ഒഴിവാക്കിയെന്ന ആരോപണവുമായി നടന്‍ കൃഷ്ണകുമാര്‍ രംഗത്ത് വന്നിരുന്നു. പൃഥ്വിരാജ് ചിത്രം 'ഭ്രമ' ത്തില്‍ നിന്ന് ഒഴിവാക്കിയതിന് പിന്നിലും ഇതാണ് കാരണമെന്നും കൃഷ്ണകുമാർ പ്രതികരിച്ചിരുന്നു. തുടർന്ന് വിശദീകരണവുമായി ഭ്രമം സിനിമയുടെ നിർമാതാക്കൾ രംഗത്തുവരികയായിരുന്നു.
അഭിനേതാക്കളുടെ തെരഞ്ഞെടുപ്പിലോ ടെക്നീഷ്യൻമാരെ നിർണയിക്കുന്നതിലോ ഏതെങ്കിലും തരത്തിലെ രാഷ്ട്രീയ പരിഗണനകൾ ഉണ്ടായിട്ടില്ലെന്ന് നിർമാതാക്കളായ ഓപ്പൺ ബുക്ക് പ്രൊഡക്ഷൻസ് സാരഥികൾ വ്യക്തമാക്കി. ഒരു സിനിമയിൽ കഥാപാത്രത്തിന് അനുയോജ്യമായ അഭിനേതാക്കളെ തെരഞ്ഞെടുക്കുന്നത് സംവിധായകനും എഴുത്തുകാരനും ക്യാമറമാനും നിർമാതാക്കളും മാത്രമാണ്. അഹാനയെ ഞങ്ങൾ പരിഗണിച്ചുവെന്നത് ശരിയാണ്, പക്ഷേ അന്തിമ തീരുമാനം ക്യാമറ ടെസ്റ്റിനും കോസ്റ്റ്യൂം ട്രയലിനും ശേഷം മാത്രമായിരിക്കും എന്നും ഞങ്ങൾ അഹാനയെ അറിയിച്ചിരുന്നു.
കോസ്റ്റ്യൂം ട്രയലിന്‍റെ ചിത്രങ്ങൾ കണ്ട ശേഷം സംവിധായകാനും എഴുത്തുകാരനും നിർമാതാക്കളും അഹാന ഈ കഥാപാത്രത്തതിന് അനുയോജ്യ അല്ല എന്ന നിഗമനത്തിൽ എത്തി. ഈ വിവരം അഹാനയെ വിളിച്ച് ഔദ്യോഗികമായി അറിയിക്കുകയും ക്ഷമാപണം നടത്തുകയും അടുത്ത പ്രോജക്ടിൽ ഒന്നിച്ച് പ്രവർത്തിക്കാം എന്ന് പറയുകയും ചെയ്തു -ഓപ്പൺ ബുക്ക് പ്രൊഡക്ഷൻസ് സാരഥികൾ പ്രസ്താവനയിൽ വ്യക്തമാക്കി. തുടർന്നാണ് അഹാന ഇൻസ്റ്റഗ്രാമിലൂടെ തന്‍റെ വിശദീകരണം വീഡിയോ ആയി പങ്കുവയ്ച്ചത്.
രണ്ടു ദിവസമായി ഞാനുമായി ബന്ധപ്പെട്ട ഒരു അനാവശ്യ വാർത്ത നിങ്ങളുടെ ശ്രദ്ധയിൽപെട്ടിട്ടുണ്ടാകും. എന്നാൽ എനിക്കതിൽ ഒരു പങ്കുമില്ല. ഞാന്‍ ആരെയും കുറ്റപ്പെടുത്തിയിട്ടുമില്ല. ഇതില്‍ സംസാരിച്ചിരിക്കുന്ന ആളുകള്‍ ചിലപ്പോള്‍ ഞാനുമായി ബന്ധപ്പെട്ടവരുമാകാം. എന്തായാലും അതൊക്കെ അവരുടെ അഭിപ്രായമാണ്. എന്നെ അതുവെച്ച് അളക്കരുത്. എനിക്ക് ഈ നാടകത്തില്‍ ഒരു റോളുമില്ല.
ഞാന്‍ ഇപ്പോള്‍ ഉള്ളത് പോണ്ടിച്ചേരിയിലാണ്. നിങ്ങള്‍ക്ക് ഇതിനെക്കുറിച്ചൊന്നും അറിയില്ലെങ്കില്‍ ഇത് മറന്നേക്കൂ. ഇതൊന്നും എന്നെ ബാധിക്കുന്ന കാര്യമല്ല. ഞാന്‍ പൃഥ്വിരാജിന്‍റെ കടുത്ത ആരാധികയാണ്. അല്ലാതെ വേറെ കാര്യമൊന്നുമില്ല. എനിക്ക് ഇതിലൊന്നും ഒരു പങ്കുമില്ല. ഞാന്‍ എപ്പോഴും അദ്ദേഹത്തിന്‍റെ ഫാനാണ്. എന്‍റെ ചിത്രം വെച്ച് ആവശ്യമില്ലാത്ത വാര്‍ത്തകള്‍ വരുന്നത് കാണുമ്പോള്‍ കുറച്ച് ബുദ്ധിമുട്ടുണ്ട്. മറ്റാരോ പറഞ്ഞതിന്‍റെ പേരില്‍ നമ്മുടെ പേര് നമ്മളുമായി ഒരു ബന്ധവുമില്ലാത്ത കാര്യങ്ങളില്‍ വരും. ഞാനിതിനെ പോസിറ്റീവായാണ് കാണുന്നതെന്നും ഈ സമയവും കടന്നുപോകുമെന്നും അഹാന പറഞ്ഞു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.