സുശാന്തിന്‍റെ മരണം കൊലപാതകമാകാനുള്ള സാധ്യത തള്ളി എയിംസ് ഡോക്ടർമാർ
text_fieldsന്യൂഡൽഹി: ബോളിവുഡ് നടൻ സുശാന്ത് സിങ് രാജ്പുത്തിന്‍റെ മരണം കൊലപാതകമാകാനുള്ള സാധ്യത തള്ളിക്കളഞ്ഞ് എയിംസിലെ ഡോക്ടർമാർ സി.ബി.ഐക്ക് മൊഴി നൽകിയതായി റിപ്പോർട്ട്. മരണം ആത്മഹത്യയാണെന്ന് സ്ഥിരീകരിക്കുന്ന മെഡിക്കോ ലീഗൽ റിപ്പോർട്ട് എയിംസിലെ ഡോക്ടർമാരുടെ പാനൽ സി.ബി.ഐ സംഘത്തിന് കൈമാറിയതായാണ് സൂചന.
എന്നാൽ ആത്മഹത്യാപ്രേരണ എന്ന വാദത്തിൽ എന്തെങ്കിലും കഴമ്പുണ്ടോ എന്ന അന്വേഷണത്തിലാണ് സി.ബി.ഐ സംഘം.
സാഹചര്യത്തെളിവുകളും മരണം ആത്മഹത്യയാണെന്ന സാധ്യതയിലേക്കാണ് വിരൽ ചൂണ്ടുന്നത്. മരണം നടന്ന സ്ഥലത്തുനിന്ന് സംശയകരമായ സാഹചര്യത്തിൽ എന്തെങ്കിലും ലഭിച്ചതിന് തെളിവുകളുണ്ടോ എന്നറിയാൻ കേന്ദ്ര ഫോറൻസിക് സയൻസ് ലബോറട്ടറിക്ക് സി.ബി.ഐ നിർദേശം നൽകിയിരുന്നു.
എല്ലാ സാധ്യതകളും തുറന്നുകിടക്കുകയാണ്. അത്തരത്തിൽ തെളിവ് ലഭിച്ചാലുടൻ സെക്ഷൻ 302 ചേർക്കും. എന്നാൽ 45 ദിവസത്തെ അന്വേഷണത്തിനിടക്ക് കൊലപാതകമാകാനുള്ള ഒരു തെളിവും ലഭിച്ചില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥരോട് അടുത്ത വൃത്തങ്ങൾ പറഞ്ഞു.
ജൂൺ 14നാണ് സുശാന്തിനെ മുംബൈയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് അനുസരിച്ച് ഇത് ആത്മഹത്യയാണെന്ന മുംബൈ പൊലീസിന്‍റെ വാദത്തിനെതിരെ നടന്‍റെ കുടുംബം രംഗത്തെത്തിയിരുന്നു. സാമൂഹ്യമാധ്യമങ്ങളിലും മരണം കൊലപാതകമാണെന്ന രീതിയിൽ ചർച്ച ചെയ്യപ്പെട്ടു. ഇതിന് പിന്നാലെ മരണത്തിൽ സി.ബി.ഐ അന്വേഷണം പ്രഖ്യാപിക്കുകയായിരുന്നു.
സുശാന്തിന്‍റെ കാമുകി റിയ ചക്രവർത്തി മാനസികമായി പീഡിപ്പിക്കുകയും മരുന്ന് നൽകുകയും പണത്തിന് വേണ്ടി സുശാന്തിനെ ചൂഷണം ചെയ്യുകയും ചെയ്തതിനാലാണ് സുശാന്ത് ആത്മഹത്യ ചെയ്തതെന്ന കുടുംബത്തിന്‍റെ പരാതിയിലാണ് സി.ബി.ഐ അന്വേഷണം പ്രഖ്യാപിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.