അജയ് ദേവ്ഗണിന് രാജമൗലിയുടെ പിറന്നാൾ സമ്മാനം; മോഷൻ പോസ്റ്ററിന് കൈയ്യടിച്ച് ആരാധകർ
text_fieldsബോളിവുഡ് താരം അജയ് ദേവ്ഗണിന് പിറന്നാളാശംസ നേർന്ന് ബ്രഹ്മാണ്ഡ ചിത്രം ആർ.ആർ.ആർ ടീം. അജയ് ദേവ്ഗണിന്‍റെ സിനിമയിലെ കഥാപാത്രത്തെ പുറത്ത് വിട്ടുകൊണ്ടായിരുന്നു അണിയറപ്രവർത്തകർ പ്രിയതാരത്തിന് ആശംസ നേർന്നത്.
സംവിധായകൻ രാജമൗലിയും താരത്തിന് ആശംസ നേർന്നിട്ടുണ്ട്. 'ബാഹുബലി'ക്ക് ശേഷം രാജമൗലി സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡ ചിത്രമായ ആർ.ആർ.ആർ അണിയറയിൽ പുരോഗമിക്കുകയാണ്. ജൂനിയർ എൻ.ടി.ആറും രാംചരണുമാണ് ചിത്രത്തിൽ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
'രുധിരം, രണം, രൗദ്രം' എന്നാണ് ആർ.ആർ.ആറിന്‍റെ പൂർണരൂപം. മുമ്പ് ചിത്രത്തിലെ നായകൻമാരായ രാംചരണിന്‍റെയും ജൂനിയർ എൻ.ടി.ആറിന്‍റെയും നായികയായ സീതയായി എത്തുന്ന ആലിയയുടെ പിറന്നാൾ ദിനത്തിലും അണിയറപ്രവർത്തകർ ഇതേ രീതിയിൽ ആശംസകൾ അറിയിച്ചിരുന്നു.
1920കളിലെ സ്വാതന്ത്യ സമരസേനാനികളായ അല്ലൂരി സീതാരാമ രാജു, കൊമരു ഭീം എന്നീവരുടെ കഥയാണ് 300 കോടി രൂപ ബജറ്റിൽ ഒരുങ്ങുന്ന ചിത്രം പറയുന്നത്. സ്വാതന്ത്ര്യത്തിന് മുമ്പ് തെലങ്കാനയിലെ ആദിവാസി പോരാട്ടങ്ങള്‍ക്ക് നേതൃത്വം കൊടുത്ത സമര നേതാക്കളാണ് ഇവർ. രാംചരൺ ചിത്രത്തിൽ അല്ലൂരി സീതാരാമ രാജു ആയി എത്തുമ്പോൾ ജൂനിയർ എൻ.ടി.ആറാണ് കൊമരു ഭീം ആയി പ്രത്യക്ഷപ്പെടുന്നത്.
കോവിഡ് പ്രതിസന്ധിമൂലം സിനിമയുടെ ചിത്രീകരണം നീണ്ടുപോയിരുന്നു. ബ്രിട്ടീഷ് നടി ഡെയ്‌സി എഡ്ജര്‍ ജോണ്‍സാണ് മറ്റൊരു സുപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. പ്രധാന വേഷങ്ങളിൽ വിദേശി താരങ്ങളും അണിനിരക്കുന്ന സിനിമയാണ് 'ആർആർആർ'. ഹോളിവുഡ് തീയേറ്റർ ആർട്ടിസ്റ്റും നടിയുമായ ഒലിവിയ മോറിസ്, റേ സ്റ്റീവൻസൻ, അലിസൺ ഡൂഡി എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്ന വിദേശി താരങ്ങൾ.
ജൂനിയർ എൻടിആർ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ നായികയായ ജെന്നിഫർ ആയിട്ടാണ് ഒലിവിയ എത്തുന്നത്. സ്കോട്ട് ആയി റേ സ്റ്റീവൻസനും ലേഡി സ്കോട്ട് ആയി അലിസൺ ഡൂഡിയും വേഷമിടുന്നു. ദസറ റിലീസായി 2021 ഒക്ടോബർ 13നാണ് ചിത്രം പ്രേക്ഷകരിലേക്കെത്തുക.
സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. അജയ് ദേവ്ഗൺ, ആലിയ ഭട്ട്, ജൂനിയര്‍ എന്‍ടിആര്‍, രാം ചരണ്‍, നിത്യ മേനോൻ തുടങ്ങി ബോളിവുഡിലെയും ടോളിവുഡിലേയും പ്രമുഖ താരങ്ങൾ അണിനിരക്കുന്ന ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കുന്നത് വി. വിജയേന്ദ്രപ്രസാദാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.