'പൃഥ്വിരാജ്' സിനിമ ബഹിഷ്‌ക്കരിക്കണമെന്ന് ഗുജ്ജാറുകൾ; കാരണം ഇതാണ്
text_fieldsഅക്ഷയ് കുമാറിന്റെ പുതിയ ചിത്രത്തിനെതിരെ ഗുജ്ജാർ കാംപയിൻ. ഉടൻ പ്രദർശനത്തിനെത്താനിരിക്കുന്ന 'പൃഥ്വിരാജ്' ചിത്രത്തിനെതിരെയാണ് സമൂഹമാധ്യമങ്ങളിലടക്കം ബഹിഷ്‌ക്കരണ കാംപയിൻ നടക്കുന്നത്. ചിത്രത്തിലെ രജ്പുത് പരാമർശം ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടാണ് #BoycottPrithvirajMovie എന്ന ഹാഷ്ടാഗില്‍ നടക്കുന്ന കാംപയിൻ. സമൂഹമാധ്യമങ്ങളിലെ കാംപയിനിനു പുറമെ അജ്മീറിലടക്കം പ്രതിഷേധ പരിപാടികളും നടക്കുന്നുണ്ട്.
2020ൽ ചിത്രം പ്രഖ്യാപിച്ചതുതൊട്ടു തന്നെ സിനിമക്കെതിരെ വലിയ വിമർശനമുയർന്നിരുന്നു. അജ്മീറിലെ വൈശാലി നഗറിലുള്ള ദേവനാരായൺ ക്ഷേത്രത്തിലെ പൂജാരിമാരുടെ നേതൃത്വത്തിൽ ഗുജ്ജാർ സമുദായം ചിത്രത്തിനെതിരെ രംഗത്തെത്തിയിരുന്നു. വിഷയത്തിൽ ജില്ലാ കലക്ടർക്ക് ഇവർ മെമോറാണ്ടം സമർപ്പിക്കുകയും റോഡ് ഉപരോധമടക്കുള്ള സമരമാർഗങ്ങളിലേക്ക് നീങ്ങുകയും ചെയ്തിട്ടുണ്ട്. ആവശ്യം അംഗീകരിച്ചില്ലെങ്കിൽ ചിത്രത്തിന്റെ പ്രദർശനം തടയുമെന്നും ഇവർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ചിത്രത്തിൽ രജ്പുത് എന്ന പദം പ്രയോഗിച്ചതാണ് പ്രതിഷേധങ്ങൾക്കു കാരണമായി പറയുന്നത്. 'പൃഥ്വിരാജ്' എന്ന ചിത്രത്തിന്റെ പേര് മാറ്റണമെന്നും പൃഥ്വിരാജ് ചൗഹാനെന്ന ഭരണാധികാരിയുടെ മുഴുവൻ പേര് ചേർക്കണമെന്നും ആൾ ഇന്ത്യാ വീർ ഗുജ്ജാർ സമാജ് പരിഷ്‌ക്കരണ സമിതി അധ്യക്ഷൻ ഹർചന്ദ് ഗുജ്ജാർ പറഞ്ഞു. ചരിത്രയാഥാർഥ്യങ്ങൾ ചിത്രത്തിൽ അവതരിപ്പിക്കരുതെന്നും എവിടെയെങ്കിലും അത്തരത്തിലുള്ള പരാമർശമുണ്ടെങ്കിൽ അത് സത്യസന്ധമായിരിക്കണമെന്നും ഇവർ ആവശ്യപ്പെടുന്നു.
പ്രിഥ്വിരാജ് ചൗഹാൻ തങ്ങളുടെ സമുദായത്തിൽനിന്നുള്ള രാജാവാണെന്നാണ് ഗുജ്ജാർ വിഭാഗം അവകാശപ്പെടുന്നത്. ചിത്രം തിയറ്ററുകളിലെത്തുന്നതിനുമുൻപ് ആദ്യ പ്രദർശനം തങ്ങൾക്കായിരിക്കണമെന്ന് ഗുജ്ജാറുകൾ ആവശ്യപ്പെട്ടിട്ടുണ്ട്
ചിത്രത്തിൽ അക്ഷയ് കുമാറാണ് പൃഥ്വിരാജ് ചൗഹാന്റെ റോൾ നിർവഹിക്കുന്നത്. സഞ്ജയ് ദത്ത്, അഷുതോഷ് റാണ, സോനു സൂദ് എന്നിവരും ചിത്രത്തിൽ വിവിധ വേഷങ്ങളിലെത്തുന്നുണ്ട്. ചന്ദ്രപ്രകാശ് ദ്വിവേദി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ 2017ലെ മിസ് വേൾഡ് മാനുഷി ചില്ലർ ബോളിവുഡ് അരങ്ങേറ്റം കുറിക്കുന്നുവെന്ന പ്രത്യേകതയുമുണ്ട്. യാഷ് രാജ് ഫിലിംസിന്റെ ബാനറിൽ പുറത്തിറങ്ങുന്ന ചിത്രം ഈ മാസം 21ന് തിയറ്ററുകളിലെത്തുമെന്നാണ് അറിയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.