സാമ്രാട്ട് പ്രിഥിരാജിന്റെ പരാജയം; അക്ഷയ്കുമാർ നഷ്ടം നികത്തണമെന്ന് വിതരണക്കാർ
text_fieldsമുംബൈ: സാമ്രാട്ട് പൃഥ്വിരാജിന്റെ പരാജയത്തെ തുടർന്ന് നടൻ അക്ഷയ് കുമാറിനെതിരെ തിരിഞ്ഞ് വിതരണക്കാർ. താരത്തിന്റെ പ്രതിഫലം തന്നെ നൂറു കോടിയാണെന്നും നഷ്ടം നികത്താൻ അക്ഷയ് തയാറാകണമെന്നും വിതരണക്കാർ ആവശ്യപ്പെട്ടതായാണ് റിപ്പോർട്ട്. ജൂൺ മൂന്നിനു പുറത്തിറങ്ങിയ ചിത്രത്തിന് വിചാരിച്ച പോലെ പ്രേക്ഷകരെ ആകർഷിക്കാനായില്ല.പൃഥ്വിരാജിന് പുറമേ, നേരത്തെ റിലീസ് ചെയ്ത അക്ഷയ് കുമാറിന്റെ ബച്ചൻ പാണ്ഡെയും പരാജയപ്പെട്ടിരുന്നു.
' തെന്നിന്ത്യയിൽ തെലുങ്ക് സൂപ്പർ സ്റ്റാർ ചിരഞ്ജീവി വ്യക്തിപരമായി ഇത്തരം നഷ്ടങ്ങൾ സഹിക്കാറുണ്ട്. ഹിന്ദി സിനിമയിൽ നിർമാതാക്കളും വിതരണക്കാരും പ്രദർശിപ്പിക്കുന്നവരുമാണ് ഓരോ പരാജയത്തിന്റെയും നഷ്ടം സഹിക്കേണ്ടി വരുന്നത്. ഞങ്ങൾ ഒറ്റയ്ക്ക് എന്തിനാണ് സഹിക്കുന്നത്? അക്ഷയ് കുമാർ വിതരണക്കാർക്ക് നഷ്ടപരിഹാരം നൽകണം. ഈയിടെയുണ്ടായ പരാജയത്തിൽ ചിലർ പാപ്പരാകുക വരെ ചെയ്തു.' - എന്നായിരുന്നു ബിഹാറിലെ മുഖ്യവിതരണക്കാരിൽ ഒരാളായ റോഷൻ സിങ് പ്രതികരിച്ചത്. വിതരണക്കാർക്ക് നഷ്ടപരിഹാരം നൽകാൻ അക്ഷയ് കുമാർ ചിന്തിക്കുന്നതു പോലുമുണ്ടാകില്ലെന്ന് മറ്റൊരു വിതരണക്കാരനായ സുമൻ സിൻഹ പറഞ്ഞു. കാലം കഴിഞ്ഞെന്ന് ഈ സൂപ്പർ സ്റ്റാറുകൾ മനസ്സിലാക്കണം. അവർക്ക് ബാങ്ക് ബാലൻസിൽ മാത്രമാണ് ശ്രദ്ധയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
സാമ്രാട്ട് പൃഥ്വിരാജ് ഇതുവരെ 55 കോടി മാത്രമാണ് നേടിയത്. രജപുത് രാജാവായ പൃഥ്വിരാജ് ചവാന്റെ ജീവിതം പറയുന്ന ചിത്രം ചന്ദ്രപ്രകാശ് ദ്വിവേദിയാണ് സംവിധാനം ചെയ്തത്. 180 കോടിയാണ് മുതൽമുടക്ക്. ഏറെ പ്രൊമോഷനും വലതു രാഷ്ട്രീയ പിന്തുണയ്ക്കും ശേഷമാണ് ചിത്രം തിയേറ്ററിലെത്തിയത്. അതേസമയം, പൃഥ്വിരാജിനൊപ്പം റിലീസ് ചെയ്ത ലോകേഷ് കനകരാജിന്റെ തമിഴ്ചിത്രം വിക്രം 250 കോടിയോളം നേടി പ്രദർശനം തുടരുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.