മൂന്ന് ദിവസം കൊണ്ട് 150 കോടി വാരി വിക്രം; 40 തൊടാതെ അക്ഷയ് കുമാറിന്റെ പൃഥ്വിരാജ്
text_fieldsലോകേഷ് കനകരാജിന്റെ കമൽ ഹാസൻ ചിത്രം വിക്രം ഇന്ത്യൻ ബോക്സോഫീസിലും ആഗോള ബോക്സോഫീസിലും തരംഗം സൃഷ്ടിച്ച് മുന്നേറുകയാണ്. മൂന്ന് ദിവസം കൊണ്ട് 150 കോടി ആഗോള കലക്ഷൻ നേടിയ ചിത്രം കമൽഹാസന്റെ കരിയറിലെ ഏറ്റവും വലിയ വിജയത്തിലേക്കാണ് കുതിക്കുന്നത്. താരത്തിന്റെ മൂന്നാമത്തെ 100 കോടി ചിത്രമാണ് വിക്രം. മൂന്ന് ദിവസം കൊണ്ട് കേരളത്തിൽ നിന്ന് മാത്രമായി 10 കോടി പിന്നിട്ട 'വിക്രം' കോവിഡിനു ശേഷം കേരളത്തിൽ നിന്നും ഏറ്റവുമധികം പണംവാരിയ തമിഴ് ചിത്രമെന്ന റെക്കോർഡും സ്വന്തമാക്കി.
കാർത്തി നായകനായ സൂപ്പർഹിറ്റ് ചിത്രം 'കൈതി'ക്കും വിജയ് അഭിനയിച്ച മാസ്റ്ററിനും ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ചിത്രമാണ് വിക്രം. വിജയ് സേതുപതി, ഫഹദ് ഫാസിൽ, സൂര്യ, നരയ്ൻ, ചെമ്പൻ വിനോദ് തുടങ്ങി തമിഴിലെയും മലയാളത്തിലെയും മുൻനിര താരങ്ങൾ ചിത്രത്തിലുണ്ട്. അനിരുദ്ധ് രവിചന്ദർ ആണ് സംഗീതം.
അതേസമയം, അക്ഷയ് കുമാറിന്റെ ബിഗ് ബജറ്റ് ചിത്രം സാമ്രാട്ട് പൃഥ്വിരാജ് ഇന്ത്യൻ ബോക്സ് ഓഫീസിൽ കിതയ്ക്കുകയാണ്. വലിയ പ്രമോഷനോടെ എത്തിയ ചിത്രത്തിന് പ്രതീക്ഷിച്ച പോലെ ആളുകയറുന്നില്ലെന്നാണ് പ്രമുഖ ട്രാക്കർമാർ വിലയിരുത്തുന്നത്. പലകോണുകളിൽ നിന്നും മികച്ച നിരൂപണങ്ങൾ വന്നിട്ടും അതൊന്നും ചിത്രത്തിന് ഗുണം ചെയ്തിട്ടില്ല. മൂന്ന് ദിവസം കൊണ്ട് 39.40 കോടി രൂപയാണ് അക്ഷയ് കുമാറിന്റെ പൃഥ്വിരാജ് ഇന്ത്യയിൽ നിന്ന് കളക്ട് ചെയ്തത്. ഇനിയുള്ള ദിവസങ്ങളിൽ കളക്ഷൻ കൂടിയാൽ മാത്രമേ സിനിമ വിജയിക്കുകയുള്ളു എന്നാണ് പ്രമുഖ ട്രേഡ് അനലിസ്റ്റ് തരൺ ആദർശ് പറയുന്നത്.
കെ.ജി.എഫ് 2, ആർ.ആർ.ആർ പോലുള്ള തെന്നിന്ത്യൻ സിനിമകൾ ഇന്ത്യയിൽ നിന്ന് ആദ്യ ദിനം നേടിയ കളക്ഷൻ പോലും ബോളിവുഡ് സൂപ്പർതാര ചിത്രത്തിന് ഇതുവരെ തൊടാൻ കഴിഞ്ഞിട്ടില്ല. എന്നാൽ, ടയർ 2 നടനായ കാർത്തിക് ആര്യന്റെ ഭൂൽ ഭുലൈയ്യ 2 എന്ന ബോളിവുഡ് ചിത്രം 150 കോടി പിന്നിട്ടുകഴിഞ്ഞു. ഏറെ നാളുകൾക്ക് ശേഷം ബോളിവുഡിന് ലഭിച്ച ലക്ഷണമൊത്തൊരു സൂപ്പർ ഹിറ്റും കാർത്തിക്ക് ആര്യന്റെ പേരിലായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.