പരസ്പരം കൈ കൊടുത്ത് 'ബൈ' പറഞ്ഞശേഷമായിരുന്നു വിവാഹം; കല്യാണദിവസത്തെ രസകരമായ സംഭവം പറഞ്ഞ് ആലിയ
text_fieldsഇന്ത്യൻ സിനിമാ ലോകം ആഘോഷമാക്കിയ താരവിവാഹമായിരുന്നു നടി ആലിയ ഭട്ടിന്റേയും രൺബീർ കപൂറിന്റേയും. ഏറെ നാളത്തെ പ്രണയത്തിന് ശേഷമായിരുന്നു താരങ്ങൾ 2022 ഏപ്രിൽ 14 ന് വിവാഹിതരായത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത വളരെ സ്വകാര്യമായ ചടങ്ങായിരുന്നു അത്.
വിവാഹം കഴിഞ്ഞ് മാസങ്ങൾ പിന്നിടുമ്പോൾ കല്യാണദിവസമുണ്ടായ രസകരമായ സംഭവം പങ്കുവെക്കുകയാണ് ആലിയ ഭട്ട്. കരൺ ജോഹർ അവതരിപ്പിക്കുന്ന കോഫി വിത്ത് കരൺ ഷോയിൽ അതിഥിയായി എത്തിയപ്പോഴാണ് ഇക്കാര്യം പറഞ്ഞത്.
ആലിയയുടെ വാക്കുകൾ ഇങ്ങനെ -'വിവാഹം വളരെ സിമ്പിളായിരിക്കണമെന്ന് ഉണ്ടായിരുന്നു. അല്ലാതെ മറ്റൊരു വഴിയും എനിക്ക് ഇല്ലായിരുന്നു. കൂടാതെ വീട്ടിൽ താമസിച്ച് കൊണ്ട് വിവാഹിതയാവണമെന്നായിരുന്നു ആഗ്രഹം. അത് കൃത്യമായി ചെയ്യുകയും ചെയ്തു'.
'വിവാഹ ചടങ്ങിനായി പോകുന്നതിന് തൊട്ട് മുൻപ് ഞാനും രൺബീറും ഒന്നിച്ചായിരുന്നു ഭക്ഷണം കഴിച്ചത്. ഉച്ചയൂണിന് ശേഷം, ഞങ്ങൾ പരസ്പരം കൈ കൊടുത്ത്, ബൈ ബൈ ഗേൾ ഫ്രണ്ട് ബോയി ഫ്രണ്ട് എന്ന് പറഞ്ഞതിന് ശേഷമാണ് വിവാഹവേദയിൽ എത്തിയത്. കാരണം നീണ്ടനാളത്തെ പ്രണയ ബന്ധമായിരുന്നു ഞങ്ങൾ തമ്മിൽ ഉണ്ടായിരുന്നത്' ആലിയ പറഞ്ഞു. വിവാഹദിവസം കുടുംബാംഗങ്ങളുടേയും സുഹൃത്തുക്കളുടേയും സന്തോഷകരമായ മുഖം കണ്ടുവെന്നും ആലിയ കൂട്ടിച്ചേർത്തു.
ആലിയയും രൺബീറും ആദ്യമായി ഒന്നിച്ചെത്തുന്ന ചിത്രമായ 'ബ്രഹ്മാസ്ത്ര' സെപ്റ്റംബർ ഒമ്പതിനാണ് തിയറ്ററുകളിൽ എത്തുന്നത്. അയാൻ മുഖർജി സംവിധാനം ചെയ്യുന്ന ചിത്രം ഹിന്ദിയിൽ കൂടാതെ തമിഴ്, തെലുങ്ക്, കന്നഡ, മലയാളം എന്നീ ഭാഷകളിലും പ്രദർശനത്തിനെത്തുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.