റസൂൽ പൂക്കുട്ടിക്ക് ശേഷം ഓസ്കാറിലെ മലയാളി സാന്നിധ്യം; നേട്ടത്തിൽ പങ്കാളിയായി ചേരാവള്ളി സ്വദേശി അലിഫ്
text_fieldsകായംകുളം: ഓസ്കാർ പുരസ്കാര ചിത്രത്തിലെ മലയാളി തിളക്കമായി അലിഫ് അഷറഫ് ശ്രദ്ധേയനാകുന്നു. മികച്ച വിഷ്വൽ ഇഫക്ട്സിനുള്ള ഓസ്കാർ നേടിയ ഡ്യൂൺ രണ്ടാം ഭാഗത്തിൻ്റെ അണിയറയിലാണ് ചേരാവള്ളി ആശിർവാദിൽ കാവേരി അഷറഫിന്‍റെ മകൻ അലിഫിന്‍റെ കൈയ്യൊപ്പ് പതിഞ്ഞിരിക്കുന്നത്. ടീമിൽ ക്യാമറ ട്രാക്കിംഗ് ടെക്നിക്കൽ ഡയറക്ടറായാണ് പ്രവർത്തിച്ചിരിക്കുന്നത്. ലോകത്തിലെ മുൻനിര വിഷ്വൽ ഇഫക്ട്സ് ആന്‍റ് കമ്പ്യൂട്ടർ ആനിമേഷൻ കമ്പനിയായ ഡി.എൻ. ഇ.ജിയുടെ ഇന്ത്യൻ ടീമിനൊപ്പമാണ് അലിഫ് പ്രവർത്തിക്കുന്നത്. കഴിഞ്ഞ ഏഴ് വർഷമായി രംഗത്തുള്ള അലിഫ് ഇതിനോടകം ശ്രദ്ധ നേടിയ ഇരുപതോളം ഹോളിവുഡ്, ബോളിവുഡ് ചിത്രങ്ങളുടെ വി.എഫ്എക്സ് ടീമിൻ്റെ ഭാഗമായിരുന്നു.
2018 ൽ 'മാലിഫിസെന്‍റ്: മിസ്‌ട്രസ് ഓഫ് ഈവിൾ ' എന്ന ചിത്രത്തിലൂടെയാണ് തുടക്കം. തുടർന്ന് ഫാസ്റ് ആൻഡ് ഫ്യൂരിയസ് 10, മാഡ് മാക്സ് രണ്ട്, പ്രഭാസ് നായകനായ തെലുങ്ക് ചിത്രം കൽക്കി 2989 AD തുടങ്ങി നിരവധി ചിത്രങ്ങളിൽ പ്രവർത്തിച്ചു. ഓസ്കാർ പുരസ്കാരം നേടിയ ഡ്യൂൺ പാർട്ട് രണ്ടിൽ ആയിരത്തോളം ഷോട്ടുകളാണ് ഇവർ ചെയ്തിരിക്കുന്നത്. ഹാരി പോട്ടർ, ഇന്‍റർസ്റ്റെല്ലാർ, ഓപ്പൻഹൈമർ തുടങ്ങിയ ഒട്ടനവധി ലോകോത്തര സിനിമകളിൽ പ്രവർത്തിച്ചിട്ടുള്ള ഡി.എൻ.ഇ.ജി 2011 ൽ റിലീസായ 'ഇൻസപ്പ്ഷൻ മുതൽ ഡ്യൂൺ പാർട്ട് രണ്ട് വരെയുള്ള ചിത്രങ്ങളിലായി എട്ട് ഓസ്‌കാറുകൾ കരസ്ഥമാക്കിയിട്ടുണ്ട്. അലിഫ് ഭാഗമായ ടീമിനെ നയിച്ച സ്റ്റീഫൻ ജെയിംസും റിസ് സൽക്കമുമാണ് പുരസ്കാരം ഏറ്റുവാങ്ങിയതെന്നതും ശ്രദ്ധേയമാണ്. കൂട്ടായ്മയുടെ കരുത്താണ് പുരസ്കാരത്തിന് കാരണമായതെന്ന് അലിഫ് പറഞ്ഞു. സ്കൂൾ കാലത്ത് തുടങ്ങിയ സ്വപ്നത്തിന്‍റെ സാക്ഷത്കാരമാണ് ഇപ്പോഴത്തെ നേട്ടം. കൂടുതൽ നേട്ടങ്ങൾക്കുള്ള ശ്രമങ്ങൾ തുടരുമെന്നും അദ്ദേഹം പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.