ഇത് മലയാള സിനിമയുടെ മാത്രം പ്രത്യേകത; മലയാളി പ്രേക്ഷകരെ പ്രശംസിച്ച് പായല്‍ കപാഡിയ
text_fieldsകാൻ പുരസ്കാര വേദിയിൽ മലയാള സിനിമയേയും പ്രേക്ഷകരേയും പ്രശംസിച്ച് 'ഗ്രാൻ പ്രി' പുരസ്കാരം സ്വന്തമാക്കിയ 'ഓൾ വി ഇമാജിൻ ആസ് ലൈറ്റി'ന്റെ സംവിധായിക പായല്‍ കപാഡിയ. മലയാളികളെപ്പോലെ എല്ലാത്തരം സിനികളെയും ഉള്‍ക്കൊള്ളുന്ന പ്രേക്ഷകര്‍ ഇന്ത്യയില്‍ വേറെ ഇല്ലെന്നും മികച്ച ചിത്രങ്ങളാണ് മലയാളത്തിൽ നിന്ന് പിറവി എടുക്കുന്നതെന്നും പുരസ്കാരം ഏറ്റുവാങ്ങിയതിന് ശേഷം മാധ്യമങ്ങളോട് പറഞ്ഞു.
'സിനിമ മാറിക്കൊണ്ടിരിക്കുകയാണ്. ബോളിവുഡ് പോലും മികച്ച കണ്ടന്റ് ഉണ്ടാക്കാൻ ശ്രമിക്കുന്നുണ്ട്. പ്രത്യേകിച്ച് എടുത്തു പറയേണ്ടത് മലയാള സിനിമയെക്കുറിച്ചാണ്. കലാമൂല്യമുള്ള മികച്ച ചിത്രങ്ങളാണ് ഒരുങ്ങുന്നത്. ആര്‍ട്ട് ഹൗസ് സിനിമകൾ പോലും വലിയ രീതിയില്‍ വിതരണം ചെയ്ത് കൂടുതല്‍ ആളുകളിലേക്ക് എത്തിക്കുന്നു. ഇത് ഇന്ത്യയിലെ മറ്റൊരു ഇന്‍ഡസ്ട്രിയിലും ഇല്ല. ഇത് മലയാള സിനിമയിൽ മാത്രമാണ് കാണാൻ കഴിയുന്നത്. കാരണം കേരളത്തിലെ പ്രേക്ഷകർ എല്ലാത്തരം സിനിമകളെയും സ്വീകരിക്കുന്നു. വ്യത്യസ്ത തരത്തിലുള്ള സിനിമകൾ കാണാൻ അവർ തയാറാണ്'- പായൽ വ്യക്തമാക്കി
താൻ സ്വപ്നം കണ്ടതിലും ഏറെ മുകളിലാണ് കാനിലെ നേട്ടമെന്നും പായൽ പറഞ്ഞു. 'കാൻ എന്റെ സ്വപ്നമായിരുന്നു. എന്റെ ചിത്രങ്ങൾ കാനിൽ മത്സരിക്കാനെത്തണമെന്ന് ആഗ്രഹിച്ചിരുന്നു . ഞങ്ങളുടെ സ്വപ്നം ഇവിടെയെത്തിച്ച എല്ലാവർക്കും നന്ദിയുണ്ട്. അടുത്തൊരു ഇന്ത്യൻ ചിത്രം ഈ വേദിയിലെത്താൻ 30 വർഷം കാത്തിരിക്കേണ്ടി വരരുത്. മൂന്ന് സ്ത്രീകൾ തമ്മിലുള്ള സൗഹൃദത്തെക്കുറിച്ചാണ് 'ഓൾ വി ഇമാജിൻ ആസ് ലൈറ്റ്' സംസാരിക്കുന്നത്'- പായൽ കൂട്ടിച്ചേർത്തു.
പ്രഭ എന്ന നഴ്സിന്റെ കഥയാണ് 'ഓൾ വീ ഇമാജിൻ ആസ് ലൈറ്റ്' പറയുന്നത്. കനി കുസൃതി, ദിവ്യ പ്രഭ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.