സ്ഫടികത്തിലെ മൈനക്ക് ശബ്ദം നൽകിയത് ഈ സംവിധായകൻ; 'കടുവ' വിളി പിറന്നത് ഇങ്ങിനെ
text_fieldsമലയാളത്തിലെ എക്കാലത്തേയും വലിയ സൂപ്പർ ഹിറ്റ് സിനികളിൽ ഒന്നായ സ്ഫടികത്തിലെ കഥാപാത്രങ്ങളെല്ലാം സിനിമാ പ്രേമികൾക്ക് പ്രിയപ്പെട്ടവരാണ്. ആട് തോമയും ചാക്കോമാഷും തുളസിയും കുറ്റിക്കാടനും അരങ്ങുതകർത്ത് അഭിനയിച്ച സിനിമയിൽ മറക്കാനാവാത്ത കഥാപാത്രമാണ് മൈന. ചാക്കോ മാഷിന്‍റെ വീട്ടിൽ കൂട്ടിലിട്ട് വളർത്തുന്ന സാക്ഷാൽ മൈന തന്നെയാണിത്.
ചാക്കോ മാഷിനെ 'കടുവ' എന്ന് വിളിച്ച് പരിഹസിക്കുന്ന മൈനയെ സിനിമ കണ്ടവരാരും മറക്കാനിടയില്ല. ഈ മൈനക്ക് ശബ്ദം നൽകിയത് താനാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് സംവിധായകനും നടനും നിർമാതാവുമായ ആലപ്പി അഷ്റഫ്. സിനിമയിൽ മോഹൻലാലിന്‍റെ ആടുതോമക്ക് വേണ്ടി ട്രാക് വോയ്സ് ഡബ്ബ് ചെയ്തത് താനായിരുെന്നന്ന് അഷ്റഫ് പറയുന്നു. ഡബ്ബിങ് സമയം ലാൽ സമയം ഇന്ത്യയിൽ ഇല്ലായിരുന്നു. അതിനാൽ ട്രാക് ഡബ്ബ് ചെയ്യേണ്ടിവന്നു. ഇതിനായി സ്റ്റുഡിയോയിൽ എത്തിയ താൻ ഡബ്ബിങ്ങിനിടക്ക് മൈനക്ക് ശബ്ദം നൽകിയത് തമാശക്കായിരുന്നു എന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
എന്നാൽ ഇതുകേട്ട സംവിധായകൻ ഭദ്രന് അത് ഇഷ്ടപ്പെടുകയും സിനിമയിൽ ഉൾപ്പെടുത്തുകയുമായിരുന്നു. സ്ഫടികം സൂപ്പർ ഹിറ്റായപ്പോൾ തമിഴിലും മൊഴിമാറ്റം നടത്തി. അവരും മൈനക്ക് ശബ്ദം നൽകാൻ തന്നെ വിളിച്ചതായും അവിടെ കടുവാ എന്നല്ല 'കരടി' എന്നാണ് പറഞ്ഞതെന്നും അഷ്റഫ് ഓർക്കുന്നു. കൊച്ചിയിൽ നിന്ന് രാവിലെത്തെ വിമാനത്തിൽ മദിരാശിയിൽ എത്തി സ്ഫടികം മോഡൽ ശബ്ദത്തിൽ 'കരടി കരടി' എന്നു പറഞ്ഞ് വൈകിട്ടത്തെ വിമാനത്തിൽ തിരിച്ചുവരികയായിരുന്നെന്നും ആലപ്പി അഷ്റഫ് ഫേസ്ബുക്കിൽ കുറിച്ചു. സ്ഫടികം 100 ദിവസം തികച്ചപ്പോൾ തനിക്കും ഷീൽഡ് നൽകി ആദരിച്ചതും അഷ്റഫ് ഓർത്തെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.