അല്ലു അർജുനും പുഷ്പ 2 നിർമാതാക്കളും രേവതിയുടെ കുടുംബത്തിന് രണ്ടു കോടി നൽകും
text_fieldsഹൈദരാബാദ്: ‘പുഷ്പ 2’ സിനിമയുടെ പ്രിമിയർ പ്രദർശനത്തിനിടെ തിരക്കിൽപെട്ടു യുവതി മരിക്കുകയും മകനു ഗുരുതരമായി പരിക്കേൽക്കുകയും ചെയ്ത സംഭവത്തിൽ കുടുംബത്തിന് രണ്ടു കോടി രൂപ നൽകുമെന്ന് നിർമാതാവും അല്ലു അർജുന്‍റെ പിതാവുമായ അല്ലു അരവിന്ദ്.
പുഷ്പ 2 ചിത്രത്തിന്റെ പ്രിമിയർ ഷോ കാണാനെത്തിയ ഹൈദരാബാദ് ദിൽഷുക്‌നഗർ സ്വദേശിനി രേവതി (39) തിയറ്ററിലെ തിക്കിലും തിരക്കിലും പെട്ട് മരിക്കുകയും എട്ടു വയസ്സുള്ള മകൻ ശ്രീ തേജിന് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു. കേസിൽ അറസ്റ്റിലായ അല്ലു അർജുനെ 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടെങ്കിലും തെലങ്കാന ഹൈകോടതി നാലു ആഴ്ചത്തേക്ക് ഇടക്കാല ജാമ്യം അനുവദിച്ച് വിട്ടയക്കുകയായിരുന്നു.
കേസിൽ ചൊവ്വാഴ്ച അല്ലുവിനെ അന്വേഷണ സംഘം ചോദ്യം ചെയ്തു. ഇതിനിടെ ശ്രീതേജ് ചികിത്സയിൽ കഴിയുന്ന സ്വകാര്യ ആശുപത്രിയിൽ എത്തി അല്ലു അരവിന്ദ് ഡോക്ടർമാരുമായി സംസാരിച്ചു. ശ്രീതേജ് ആരോഗ്യനില വീണ്ടെടുക്കുന്നതായും ഇപ്പോൾ സ്വതന്ത്രമായി ശ്വസിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. കുടുംബത്തിന് സഹായധനമായ രണ്ടു കോടി നൽകും. ഒരു കോടി അല്ലു അർജുനും അര ലക്ഷം വീതം മൈത്രി മൂവി നിർമാതക്കളും സംവിധാനയൻ സുകുമാരും നൽകും. തെലങ്കാന സിനിമ വികസന കോർപറേഷൻ ചെയർമാൻ ദിൽ രാജു വഴിയാണ് പണം കൈമാറുകയെന്നും അദ്ദേഹം വ്യക്തമാക്കി.
നിയമപ്രശ്നങ്ങളുള്ളതിനാൽ കുട്ടിയുടെ കുടുംബവുമായി സംസാരിക്കാനായില്ല. ഈ മാസം നാലിന് ഹൈദരാബാദിലെ സന്ധ്യാ തിയറ്ററിലാണ് കേസിനാസ്പദമായ സംഭവം. ഭർത്താവ് ഭാസ്‌കറിനും മക്കളായ ശ്രീതേജിനും സാൻവിക്കും ഒപ്പമായിരുന്നു രേവതി പുഷ്പ പ്രിമിയർ ഷോ കാണാൻ എത്തിയത്.
അല്ലു അർജുൻ അപ്രതീക്ഷിതമായി തിയറ്ററിലേക്ക് എത്തുകയും ആരാധകർ തിരക്ക് കൂട്ടുകയും ചെയ്തതാണ് രേവതിയുടെ മരണത്തിനു വഴിയൊരുക്കിയത്. സന്ധ്യാ തിയറ്റർ ഉടമ, മാനേജർ, സെക്യൂരിറ്റി ഇൻ ചാർജ് എന്നിവർക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. തൊട്ടുപിന്നാലെ അല്ലു അർജുനെ കേസിൽ പ്രതി ചേർക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്തു. ഒരു ദിവസം ജയിലിൽ കിടന്ന ശേഷമാണ് അല്ലു പുറത്തിറങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.