പുഷ്പ 2 ഓൺലൈനിൽ; റിലീസായി മണിക്കൂറുകൾക്കകം ചോർന്നത് എച്ച്.ഡി പതിപ്പ്
text_fieldsആരാധകർ കാത്തിരുന്ന അല്ലു അർജുൻ ചിത്രം ‘പുഷ്പ 2’ റിലീസായി മണിക്കൂറുകൾക്കകം എച്ച്.ഡി പതിപ്പ് ഓൺലൈനിൽ ചോർന്നു. ‘പുഷ്പ: ദ റൈസി’ന്‍റെ സീക്വലായി എത്തിയ ‘പുഷ്പ: ദ റൂൾ’ വ്യാഴാഴ്ചയാണ് റിലീസായത്. വ്യാജ പതിപ്പ് ഓൺലൈനിൽ വന്നത് സിനിമാരംഗത്ത് ആശങ്കയായിട്ടുണ്ട്.
അനധികൃത വെബ്സൈറ്റുകളായ തമിഴ്റോക്കേഴ്സ്, മൂവീറൂൾസ്, ഫിൽമിസില്ല തുടങ്ങിയവയിലൂടെയാണ് ചിത്രം ചോർന്നത്. ചിത്രത്തിന്‍റെ ബോക്സോഫീസ് കലക്ഷനെ വ്യാജ പതിപ്പിന്‍റെ പ്രചാരണം ബാധിച്ചേക്കും. അതേസമയം ബിഗ് സ്ക്രീനിൽ ചിത്രം കാണാനുള്ള ആവേശത്തിലാണ് ആരാധകർ. ഇന്നും നാളെയും വാരാന്ത്യത്തിലും പല തീയേറ്ററുകളിലും ബുക്കിങ് പൂർണമായിക്കഴിഞ്ഞു.
അതേസമയം സിനിമക്ക് ടിക്കറ്റ് നിരക്ക് ഉയർത്തിയതിൽ വ്‍യാപക പ്രതിഷേധം ഉയരുന്നുണ്ട്. ആന്ധ്ര ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ വർധിപ്പിച്ച നിരക്കിലാണ് ചിത്രം പ്രദർശിപ്പിക്കുന്നത്. കുടുംബ പ്രേക്ഷകർക്ക് താങ്ങാൻ കഴിയുന്നതല്ല നിരക്ക് വർധനയെന്നാണ് പ്രധാന ആക്ഷേപം. എന്നാൽ ടിക്കറ്റ് നിരക്ക് ഉയർത്താൻ അനുമതി നൽകിയ ആന്ധ്ര സർക്കാറിനോട് അല്ലു അർജുൻ നന്ദി അറിയിച്ചു. തെലുഗു സിനിമാവ്യവസായത്തിന്‍റെ ഉയർച്ചക്ക് ഇത് സഹായിക്കുമെന്നാണ് താരത്തിന്‍റെ പക്ഷം.
ലോകവ്യാപകമായി 12,000 സ്ക്രീനുകളിലാണ് ചിത്രം റിലീസ് ചെയ്തത്. മികച്ച പ്രതികരണമാണ് ചിത്രത്തിന്‍റെ അഡ്വാൻസ്ഡ് ടിക്കറ്റ് ബുക്കിങ്ങിന് ഇതിനകം ലഭിച്ചത്. പുഷ്പയുടെ രണ്ടാം ഭാഗം കേരളത്തിൽ വിതരണത്തിനെത്തിക്കുന്നത് ഇ ഫോർ എന്‍റർടെയ്ൻമെന്‍റ്സാണ്. ഇതിനകം 1000 കോടി രൂപയുടെ പ്രീ-റിലീസ് ബിസിനസ് നേടിക്കഴിഞ്ഞുവെന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ പുറത്തുവിട്ടിരിക്കുന്ന റിപ്പോർട്ട്.
സുകുമാർ സംവിധാനം ചെയ്ത ‘പുഷ്പ ദ റൈസ്’ ആദ്യഭാഗം രണ്ട് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളും ഏഴ് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളും നേടിയിരുന്നു. ചിത്രത്തിൽ അല്ലു അർജുന് പുറമെ രശ്മിക മന്ദാന, ഫഹദ് ഫാസിൽ, സുനിൽ, ജഗപതി ബാബു, പ്രകാശ് രാജ് തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളായുള്ളത്.
കഥ-തിരക്കഥ-സംവിധാനം: സുകുമാർ ബന്ദ്റെഡ്ഡി, നിർമ്മാതാക്കൾ: നവീൻ യെർനേനി, രവിശങ്കർ യലമഞ്ചിലി, സിഇഒ: ചെറി, സംഗീതം: ദേവി ശ്രീ പ്രസാദ്, ഛായാഗ്രാഹകൻ: മിറെസ്ലോ ക്യൂബ ബ്രോസെക്, പ്രൊഡക്ഷൻ ഡിസൈനർ: എസ്. രാമകൃഷ്ണ-മോണിക്ക നിഗോത്രേ, ഗാനരചയിതാവ്: ചന്ദ്ര ബോസ്, ബാനറുകൾ: മൈത്രി മൂവി മേക്കേഴ്സ്, സുകുമാർ റൈറ്റിംഗ്സ്, മാർക്കറ്റിംഗ് ഹെഡ്: ശരത്ചന്ദ്ര നായിഡു, പി. ആർ. ഒ: ഏലൂരു ശ്രീനു, മാധുരി മധു, ആതിര ദിൽജിത്ത്, മാർക്കറ്റിംഗ്: ഫസ്റ്റ് ഷോ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.