റിലീസ് ചെയ്ത് 48 മണിക്കൂറിനകം സിനിമ റിവ്യൂ വേണ്ടെന്ന് അമിക്കസ് ക്യൂറി റിപ്പോർട്ട്
text_fieldsകൊച്ചി: സിനിമ റിലീസ് ചെയ്തശേഷം ആദ്യ 48 മണിക്കൂറിനുള്ളിൽ റിവ്യൂ വേണ്ടെന്നതടക്കം നിർദേശിച്ച് ഹൈകോടതിയിൽ അമിക്കസ് ക്യൂറി റിപ്പോർട്ട്. റിവ്യൂ ബോംബിങ്ങിനെതിരെ പൊലീസിന് ഇന്ത്യൻ ശിക്ഷാ നിയമ പ്രകാരവും ഐ.ടി ആക്ട്, കോപ്പി റൈറ്റ് ആക്ട് എന്നിവ പ്രകാരവും നടപടി സ്വീകരിക്കാമെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. നെഗറ്റിവ് റിവ്യൂകൾ സിനിമകളെ നശിപ്പിക്കുന്നതായി ചൂണ്ടിക്കാട്ടി നൽകിയ ഹരജികളിൽ ഹൈകോടതി നിയോഗിച്ച അമിക്കസ് ക്യൂറിയാണ് റിപ്പോർട്ട് നൽകിയത്. സിനിമയെക്കുറിച്ചുള്ള നെഗറ്റിവ് റിവ്യൂ ജനങ്ങൾ ഇപ്പോൾ വിശ്വസിക്കുന്നുണ്ടോയെന്ന് ചോദിച്ച ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, സിനിമകൾ ഇപ്പോൾ വിജയിക്കുന്നുണ്ടല്ലോയെന്നും വാക്കാൽ അഭിപ്രായപ്പെട്ടു. തുടർന്ന് അമിക്കസ് ക്യൂറി റിപ്പോർട്ടിൽ സർക്കാറിന്റെ വിശദീകരണം തേടിയ കോടതി ഹരജികൾ പിന്നീട് പരിഗണിക്കാനായി മാറ്റി.
വ്ലോഗർമാർ സിനിമക്കുപിന്നിൽ പ്രവർത്തിക്കുന്നവരെയും അഭിനേതാക്കളെയും പരസ്യമായി അപമാനിക്കുന്ന രീതിയിലാണ് റിവ്യൂ നടത്തുന്നത്. പണം നൽകാൻ തയാറാകാത്തവരുടെ സിനിമകൾക്കെതിരെ നെഗറ്റിവ് റിവ്യൂവും ഉണ്ടാകുന്നുണ്ട്. റിവ്യൂ ബോംബിങ്ങിനെ സംബന്ധിച്ച് പരാതി ഉന്നയിക്കാനായി സൈബർ സെല്ലിന്റെ കീഴിൽ പ്രത്യേക പോർട്ടൽ സ്ഥാപിക്കണം. എല്ലാ റിവ്യൂ സൈറ്റുകളും ബി.ഐ.എസ് സ്റ്റാൻഡേർഡ് പുലർത്തണം. വ്യാജ പ്രഫൈലുകളും വ്യാജ റിവ്യൂകളും ഉടൻ തടയണം. ഡിജിറ്റൽ മീഡിയ എത്തിക്സ് കോഡ് റൂൾസ് ലംഘിക്കുന്ന നടപടി ഉണ്ടായാൽ ഉടൻ നടപടി സ്വീകരിക്കണം. റിവ്യൂ അപകീർത്തിപ്പെടുത്തുന്ന വിധം ആകരുത്. കഥ മുഴുവൻ പറഞ്ഞ് റിവ്യൂ നടത്തരുത്.
അഭിപ്രായ സ്വാതന്ത്ര്യമെന്ന ഭരണഘടനാപരമായ അവകാശത്തിന്റെ പരിധിയിൽനിന്ന് സമൂഹമാധ്യമത്തിലൂടെയുള്ള സിനിമ റിവ്യൂ ഫലപ്രദമായി നിയന്ത്രിക്കണമെന്നും റിപ്പോർട്ടിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.