അമിതാഭ് ബച്ചന്‍റെ വീട്ടിലെ ജീവനക്കാരന് കോവിഡ്
text_fieldsമുംബൈ: രാജ്യത്തുടനീളം കോവിഡ് കേസുകൾ വർധിക്കുന്നതിനിടയിൽ ബോളിവുഡ് താരം അമിതാഭ് ബച്ചന്‍റെ മുംബൈയിലെ വസതിയായ ജൽസയിലെ ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചു. ജനുവരി രണ്ടിനാണ് അമിതാഭിന്‍റെ വീട്ടിലെ 31 ജീവനക്കാരിൽ കോവിഡ് പരിശോധന നടത്തിയത്. ഇതിൽ ഒരാൾക്ക് മാത്രമാണ് കോവിഡ് സ്ഥിരീകരിച്ചത്.
മറ്റ് സൂചനകളൊന്നും നൽകാതെ 'വീട്ടിൽ ചില കോവിഡ് സാഹചര്യങ്ങൾ കൈകാര്യം ചെയ്യുന്നു' എന്ന് ബ്ലോഗിൽ കുറിച്ചാണ് അമിതാഭ് ഇക്കാര്യം അറിയിച്ചത്. അധികം വൈകാതെ തന്നെ ആരാധകരുമായി ബന്ധപ്പെടാമെന്നും അദ്ദേഹം കുറിച്ചു. 'അമിതാഭ് ബച്ചന്‍റെ വീട്ടിലെ ഒരു ജീവനക്കാരൻ കോവിഡ് പോസിറ്റീവ് ആയി. ബിഗ് ബിയുടെ വീടായ ജൽസയിലെ 31 ജീവനക്കാരിൽ ടെസ്റ്റ് നടത്തി. ഇതിൽ ഒരാൾ മാത്രമാണ് പോസിറ്റീവ് ആയത്. ഞായറാഴ്ചയാണ് പരിശോധന നടത്തിയത്' -അമിതാഭിന്‍റെ വീടുമായി ബന്ധമുള്ള ഒരാളെ ഉദ്ദരിച്ച് 'ഇന്ത്യ ടുഡേ' റിപ്പോർട്ട് ചെയ്തു.
ബൃഹത് മുംബൈ മുനിസിപ്പൽ കോർപറേഷനും (ബി.എം.സി) ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. കോവിഡ് ബാധിച്ച ജൽസയിലെ ജീവനക്കാരന് ലക്ഷണങ്ങളൊന്നുമില്ലായിരുന്നെന്നും ബി.എം.സിയുടെ കോവിഡ് കെയർ സെന്‍ററിൽ ക്വാറന്‍റീനിലാണെന്നും ബി.എം.സി ഉദ്യോഗസ്ഥനെ ഉദ്ദരിച്ച് വാർത്ത എജൻസിയായ പി.ടി.എ റിപ്പോർട്ട് ചെയ്തു.
കഴിഞ്ഞ വർഷം മേയിൽ അമിതാഭ് കോവിഡ് വാക്സിനേഷൻ പൂർത്തീകരിച്ചിരുന്നു. അമിതാഭ് ബച്ചൻ, അഭിഷേക് ബച്ചൻ, ഐശ്വര്യ റായ് ബച്ചൻ, ബച്ചന്‍റെ 10 വയസ്സുള്ള കൊച്ചുമകൾ എന്നിവർക്ക് 2020 ജൂലൈയിൽ കോവിഡ് ബാധിച്ചിരുന്നു. സുഖം പ്രാപിക്കുന്നതുവരെ കുടുംബം മുംബൈയിലെ നാനാവതി ആശുപത്രിയിലായിരുന്നു.
ഇമ്രാൻ ഹഷ്മിക്കൊപ്പം അഭിനയിച്ച 'ചെഹ്രെ'യാണ് ബച്ചന്‍റെ അവസാനം ഇറങ്ങിയ സിനിമ. താരത്തിന് ഇനിയുള്ളത് സൂപ്പർ തിരക്കുള്ള ഷെഡ്യൂളുകളാണ്. ഝണ്ട്, ബ്രഹ്മാസ്ത്ര, കന്നഡ ചിത്രം ബട്ടർഫ്ലൈ, മെയ്ഡേ, ഗുഡ് ബൈ, ഊഞ്ചായി, നാഗ് അശ്വിന്‍റെ ഇതുവരെ പേരിട്ടിട്ടില്ലാത്ത സിനിമ എന്നിവയാണ് അദ്ദേഹത്തിന്‍റേതായി അണിയറയിലുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.