'അമ്മ' തെരഞ്ഞെടുപ്പിൽ മണിയൻപിള്ള രാജുവിന് അട്ടിമറി ജയം; നിവിൻ പോളിയും ഹണി റോസും തോറ്റു
text_fieldsകൊച്ചി: അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യിൽ ഏറെക്കാലത്തെ ഇടവേളക്ക് ശേഷം നടന്ന തെരഞ്ഞെടുപ്പിൽ ഒൗദ്യോഗിക പാനലിനെതിരെ മത്സരിച്ച മൂന്ന് പേർക്ക് ജയം. മണിയൻപിള്ള രാജു, ലാൽ, വിജയ് ബാബു എന്നിവരാണ് ജയിച്ചത്. ഒൗദ്യോഗിക പാനലിലെ ആശ ശരത്ത്, നിവിൻ പോളി, ഹണി റോസ് എന്നിവർ പരാജയപ്പെട്ടു.
വൈസ് പ്രസിഡന്‍റ് സ്ഥാനത്തേക്കാണ് മണിയൻപിള്ള മത്സരിച്ച് ജയിച്ചത്. ആശാ ശരത്തും ശ്വേതാ മേനോനുമായിരുന്നു ഒൗദ്യോഗിക പാനലിന്‍റെ സ്ഥാനാർഥികൾ. സ്വന്തം നിലയിലാണ് മണിയൻപിള്ള രാജു മത്സരിച്ചത്. ആശാ ശരത്ത് തോറ്റതോടെ മണിയൻപിള്ളയും ശ്വേതാ മേനോനും വൈസ് പ്രസിഡന്‍റുമാരായി.
11 അംഗ എക്സിക്യൂട്ടീവിലേക്കാണ് ലാലും വിജയ് ബാബുവും മത്സരിച്ച് അട്ടിമറി ജയം നേടിയത്. ബാബുരാജ്, ലൈന, മഞ്ജുപിള്ള, രചന നാരായണൻകുട്ടി, സുധീർ കരമന, സുരഭി ലക്ഷ്മി, ടിനിടോം, ടോവിനോ തോമസ്, ഉണ്ണി മുകുന്ദൻ, നിവിൻ പോളി, ഹണി റോസ് എന്നിവരായിരുന്നു ഔദ്യോഗിക പാനലിലെ സ്ഥാനാർഥികൾ. ഇതിൽ നിവിൻ പോളിയും ഹണി റോസും പരാജയപ്പെട്ടു. നാസർ ലത്തീഫും വിമതനായി മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.
പ്രസിഡന്‍റായി മോഹൻലാലും ജനറൽ സെക്രട്ടറിയായി ഇടവേള ബാബുവും നേരത്തെ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ട്രഷറർ സ്ഥാനത്തേക്കു സിദ്ദിഖിനും ജോയിന്‍റ് സെക്രട്ടറി പദത്തിലേക്കു ജയസൂര്യക്കും എതിരുണ്ടായിരുന്നില്ല. വനിത പങ്കാളിത്തം പ്രധാനമാണെന്നും അടുത്ത മൂന്നു വർഷം സാഹചര്യം അനുകൂലമാണെങ്കിൽ ഒരുപാട് കാര്യങ്ങൾ ചെയ്യാനാകുമെന്ന് പ്രതീക്ഷിക്കുന്നതായും പ്രസിഡൻറ് മോഹൻലാൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.