‘മാരിവില്ലിൻ ഗോപുരങ്ങൾ’ നിർമാതാക്കൾക്കെതിരായ അപ്പീൽ ഹരജിയും ഹൈകോടതി തള്ളി
text_fieldsകൊച്ചി: ‘മാരിവില്ലിൻ ഗോപുരങ്ങൾ’ എന്ന സിനിമയുടെ തിയറ്റർ വിതരണം വാഗ്ദാനം ചെയ്ത് പണം കൈപ്പറ്റിയ ശേഷം നിർമാതാക്കൾ വഞ്ചിച്ചെന്നാരോപിച്ച ഹരജി ഹൈകോടതി ഡിവിഷൻ ബെഞ്ചും തള്ളി. ഹരജിക്കാർ സിവിൽ കോടതിയെ സമീപിക്കണമെന്ന സിംഗിൾ ബെഞ്ച് നിർദേശം ചോദ്യം ചെയ്ത് എടത്വ സ്വദേശി ചെറിഷ് ജോർജ് നൽകിയ അപ്പീലാണ് ജസ്റ്റിസ് പി. ഗോപിനാഥ്, ജസ്റ്റിസ് വി.എം. ശ്യാംകുമാർ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് തള്ളിയത്.
കേരളത്തിലെ വിതരണ അവകാശം ഉറപ്പുനൽകി കരാറുണ്ടാക്കി 20 ലക്ഷം കൈപ്പറ്റിയെന്നാണ് ആരോപണം. കരാർ നിലനിൽക്കെ തന്നെ സിനിമ തങ്ങൾ തന്നെ ഡിസ്ട്രിബ്യൂട്ട് ചെയ്യുകയാണെന്നും വാങ്ങിയ തുക തിരികെ നൽകാമെന്നുമറിയിച്ച് ചെക്ക് തന്നു. എന്നാൽ, മതിയായ പണമില്ലാതിരുന്നതിനാൽ ഇത് മടങ്ങി. കരാറിന്‍റെ അടിസ്ഥാനത്തിൽ സിനിമയുടെ പ്രമോഷൻ പരിപാടികൾക്കും പരസ്യ സാമഗ്രികൾക്കും പോസ്റ്ററുകൾക്കുമായി പിന്നെയും ലക്ഷങ്ങൾ ചെലവഴിച്ചു.
മുടക്കിയ പണം തിരികെ ലഭിക്കാത്ത സാഹചര്യത്തിൽ പ്രദർശനം തടയണമെന്നായിരുന്നു ഹരജിയിലെ ആവശ്യം. എന്നാൽ, സ്വകാര്യ വ്യക്തികൾ തമ്മിലുള്ള തർക്കമാണിതെന്നും സിവിൽ കോടതിയെയാണ് സമീപിക്കേണ്ടതെന്നുമുള്ള സിംഗിൾ ബെഞ്ച് ഉത്തരവിൽ ഇടപെടാൻ കാരണമില്ലെന്ന് ഡിവിഷൻ ബെഞ്ച് ചൂണ്ടിക്കാട്ടി. ഹരജിക്കാരുടെ വാദങ്ങൾ അംഗീകരിച്ചാൽ പോലും ഇത്തരമൊരു ഹരജി സിവിൽ കോടതിയാണ് പരിഗണിക്കേണ്ടതെന്ന് വ്യക്തമാക്കിയ കോടതി അപ്പീൽ തള്ളുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.