മാർക്കോയുടെ ആദ്യ ടിക്കറ്റ് സ്വന്തമാക്കി സ്പീക്കർ ഷംസീർ; ഡിസംബർ 20ന് ചിത്രം തിയറ്ററിലെത്തും
text_fieldsഉണ്ണിമുകുന്ദൻ നായകനായി ഹനീഫ് അദേനിയുടെ സംവിധാനത്തിലെത്തുന്ന ബിഗ് ബഡ്ജറ്റ് ചിത്രമാണ് 'മാർക്കോ'. ക്യൂബ്സ് എന്‍റർടെയ്ൻമെന്‍റ്സിന്‍റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമിക്കുന്ന ചിത്രം ഡിസംബർ 20ന് തിയറ്ററിലെത്തും. ഓൺലൈൻ ബുക്കിങ് ആരംഭിച്ച മാർക്കോയുടെ ആദ്യ ടിക്കറ്റ് എടുത്ത് കൊണ്ട് കേരള സ്പീക്കർ എ.എൻ. ഷംസീര്‍ ആശംസകൾ അറിയിച്ചു.
'എറെ നാളായി പരിചയമുള്ള എന്‍റെ പ്രിയ സുഹൃത്ത് ഷെരീഫ് മുഹമ്മദ് നിർമ്മിക്കുന്ന ആദ്യ സിനിമയാണ് മാർക്കോ. ഉണ്ണി മുകുന്ദൻ നായകനായെത്തുന്ന ഈ ചിത്രത്തിന് വലിയ വിജയം ആശംസിക്കുന്നു' സോഷ്യൽ മീഡിയയിൽ വീഡിയോ പങ്കുവെച്ചുകൊണ്ട് എ.എൻ ഷംസീര്‍ പറഞ്ഞു. ഡിസംബർ 20ന് ലോകമെങ്ങും റിലീസിനെത്തുന്ന ചിത്രത്തിന്‍റെ അഡ്വാൻസ് ടിക്കറ്റ് ബുക്കിംഗിന് ഇതോടെ തുടക്കമായിരിക്കുകയാണ്. ലോകമെങ്ങുമുള്ള തിയറ്ററുകളിൽ 5 ഭാഷകളിലായി ചിത്രമെത്തും.
ഉണ്ണി മുകുന്ദന്‍റെ കരിയറിലെ തന്നെ ഏറ്റവും വലിയ ചിത്രമാണ് മാർക്കോ. നിവിൽ പോളി നായകനായെത്തിയ 'മിഖായേൽ' എന്ന ചിത്രത്തിലെ വില്ലൻ കഥാപാത്രമായിരുന്നു മാർക്കോ. ആ കഥാപാത്രത്തിന്‍റെ സ്പിൻ ഓഫാണോ അതോ വേറെ കഥയാണോ എന്നൊക്കെ ചിത്രം ഇറങ്ങുമ്പോൾ അറിയാൻ സാധിക്കും.
മലയാളം ഇതുവരെ കാണാത്ത വിധത്തിലുള്ള മോസ്റ്റ് വയലന്‍റ് ഫിലിം എന്ന ലേബലിൽ എത്തുന്ന 'മാർക്കോ'യുടെ സംഗീതമൊരുക്കുന്നത് ‘കെ.ജി.എഫ്’, ‘സലാർ’ എന്നീ ബ്രഹ്മാണ്ഡ ചിത്രങ്ങളുടെ സംഗീത സംവിധായകൻ രവി ബസ്രൂർ ആണ്. ചിത്രത്തിന്‍റെ എല്ലാ അർത്ഥത്തിലും വയലൻസിന്‍റെ അങ്ങേയറ്റമാണെന്ന് അടിവരയിട്ടുകൊണ്ട് പുറത്തിറങ്ങിയ 'മാർക്കോ' ടീസറിന് പിന്നാലെ ഏവരും ആകാംക്ഷയോടെയാണ് സിനിമയുടെ റിലീസിനായി കാത്തിരിക്കുന്നത്.
ഉണ്ണി മുകുന്ദനോടൊപ്പം സിദ്ദീഖ്, ജഗദീഷ്, ആൻസൺ പോൾ, കബീർ ദുഹാൻസിംഗ്, അഭിമന്യു തിലകൻ, യുക്തി തരേജ തുടങ്ങിയവരും ഒട്ടേറെ പുതുമുഖ താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.