ജാതിവിവേചനം പ്രമേയമാക്കി ‘അനക്ക് എന്തിന്‍റെ കേടാ’; റിലീസ് ആഗസ്റ്റ് നാലിന്
text_fieldsകൊച്ചി: മുസ്ലിം സമൂഹത്തിലെ ഒസ്സാൻ വിഭാഗം നേരിടുന്ന വിവേചനങ്ങൾ പ്രമേയമാക്കുന്ന ചിത്രം ‘അനക്ക് എന്തിന്‍റെ കേടാ’ ആഗസ്റ്റ് നാലിന് പ്രദർശനത്തിനെത്തുന്നു. ബാർബർ സമുദായത്തിൽ ജനിച്ചുവളർന്ന സൽമാൻ എന്ന യുവാവിന്‍റെ ജീവിതമാണ് സിനിമയുടെ ഇതിവൃത്തമെന്ന് സംവിധായകനും ‘മാധ്യമം’ സീനിയർ സബ് എഡിറ്ററുമായ ഷമീർ ഭരതന്നൂർ വാർത്തസമ്മേളനത്തിൽ പറഞ്ഞു. മലയാളത്തിൽ ആദ്യമായാണ് ഇത്തരമൊരു പ്രമേയം. അടുത്തകാലത്തായി ബാർബർ വിഭാഗം നേരിടുന്ന അവഗണനകളും വിലക്കുകളും പുറത്തുവന്ന സാഹചര്യത്തിൽ സിനിമക്ക് സാമൂഹികപ്രസക്തി ഏറെയുണ്ടെന്ന് അണിയറ പ്രവർത്തകർ അവകാശപ്പെട്ടു.
ബി.എം.സി ഫിലിം പ്രൊഡക്ഷന്‍റെ ബാനറിൽ ഫ്രാൻസിസ് കൈതാരത്താണ് സിനിമ നിർമിച്ചത്. ലെനിൻ രാജേന്ദ്രന്‍റെ മകൻ ഗൗതം ലെനിൻ രാജേന്ദ്രൻ ആദ്യമായി ഛായാഗ്രാഹണം നിർവഹിക്കുന്നു, കൈതപ്രം ദാമോദരൻ നമ്പൂതിരിയുടെ മകൻ ദീപാങ്കുരൻ കൈതപ്രം പശ്ചാത്തല സംഗീതം നിർവഹിക്കുന്നു തുടങ്ങിയ പ്രത്യേകതകളും ചിത്രത്തിനുണ്ട്. രമേശ് നാരായണൻ, നഫ്ല സാജിദ്, യാസിർ അഷ്റഫ് എന്നിവരാണ് സംഗീതം നിർവഹിക്കുന്നത്.
വിനോദ് വൈശാഖി, എ.കെ. നിസാം, ഷമീർ ഭരതന്നൂർ എന്നിവർ രചിച്ച ഗാനങ്ങൾ വിനീത് ശ്രീനിവാസൻ, സിയ ഉൾ ഹഖ്, കൈലാഷ്, യാസിർ അഷറഫ് എന്നിവർ ആലപിച്ചിരിക്കുന്നു. അഖിൽ പ്രഭാകരൻ, സ്നേഹ അജിത് എന്നിവർ നായികാ നായകരാവുന്ന ചിത്രത്തിൽ വീണ നായർ, സായ് കുമാർ, ബിന്ദു പണിക്കർ, ശിവജി ഗുരുവായൂർ, സുധീർ കരമന തുടങ്ങി വൻ താരനിര അണിനിരക്കുന്നു.
അഖിൽ പ്രഭാകരൻ, സ്നേഹ അജിത്, ബന്ന ചേന്ദമംഗലൂർ, ലൈൻ പ്രൊഡ്യൂസർ മാത്തുകുട്ടി പാവറാട്ടിൽ തുടങ്ങിയവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.