സിനിമയെ വെല്ലുന്ന ജീവിതം; പോരാട്ടത്തിലൂടെ അനസൂയ സെന്‍ഗുപ്ത തിരിച്ചു പിടിച്ച ജീവിതം
text_fieldsകാന്‍ ചലച്ചിത്ര മേളയില്‍ പുതുചരിത്രം കുറിച്ച് നടി അനസൂയ സെന്‍ഗുപ്ത.കാനിൽ അൺ സേർട്ടൻ റിഗാർഡ് വിഭാഗത്തിൽ മികച്ച നടിക്കുള്ള പുരസ്‌കാരം നേടുന്ന ആദ്യ ഇന്ത്യക്കാരി എന്ന നേട്ടമാണ് അനസൂയ തന്റെ പേരിനൊപ്പം ഇന്ത്യയിലെത്തിച്ചത്. ഷെയിംലെസ് എന്ന ചിത്രത്തിലെ പ്രകടനമാണ് താരത്തെ പുരസ്‌കാരത്തിന് അര്‍ഹയാക്കിയത്. ബള്‍ഗേറിയന്‍ സംവിധായകനായ കോണ്‍സ്റ്റാന്റിന്‍ ബൊജനോവാണ് ചിത്രം സംവിധാനം ചെയ്തത്.
അവിചാരിതമായിട്ടാണ് അനസൂയ കോണ്‍സ്റ്റന്റെയ്ന്‍ ബൊജനോവിന്റെ 'ഷെയിംലെസിൽ' എത്തിയത്. ഫേസ്ബുക്ക് സന്ദേശത്തിലൂടെയാണ് ചിത്രത്തിലേക്ക് ക്ഷണിച്ചത്. 'താൻ ഒരു സിനിമ എടുക്കുന്നുണ്ട്, അതിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കണമെന്നായിരുന്നു' ബൊജനോവിന്റെ സന്ദേശം. ഒപ്പമൊരു ഓഡിഷന്‍ ക്ലിപ്പ് അയക്കാനും അദ്ദേഹം നിർദേശിച്ചു. സിനിമയെക്കാൾ പ്രൊഡക്ഷൻ സിസൈനിങ് നെഞ്ചിലേറ്റിയ അനസൂയ സംവിധായകന്റെ ക്ഷണം തുടക്കത്തിലേ നിരസിച്ചു. എന്നാൽ, ഭർത്താവും അടുത്ത സുഹൃത്തുമായ യഷ്ദീപ് ചിത്രത്തിൽ അഭിനയിക്കാൻ അനസൂയയെ പ്രേരിപ്പിച്ചു. ഒടുവിൽ നിർബന്ധങ്ങൾക്കും സമ്മർദത്തിനും വഴങ്ങി അനസൂയ സംവിധായകന് ഓഡിഷന്‍ ക്ലിപ്പ് നൽകി. പിന്നീട് സംഭവിച്ചത് ചരിത്രം.
'ദി ഷെയിംലെസ്സില്‍' രേണുക എന്ന കഥപാത്രത്തെയാണ് നടി അവതരിപ്പിച്ചത്. ക്വീര്‍ സമൂഹത്തെ പിന്തുണയ്ക്കുന്ന ചിത്രം രണ്ട് പെണ്‍കുട്ടികള്‍ തമ്മിലുള്ള പ്രണയത്തെ കുറിച്ചാണ് പറയുന്നത്. ഡല്‍ഹിയിലെ ഒരു വേശ്യാലയത്തില്‍ നിന്ന് ഒരു പൊലീസുകാരനെ കുത്തിക്കൊന്ന ശേഷം രക്ഷപ്പെടുന്ന രേണുക, ദേവിക എന്ന കൗമാരക്കാരിയെ കണ്ടുമുട്ടുന്നു. പിന്നീട് ഇരുവരും പ്രണയത്തിലാവുന്നു. പിന്നീട് ഉണ്ടാകുന്ന സംഭവങ്ങളാണ് ചിത്രത്തിൽ പറയുന്നത്. ഒമാര ഷെട്ടിയാണ് ദേവികയെ അവതരിപ്പിച്ചത് . രണ്ട് മാസം നേപ്പാളിലും മുംബൈയിലുമായിട്ടായിരുന്നു സിനിമയുടെ ചിത്രീകരണം നടന്നത്. ലോകമെമ്പാടും പോരാട്ടം നടത്തുന്ന ക്വീര്‍ കമ്യൂണിറ്റിക്കും പാര്‍ശ്വവല്‍ക്കരിക്കപ്പെടുന്ന മറ്റ് വിഭാഗങ്ങള്‍ക്കും തന്റെ പുരസ്‌കാരം സമര്‍പ്പിക്കുന്നതായി നടി പറഞ്ഞു.
നിരവധി പ്രതിസന്ധികൾ തരണം ചെയ്താണ് അനസൂയ ഇന്ന് ലോകത്തിന് മുന്നിൽ ഇന്ത്യൻ സിനിമയുടെ മുഖമായി നിൽക്കുന്നത്. കൊല്‍ക്കത്തയില്‍ ജനിച്ചുവളര്‍ന്ന താരം 2009-ല്‍ അഞ്ജന്‍ ദത്തയുടെ മാഡ്‌ലി ബാംഗ്ലീ എന്ന ചിത്രത്തിലൂടെയാണ് കാമറക്ക് മുന്നിൽ എത്തിയത്. സഹനടിയായിട്ടായിരുന്നു തുടക്കം. പിന്നീട് കൊല്‍ക്കത്തയില്‍ നിന്ന് മുംബൈയിലേക്ക് താമസം മാറി. ആദ്യകാലങ്ങളില്‍ പ്രൊഡക്ഷന്‍ ഡിസൈനറായി ജോലി നോക്കി. പിന്നീട് സിനിമയെക്കാൾ പ്രൊഡക്ഷന്‍ ഡിസൈനിങ്ങിനോട് താൽപര്യമേറി. 2016-ല്‍ പുറത്തിറങ്ങിയ സഞ്ജീവ് ശര്‍മയുടെ സാത് ഉചാകെ, ശ്രീജിത് മുഖര്‍ജിയുടെ ഫോര്‍ഗെറ്റ് മി നോട്ട്, 2021-ല്‍ പുറത്തിറങ്ങിയ നെറ്റ്ഫിള്ക്‌സ് ആന്തോളജിയായ റേ എന്നിവയിലെല്ലാം പ്രൊഡക്ഷൻ ഡിസൈനറായി ജോലി ചെയ്തു.
പ്രതീക്ഷിച്ചതിലും വേഗത്തിൽ ജീവിതം മുന്നോട്ട് പാഞ്ഞപ്പോൾ അതേ വേഗത്തിൽ പ്രതിസന്ധികൾ അനസൂയയുടെ ജീവിതത്തിലേക്കെത്തി. മാനസികാരോഗ്യം നഷ്ടപ്പെട്ട് ഒരു മുറിക്കുള്ളില്‍ ഒറ്റക്ക് ഉറങ്ങാന്‍ പോലും പറ്റാത്ത അവസ്ഥയിലേക്ക് കാര്യങ്ങളെത്തി. മുംബൈയോട് യാത്ര പറഞ്ഞ് നടി ഗോവയിൽ അഭയം തേടി. അന്ന് പിതാവായിരുന്നു അനസൂയയുടെ കരുത്ത്.
പിന്നീട് പ്രതിസന്ധികൾക്ക് മുന്നിൽ പതറാതെ കൈവിട്ടുപോയ ജീവിതം ഓരോന്നായി തിരിച്ചു പിടിച്ചു. ചിത്രരചനയോട് താൽപര്യമുണ്ടായിരുന്ന അനസൂയ കലണ്ടർ നിർമാണം ആരംഭിച്ചു. കലണ്ടര്‍ വില്‍പന അനസൂയയുടെ ജീവിതത്തില്‍ വഴിത്തിരിവായി. ഭര്‍ത്താവായി യഷ്ദീപ് ജീവിതത്തിലേക്ക് വന്നു. പിന്നീട് ജീവിതത്തിലെ ഇരുണ്ട കാലത്തേക്ക് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.