എട്ടു വർഷത്തിനുശേഷം ആഞ്ജലീന ജോളിയും ബ്രാഡ് പിറ്റും തമ്മിലുള്ള വിവാഹ മോചനക്കേസിൽ തീർപ്പ്
text_fieldsലണ്ടൻ: ഹോളിവുഡിലെ താരദമ്പതികൾ ആയിരുന്ന ആഞ്ജലീന ജോളിയുടെയും ബ്രാഡ് പിറ്റിന്റെയും വർഷങ്ങൾ നീണ്ട വിവാഹ മോചനക്കേസ് ഒടുവിൽ തീർപ്പായി. ഹോളിവുഡിന്റെ ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയതും വിവാദപരവുമായ വിവാഹമോചനത്തിന് പ്രത്യക്ഷമായ അന്ത്യം കുറിച്ചതായി ജോളിയുടെ അഭിഭാഷകൻ ജെയിംസ് സൈമൺ പറഞ്ഞു. ഇരുവരും ഒരു കരാറിൽ എത്തിയതായും അഭിഭാഷകൻ പറഞ്ഞു.
എട്ടു വർഷം മുമ്പ് ആഞ്ജലീന പിറ്റിൽ നിന്ന് വിവാഹമോചനത്തിന് അപേക്ഷ നൽകി. അവരും കുട്ടികളും പിറ്റുമായി പങ്കിട്ട എല്ലാ സ്വത്തുക്കളും ഉപേക്ഷിച്ചു. അന്നുമുതൽ അവർ അവരുടെ കുടുംബത്തിൽ സമാധാനവും ശാന്തിയും കണ്ടെത്തുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. എട്ടു വർഷം മുമ്പ് ആരംഭിച്ച നീണ്ട പ്രക്രിയയുടെ ഒരു ഭാഗം മാത്രമാണിത്. സത്യം പറഞ്ഞാൽ, ആഞ്ജലീന ക്ഷീണിതയാണ്. പക്ഷേ, ഈ ഒരു ഭാഗം അവസാനിച്ചതിൽ അവർ ആശ്വാസത്തിലുമാണ് - ജെയിംസ് സൈമൺ പറഞ്ഞു.
ഹോളിവുഡിലെ ഏറ്റവും പ്രമുഖ ദമ്പതിമാരായിരുന്നു 49 കാരിയായ ജോളിയും 61 കാരനായ പിറ്റും. രണ്ടു പേരും ഓസ്‌കാർ ജേതാക്കളാണ്. ഇവർക്ക് ആറ് കുട്ടികളുമുണ്ട്. 2016ൽ യൂറോപ്പിൽ നിന്നുള്ള ഒരു സ്വകാര്യ ജെറ്റ് വിമാനത്തിൽവെച്ച് പിറ്റ് തന്നോടും കുട്ടികളോടും മോശമായി പെരുമാറിയെന്ന് പറഞ്ഞാണ് ജോളി വിവാഹമോചനത്തിന് അപേക്ഷ നൽകിയത്. 2019ൽ ഒരു ജഡ്ജി അവരെ വിവാഹമോചിതരായി പ്രഖ്യാപിച്ചുവെങ്കിലും സ്വത്തുക്കളുടെയും കുട്ടികളുടെ കസ്റ്റഡിയുടെയും വിഭജനം പ്രത്യേകം പരിഹരിക്കാനായി വിവാഹ മോചനക്കേസ് തുടരുകയായിരുന്നു.
കേസിന്റെ തീർപ്പിനായി ഇരുവരും യോജിച്ച് നിയമിച്ച സ്വകാര്യ ജഡ്ജി കുട്ടികളുടെ തുല്യ സംരക്ഷണം ഉൾപ്പെടുത്തി പ്രശ്നം തീർപ്പാക്കിയെങ്കിലും താൽപര്യ വൈരുധ്യത്തിന്റെ പേരിൽ അദ്ദേഹത്തെ കേസിൽ നിന്ന് മാറ്റാൻ ജോളി മറ്റൊരു ഹരജി ഫയൽ ചെയ്തു. ഈ ഹരജി അപ്പീൽ കോടതി അംഗീകരിക്കുകയും ജഡ്ജിയെ നീക്കം ചെയ്യുകയുമുണ്ടായി. അതോടെ ദമ്പതികൾ തമ്മിലുള്ള കേസ് വീണ്ടും ആരംഭിക്കേണ്ടി വന്നു.
ഒടുവിൽ കേസ് ഒത്തു തീർപ്പായെങ്കിലും പുതിയ ഉടമ്പടിയുടെ വിശദാംശങ്ങളൊന്നും വെളിപ്പെടുത്തിയിട്ടില്ല. അതേസമയം, പിറ്റ് സമർപ്പിച്ച പ്രത്യേക ഹരജിയുടെ ചില വിശദാംശങ്ങൾ വെളിപ്പെട്ടിട്ടുണ്ട്. അതിൽ ജോളി ഇരുവരുടെയും ഉടമസ്ഥതയിലുള്ള ഒരു ഫ്രഞ്ച് വൈനറിയുടെ പകുതി അവകാശം തനിക്ക് വിൽക്കുമെന്ന കരാർ ലംഘിച്ചുവെന്ന് പിറ്റ് ആരോപിച്ചതായാണ് വിവരം. വിവാഹമോചന കരാർ ആ വ്യവഹാരത്തെ എങ്ങനെ ബാധിക്കുമെന്ന് വ്യക്തമല്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.