ഷാരൂഖ് ഖാന്റെ റെക്കോർഡ് മറികടക്കാൻ രൺബീർ; ബോക്സോഫീസിൽ കൊടുങ്കാറ്റായി ‘അനിമൽ’
text_fieldsകബീർ സിങ്ങിന് ശേഷം സന്ദീപ് റെഡ്ഡി വംഗ സംവിധാനം ചെയ്ത ആക്ഷൻ - ഡ്രാമ ചിത്രം ‘അനിമൽ’ സമ്മിശ്ര പ്രതികരണങ്ങൾക്കിടയിലും ബോക്സോഫീസിൽ ഗംഭീര പ്രകടനമാണ് കാഴ്ചവെക്കുന്നത്. രൺബീർ കപൂർ - രശ്മിക മന്ദാന എന്നിവർ പ്രധാന കഥാപാത്രങ്ങളാകുന്ന ചിത്രം രണ്ട് ദിവസം കൊണ്ട് ആഗോളതലത്തിൽ 236 കോടിയിലേറെയാണ് വാരിക്കൂട്ടിയത്.
ഇന്ത്യയിൽ നിന്ന് മാത്രമായി ആദ്യ ദിനം 63.8 കോടിയും രണ്ടാം ദിവസമായ ശനിയാഴ്ച 66 കോടിയുമാണ് നേടിയത്. ഇന്ന് ഞായറാഴ്ച 70 കോടിയിലേറെയാണ് കളക്ഷൻ പ്രതീക്ഷിക്കുന്നത്. വീകെൻഡിൽ 100 കോടി ആഗോള കളക്ഷൻ വരുമെന്നതിനാൽ, മൂന്ന് ദിവസങ്ങൾ കൊണ്ട് 300 കോടി നേടുന്ന രൺബീർ കപൂറിന്റെ ആദ്യ ചിത്രമായി അനിമൽ മാറും. എന്തായാലും പുതിയ ചിത്രത്തിലൂടെ ഖാൻ ത്രയങ്ങൾക്കൊപ്പം ബോളിവുഡിൽ താരപദവി അരക്കിട്ടുറപ്പിക്കാനാണ് രൺബീർ ഒരുങ്ങുന്നത്.
ഖാൻ ചിത്രങ്ങൾക്ക് മാത്രം ലഭിച്ചിരുന്ന ബോക്സോഫീസ് നമ്പറാണ് രൺബീർ ചിത്രം നേടിക്കൊണ്ടിരിക്കുന്നത്. ഷാരൂഖിന്റെ പത്താൻ മൂന്ന് ദിവസങ്ങൾ കൊണ്ട് 166. 75 കോടിയായിരുന്നു ഇന്ത്യൻ ബോക്സോഫീസിൽ നിന്ന് നേടിയത്. ജവാൻ 206 കോടിയും വാരിക്കൂട്ടി. റിപ്പോർട്ടുകൾ പ്രകാരം ഇന്ന് 70 കോടി നേടിയാൽ, അനിമലിന്റെ ആകെ കളക്ഷൻ 200 കോടിക്കടുത്തായി വരും. അതോടെ അനിമൽ വീകെൻഡ് കളക്ഷനിൽ ബോളിവുഡിൽ പുതിയ റെക്കോർഡ് കുറിക്കും.
സൽമാൻ ഖാന്റെ ടൈഗർ 3-യുടെ കളക്ഷൻ രണ്ട് ദിവസങ്ങൾക്കകം അനിമൽ മറികടക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. സന്ദീപ് റെഡ്ഡി ചിത്രം 1000 കോടി നേടുമോ എന്നാണ് ഇപ്പോൾ ബോളിവുഡ് ഉറ്റുനോക്കുന്നത്. നേരത്തെ ഷാരൂഖ് ഖാന്റെ പത്താനും ജവാനും 1000 കോടിയെന്ന നാഴിക കല്ല് പിന്നിട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.