'എന്തൊരു നാണക്കേട്'; ആദിപുരുഷിന്റെ പോസ്റ്ററിനെതിരെ കോപ്പിയടി ആരോപണം
text_fieldsപ്രഖ്യപന സമയം മുതൽ രാജ്യത്തെ സിനിമാ പ്രേമികൾ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് പ്രഭാസിനെ നായകനാക്കി ഓം റൗത്ത് സംവിധാനം ചെയ്യുന്ന 'ആദിപുരുഷ്'. രാമായണം അടിസ്ഥാനമാക്കിയുള്ള ചിത്രത്തിൽ ശ്രീരാമനായാണ് പ്രഭാസ് അഭിനയിക്കുന്നത്. ബോളിവുഡ് സൂപ്പർതാരം സൈഫ് അലി ഖാനും ആദിപുരുഷിൽ പ്രധാന വേഷത്തിലുണ്ട്.
കഴിഞ്ഞ ദിവസം പുറത്തുവന്ന ചിത്രത്തിന്റെ ടീസറിനെതിരെ രൂക്ഷ വിമർശനമുയർന്നിരുന്നു. ഗ്രാഫിക്സിന് ഏറെ പ്രധാന്യമുള്ള ചിത്രമാണ് ആദിപുരുഷ്. 250 കോടി രൂപയോളം അതിന് വേണ്ടി മാത്രമായി ചിലവഴിക്കുന്നുമുണ്ട്. എന്നാൽ ചിത്രത്തിന്റെ ടീസറിലെ വി.എഫ്.എക്സ് സിനിമാപ്രേമികളെ ഏറെ നിരാശരാക്കി. മുടക്കിയ കോടികളുടെ ഗുണമൊന്നും ടീസറിൽ കാണാനില്ലെന്ന് അവർ പരാതിപ്പെട്ടു. പലരും സമൂഹ മാധ്യമങ്ങളിൽ ട്രോളുകളുമായും എത്തി. കൂടാതെ മറ്റ് പലകാരണങ്ങളാൽ ചിത്രത്തിനെതിരെ ബോയ്കോട്ട് ആഹ്വാനവും ഇപ്പോൾ ഉയരുന്നുണ്ട്.
ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്ററും ടീസറിനൊപ്പം റിലീസ് ചെയ്തിരുന്നു. പോസ്റ്ററിന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. രാമന്റെ വേഷത്തിൽ രാം ചരൺ മതിയായിരുന്നുവെന്ന് പോലും സമൂഹ മാധ്യമങ്ങളിൽ പലരും അഭിപ്രായപ്പെട്ടു. എന്നാലിപ്പോൾ 'വാനരസേന സ്റ്റുഡിയോസ്' എന്ന ആനിമേഷൻ സ്റ്റുഡിയോ ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്ററിനെതിരെ രംഗത്തുവന്നിരിക്കുകയാണ്.
ആദിപുരുഷ് അണിയറപ്രവർത്തകർ പോസ്റ്ററിൽ തങ്ങളുടെ വർക് കോപ്പിയടിച്ചെന്നാണ് അവർ അവകാശപ്പെടുന്നത്. തെളിവായി അവർ ഡിസൈൻ ചെയ്ത മറ്റൊരു പോസ്റ്ററും പങ്കുവെച്ചിട്ടുണ്ട്. 'ലോർഡ് ഷിവ' എന്ന പേരിലുള്ള അവരുടെ ആനിമേറ്റഡ് സിനിമയുടെ പോസ്റ്ററാണത്രേ 500 കോടി ബജറ്റിലൊരുങ്ങുന്ന ആദിപുരുഷിന്റെ ടീം കോപ്പിയടിച്ചത്.
നിർമാതാക്കളായ ടി-സീരീസിനെ വാനരസേന സ്റ്റുഡിയോസ് രൂക്ഷമായി വിമർശിച്ചു. 'എന്തൊരു നാണക്കേട്.. പോസ്റ്ററിന്റെ യഥാർത്ഥ സ്രഷ്ടാവിനെ ടി-സീരീസ് പരാമർശിക്കണമായിരുന്നു'വെന്നും അവർ സമൂഹമാധ്യമങ്ങളിൽ കുറിച്ചു. "ഞങ്ങളുടെ സൃഷ്ടികൾ ഇങ്ങനെ കോപ്പിയടിക്കുന്നത് കാണുമ്പോൾ നിരാശയുണ്ട്. എന്നാൽ വർഷങ്ങളായി, ഇത് പലതവണ സംഭവിച്ചു, ഈ പോയന്റിലെത്തി നിൽക്കുമ്പോൾ ഇതൊരു വലിയ തമാശയാണ്. -അവർ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.