'എന്റെ വാക്കുകൾ ചില സംശയങ്ങളുണ്ടാക്കിയെന്ന് തോന്നുന്നു'; നിരൂപണ വിവാദത്തിൽ വിശദീകരണവുമായി അഞ്ജലി മേനോൻ
text_fields'വണ്ടർ വുമൺ' എന്ന ഏറ്റവും പുതിയ ചിത്രത്തിൻെറ പ്രമോഷനിടെ സിനിമ നിരൂപണവുമായി ബന്ധപ്പെട്ട് നടത്തിയ പരാമർശങ്ങളിൽ വിശദീകരണവുമായി സംവിധായിക അഞ്ജലി മേനോൻ.
തന്‍റെ പുതിയ ചിത്രത്തിന്‍റെ റിലീസിന് മുന്നോടിയായി ഫിലിം കമ്പാനിയൻ സൗത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കവേയാണ് അഞ്ജലി മേനോൻ വിവാദ പരാമർശങ്ങൾ നടത്തിയത്. സിനിമ പതുക്കെയാണ് നീങ്ങുന്നതെന്ന് റിവ്യൂ ചെയ്യുന്നവർ പറയുന്നത് കേൾക്കുമ്പോൾ ചിരി വരാറുണ്ടെന്ന് അവർ പറഞ്ഞിരുന്നു.
'എനിക്ക് ഏറ്റവും ചിരി വരാറുള്ളത്, സിനിമക്ക് ലാഗ് ഉണ്ട് എന്ന് പറയുന്നത് കേൾക്കുമ്പോഴാണ്. ഇത്തരം അഭിപ്രായം പറയുന്നതിന് മുമ്പ് എഡിറ്റിങ് എന്ന പ്രോസസിനെക്കുറിച്ച് ആദ്യം കുറച്ചെങ്കിലും അറിഞ്ഞിരിക്കണം. ഒരു സിനിമ എങ്ങിനെയാണ് പറയുന്നത്, എന്താണ് അതിലുള്ളത് എന്ന് നിങ്ങൾ മനസ്സിലാക്കിയിരിക്കണം. റിവ്യൂ ചെയ്യുന്ന ആളുകൾ കുറച്ചുകൂടി ഈ മീഡിയം മനസ്സിലാക്കിയിട്ട് സംസാരിക്കുകയാണെങ്കിൽ അത് എല്ലാവർക്കും ഗുണം ചെയ്യും'-സംവിധായക പറഞ്ഞു.
ഒരു സിനിമ മുഴുവൻ കാണാതെ സമൂഹമാധ്യമങ്ങളിൽ അഭിപ്രായം പറയുന്നത് നിരുത്തരവാദപരമാണെന്നും സമൂഹ മാധ്യമങ്ങളിൽ 'സിനിമാ പാരഡീസോ' പോലെയുള്ള ഇടങ്ങളിൽ നടക്കുന്ന ചർച്ചകൾ വായിക്കുന്നത് വളരെ ഇഷ്ടമാണെന്നും അഞ്ജലി അഭിമുഖത്തിൽ പറഞ്ഞു. ഇത് വിവാദമായതോടെയാണ് വിശദീകരണവുമായി അവർ രംഗത്തുവന്നത്.
'വളരെ പ്രൊഫഷ്ണലായി ഫിലിം റിവ്യൂ ചെയ്താൽ അതു ചലച്ചിത്ര പ്രക്രിയയെക്കുറിച്ച് മനസ്സിലാക്കാൻ എത്രത്തോളം സഹായിക്കുമെന്നാണ് ഞാൻ അഭിമുഖത്തിൽ പറഞ്ഞത്. ഫിലിം ജേണലിസ്റ്റായ എം.ഡി.എം ഉദയ താര നായരെപ്പോലുള്ളവരാണ് അതിനു ഉദാഹരണം. സാധാരണക്കാരായ ആളുകൾ വരെ റിവ്യൂ എഴുതുന്ന കാലമാണ്. അതുകൊണ്ട് പ്രൊഫഷണൽ റിവ്യൂകൾ ഉയർന്ന നിലവാരം പുലർത്തേണ്ടതാണ്. ഞാൻ പ്രേക്ഷകരുടെ അഭിപ്രായങ്ങളെ ബഹുമാനിക്കുന്നു. സിനിമ കാണാനും വിമർശിക്കാനും അവർക്കു അവകാശമുണ്ട്. മാത്രമല്ല കാണികളിൽ നിന്നുളള അഭിപ്രായങ്ങൾക്കായി ഞാൻ കാത്തിരിക്കുകയാണ്. ഞാൻ പറഞ്ഞ വാക്കുകൾ ചില സംശയങ്ങളുണ്ടാക്കിയെന്നു തോന്നുന്നു അതുകൊണ്ടാണ് ഈ കുറിപ്പ് പങ്കുവയ്ക്കുന്നത്"-അഞ്ജലി കുറിച്ചു.
നേരത്തെ, ആറാട്ട് സിനിമയുടെ പ്രമോഷനോടനുബന്ധിച്ചുള്ള അഭിമുഖത്തിൽ, സിനിമാ നിരൂപകർക്കെതിരെ മോഹൻലാലും രംഗത്തുവന്നിരുന്നു. സിനിമയെ വിലയിരുത്തുമ്പോള്‍ അതിനെക്കുറിച്ച് എന്തെങ്കിലും ധാരണ വേണമെന്നും സിനിമയുമായി ഒരു തരത്തിലും ബന്ധമില്ലാത്തവരാണ് സിനിമയെക്കുറിച്ച് പറയുന്നതെന്നും മോഹൻലാൽ വിമർശിച്ചിരുന്നു. ഒരു സിനിമയുടെ എഡിറ്റിങ് ശരിയല്ല എന്നു പറഞ്ഞുകഴിഞ്ഞാല്‍ അയാള്‍ക്ക് എഡിറ്റിങ്ങിനെ കുറിച്ച് എന്തെങ്കിലും അറിയണ്ടേ? വിമര്‍ശിക്കുന്നവര്‍ക്ക് അതിനെ കുറിച്ച് എന്തെങ്കിലും ധാരണ വേണം. ഇതിന്റെ പിന്നിലുള്ള പ്രയത്നത്തെ കുറിച്ച് മനസിലാക്കണമെന്നും മോഹൻലാൽ പറഞ്ഞിരുന്നു. സംവിധായകൻ റോഷൻ ആൻഡ്രൂസും അടുത്തിടെ സമാനമായ അഭിപ്രായങ്ങൾ പങ്കുവച്ചിരുന്നു.
'ഉസ്താദ് ഹോട്ടൽ', 'ബാംഗ്ലൂർ ഡേയ്സ്', 'കൂടെ' എന്നീ ചിത്രങ്ങൾക്കു ശേഷം അഞ്ജലി മേനോൻ ഒരുക്കുന്ന ചിത്രമാണ് വണ്ടർ വുമൺ. ഗർഭിണികളുടെ കഥ പറയുന്ന ചിത്രം നവംബർ 18 നു സോണി ലിവിൽ റിലീസ് ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.