'അന്യൻ' ഹിന്ദി റീമേക്ക് പ്രതിസന്ധിയിൽ; ശങ്കറിനെ കോടതി കയറ്റാനൊരുങ്ങി ആസ്കാർ രവിചന്ദ്രൻ
text_fieldsമുംബൈ: തമിഴിലെ മെഗാഹിറ്റ് ചിത്രമായ അന്യന്‍റെ ഹിന്ദി റിമേക്കിന്‍റെ ഉടമസ്ഥാവകാശത്തെ ചൊല്ലി തർക്കം. അന്യന്‍റെ നിർമാതാവായ ആസ്കാർ രവിചന്ദ്രനാണ് സംവിധായകൻ ശങ്കറിനും നിർമാതാവ് ജയന്തിലാൽ ഗാഡക്കുമെതിരെ നിയമനടപടി സ്വീകരിക്കാൻ ഒരുങ്ങുന്നത്. ശങ്കറിനെതിരെ രവിചന്ദ്രൻ നേരത്തെ സൗത്ത് ഇന്ത്യൻ ഫിലം ചേമ്പർ ഓഫ് കൊമേഴ്സിൽ പരാതി നൽകിയിരുന്നു.
'ഞാന്‍ ശങ്കറിനും ജയന്തിലാൽ ഗാഡക്കുമെതിരെ നിയമനടപടികള്‍ സ്വീകരിക്കുകയാണ്. എന്‍റെ സമ്മതം ഇല്ലാതെ അവര്‍ക്ക് സിനിമ റീമേക്ക് ചെയ്യാനാവില്ല. കാരണം സിനിമയുടെ പകർപ്പവകാശം എേന്റതാണ്'-രവിചന്ദ്രൻ പറഞ്ഞു. അന്യന്‍റെ തിരക്കഥയൊരുക്കിയത് താനാണെന്നായിരുന്നു ശങ്കറിന്‍റെ പ്രതികരണം.
'അവന് എന്തുവേണമെങ്കിലും പറയുകയും അവകാശപ്പെടുകയും ചെയ്യാം. അന്യൻ എന്‍റെ സിനിമയാണെന്ന് എല്ലാവർക്കുമറിയാം. ഞാൻ അവനെ സംവിധാനം ചെയ്യാൻ വിളിക്കുകയായിരുന്നു'- ചേംബറിന്‍റെ പിന്തുണയുണ്ടെന്ന് സൂചിപ്പിച്ച് രവിചന്ദ്രൻ പറഞ്ഞു.
നടൻ വിക്രം നായകനായി അഭിനയിച്ച അന്യന്‍റെ ഹിന്ദി റീമേക്കിനെ കുറിച്ച് സോഷ്യൽ മീഡിയയിലൂടെ അറിഞ്ഞ് താൻ ഞെട്ടിപ്പോയെന്ന് രവിചന്ദ്രൻ പറഞ്ഞു. 'എന്‍റെ അറിവില്ലാതെ ചിത്രത്തിന്‍റെ റീമേക്ക് പ്രഖ്യാപിച്ചപ്പോൾ ഞാൻ ഞെട്ടിപ്പോയി. സിനിമ ചരിത്രത്തിൽ ആദ്യമായിട്ടാകും ഇങ്ങനെ സംഭവിക്കുന്നത്'-രവിചന്ദ്രൻ പറഞ്ഞു. രൺവീർ സിങ്ങിനെ നായകനാക്കി അന്യന്‍റെ ഹിന്ദി റീമേക്ക് ഒരുക്കുന്ന വിവരം ഈ വർഷം ഏപ്രിലിലാണ് ശങ്കർ പ്രഖ്യാപിച്ചത്.
അന്യനിൽ നിന്ന് പ്രചോദനം ഉൾകൊണ്ട് ചിത്രം വർത്തമാനകാലത്തേക്ക് പുനരാവിഷ്കരിക്കാൻ ഒരുങ്ങുകയായിരുന്നു ശങ്കർ. റീമേക്ക് എന്നതിനു പകരം 'ഒഫിഷ്യല്‍ അഡാപ്റ്റേഷന്‍' എന്നാണ് പ്രോജക്റ്റ് പ്രഖ്യാപന വേളയിൽ സാമൂഹിക മാധ്യമങ്ങളിൽ ശങ്കർ ചിത്രത്തെ വിശേഷിപ്പിക്കുന്നത്. 2022 മധ്യത്തോടെ ചിത്രീകരണം ആരംഭിക്കാനായിരുന്നു പദ്ധതി.
2005ൽ പുറത്തിറങ്ങിയ അന്യനിൽ 'മൾടിപ്ൾ പേഴ്സനാലിറ്റി ഡിസോഡർ' ബാധിച്ച വ്യക്തിയുടെ വേഷമായിരുന്നു വിക്രം കൈകാര്യം ചെയ്തിരുന്നത്. അമ്പി, റെമോ, അന്യൻ എന്നിങ്ങനെ മൂന്ന് വേഷ-ഭാവ പകർച്ച കൊണ്ട് വിക്രം ഏവരെയും ഞെട്ടിച്ചു. താരത്തിന്‍റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റുകളിൽ ഒന്നാണ് അന്യൻ. ഹിന്ദിയിൽ 'അപരിചിത്' തെലുഗുവിൽ 'അപരിചിതുടു' എന്നീ പേരിലും മൊഴിമാറ്റിയിരുന്നു. ചിത്രത്തിന് മികച്ച സ്പെഷ്യൽ എഫക്ടിനുള്ള ആ വർഷത്തെ ദേശീയ പുരസ്കാരം ലഭിച്ചിരുന്നു.
സദ, നെടുമുടി വേണു, പ്രകാശ് രാജ്, വിവേക്, നാസർ എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ അന്യൻ 53ാമത് ഫിലിം ഫെയർ അവാർഡിൽ (സൗത്ത്) മികച്ച സിനിമ, മികച്ച നടൻ, മികച്ച സംവിധായകൻ ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ വാരിക്കൂട്ടി.
റിലീസ് സമയത്ത് ചിത്രത്തിന് കേരളത്തിലും വൻ വരവേൽപായിരുന്നു ലഭിച്ചിരുന്നത്. ശങ്കറിന്‍റെ കഥക്ക് സുജാതയാണ് സംഭാഷണങ്ങൾ ഒരുക്കിയത്. ആസ്‍കാര്‍ ഫിലിംസിന്‍റെ ബാനറില്‍ വി. രവിചന്ദ്രന്‍ നിര്‍മ്മിച്ച ചിത്രത്തിനായി ഹാരിസ് ജയരാജ് ഈണമിട്ട ഗാനങ്ങളും സൂപ്പർ ഹിറ്റായി മാറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.