സിനിമയിലെ ട്രാൻസ്ജെൻഡർ; മാതൃക തീർത്ത് 'അന്തരം'
text_fieldsട്രാൻസ്ജെൻഡർ വിഷയം മുഖ്യപ്രമേയമാക്കി പി. അഭിജിത്ത് സംവിധാനം ചെയ്ത 'അന്തരം' എന്ന സിനിമയുടെ പ്രഥമ പ്രദർശനം തൃശൂർ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിെൻറ ആദ്യദിനത്തിൽ പ്രേക്ഷക ശ്രദ്ധ നേടിയപ്പോൾ മനസ്സിലേക്ക് ഓടിയെത്തിയത് കാൽ നൂറ്റാണ്ട് മുമ്പ് കണ്ട മറ്റൊരു സിനിമയാണ്. ഐ.എഫ്.എഫ്.കെയുടെ ആദ്യവർഷങ്ങളിലോ അതോ സൂര്യ ഫെസ്റ്റിവലോ എന്ന് ഓർത്തെടുക്കാനാവുന്നില്ല, മഹേഷ് ഭട്ട് സംവിധാനം ചെയ്ത 'തമന്ന' (1997). അതുവരെ വില്ലൻ കഥാപാത്രങ്ങളായി മാത്രം തിരശ്ശീലയിൽ പ്രത്യക്ഷപ്പെട്ടിരുന്ന നടൻ പരേഷ് റാവലിെൻറ ടിക്കുവെന്ന ട്രാൻസ് വുമൺ കഥാപാത്രം സിനിമ കണ്ടിറിങ്ങിയവരെയെല്ലാം വിസ്മയിപ്പിച്ചു. പലതരത്തിലുമുള്ള പരീക്ഷങ്ങൾക്ക് തയാറായ മലയാള സിനിമ എന്തുകൊണ്ട് 'തമന്ന' പോലെയൊരു സബ്ജെക്റ്റ് അവതരിപ്പിക്കാനുള്ള ധൈര്യം കാണിച്ചില്ലെന്നത് തുറന്ന് പറഞ്ഞേ മതിയാകൂ. പ്രബുദ്ധരെന്ന് സ്വയം വിശേഷിപ്പിക്കുന്ന മലയാളികൾക്ക് ട്രാൻസ്ജെൻഡർ സമൂഹത്തോട് പൊതുവെ നിലനിന്നിരുന്ന വൈമുഖ്യം അത്തരമൊരു സാധ്യതയെ സ്വീകരിക്കുന്നതിൽ നിന്നും പിന്തിരിപ്പിച്ചിട്ടുണ്ടെന്നതിൽ സംശയമേതുമില്ല.
ആദ്യകാലങ്ങളിൽ അശ്ളീല ചുവ കുത്തി നിറച്ച മിമിക്രി വേദിയിലെ സ്ഥിരം പരിഹാസ കഥാപാത്രങ്ങളുടെ എക്സ്റ്റൻഷൻ തന്നെയെന്ന് പറയാവുന്ന സിനിമകളാണ് ട്രാൻസ്ജെൻഡർ വിഷയമെന്ന പേരിൽ പുറത്തിറങ്ങിയത്. 'ചാന്ത്പൊട്ടി'നെ (2005) നിരൂപക സമൂഹം പൊതുവെ വാഴ്ത്തിപാടിയത് മഹത്തായ സിനിമ എന്ന മട്ടിലായിരുന്നു. ലിംഗമാറ്റമെന്നത് കൊടിയ അപരാധമാണെന്ന മട്ടിലുള്ള സന്ദേശം കൈമാറിയത് മാത്രമല്ല, പരിഹാസ്യ പദമായി മാറിയ ചാന്ത് പൊട്ട് എന്ന പേർ സ്വീകരിച്ചതും നേരത്തെ സൂചിപ്പിച്ചത് പോലെ മിമിക്രിയിൽ ട്രാൻസ്ജെൻഡർ സമൂഹത്തെ അനാവശ്യമായി അവഹേളിക്കുന്ന കാര്യത്തിൽ അനുഭവ സമ്പത്തുള്ള ദിലീപിനെ പോലെ ഒരാളെ അഭിനയിപ്പിച്ചതിന്‍റെ ഉദ്ദേശ ലക്ഷ്യം പോലും മഹത്തരമായിരുന്നില്ലെന്ന് വേണമെങ്കിൽ വിലയിരുത്താം. എന്നാൽ പിന്നീട് അർദ്ധനാരിയും (2016), ഞാൻ മേരിക്കുട്ടിയും (2018) പോലുള്ള മുഖ്യധാരാ സിനിമകളിൽ ട്രാൻസ്ജെൻഡർ വിഷയം പ്രധാന പ്രമേയമായി അവതരിക്കപ്പെട്ടതാകട്ടെ കൃത്യമായ ദിശാമാറ്റം തന്നെയായിരുന്നു. 2019 ലെ സുരേഷ് നാരായണൻ സംവിധാനം ചെയ്ത 'ഇരട്ട ജീവിത'മാണ് വാസ്തവത്തിൽ ഈ വിഷയത്തെ ആഴത്തിൽ സമീപിച്ച ആദ്യസിനിമയെന്ന് പറയാം. അതിെൻറ തുടർച്ചയാണ് വി.സി. അഭിലാഷിെൻറ 'ആളൊരുക്ക'വും സന്തോഷ് കീഴാറ്റൂർ മുഖ്യകഥാപാത്രമായ 'അവനോവിലോന'യും. പക്ഷെ അതിലൊന്നും തന്നെ ട്രാൻസ്ജെൻഡർ വേഷം കൈകാര്യം ചെയ്തത് പുരുഷ അഭിനേതാക്കൾ തന്നെയായിരുന്നുവെന്നത് ശ്രദ്ധേയമാണ്.
ട്രാൻസ്ജെൻഡർ വേഷങ്ങളെങ്കിലും തങ്ങൾക്ക് നൽകണമെന്ന് ഈ വിഭാഗത്തിൽ നിന്നുള്ളവർ സാമൂഹിക മാധ്യമങ്ങളിലടക്കം തുടർന്ന് പറഞ്ഞതാണ്. ഇതിന്‍റെ പ്രതിഫലനമായിട്ടായിരിക്കണം സ്ത്രീ കഥാപാത്രമായ ട്രാൻസ്ജെൻഡറിനെ തമിഴ് സിനിമയായ 'പേരമ്പി'ൽ അവതരിപ്പിച്ചത് ജീവിതത്തിലും ട്രാൻസ്ജെൻഡറായ മലയാളി അഭിനേത്രി അഞ്ജലി അമീറാണ്. അവിടെയാണ് തമിഴ് നാട് സ്വദേശിനിയായ നേഹ എന്ന ട്രാൻസ് വുമൺ 'അന്തര'ത്തിലെ നായികാ കഥാപത്രമായ അഞ്ജലിയായി അഭിനയിക്കുക വഴി പുതിയ പാത വെട്ടിത്തുറക്കുന്നത്. അത്തരത്തിൽ ട്രാൻസ്ജെൻഡർ വിഷയത്തെ ഗൗരവത്തിൽ സമീപിച്ച സിനിമായി പി. അഭിജിത്ത് സംവിധാനം ചെയ്ത' അന്തരം' മാറിയിരിക്കുന്നുവെന്നതാണ് എടുത്ത് പറയേണ്ടത്.
ഒന്നര പതിറ്റാണ്ടായി ന്യൂസ് ഫോട്ടോഗ്രാഫർ എന്ന നിലയിൽ പ്രവർത്തിക്കുന്ന പി. അഭിജിത്ത് ട്രാൻസ്ജെൻഡർ സമൂഹത്തിനെ കുറിച്ചുള്ള ഗവേഷണത്തിലായിരുന്നു. അഭിജിത്ത് സംവിധാനം ചെയ്ത 'അവളിലേക്കുള്ള ദൂരം' (2016), 'എന്നോടൊപ്പം' (2019), എന്നീ ഡോക്യുമെൻററികൾ നിരവധി പുരസ്ക്കാരങ്ങൾ നേടിയിരുന്നു. ഈ പ്രവർത്തനങ്ങളുടെയൊക്കൊ ഫലമായി അഭിജിത്ത് സ്വാംശീകരിച്ച ഒട്ടനവധി നേരനുഭവങ്ങളുടെ അനന്തരഫലമാണ് 'അന്തരം' എന്ന ഫീച്ചർ ഫിലിം സംഭവിക്കുന്നത്. മനസ്സിൽ നോവു പടർത്തിയ അനുഭവസാക്ഷ്യങ്ങളെ ആദ്യ സംവിധാന സംരഭത്തിൽ ദൃശ്യവൽക്കരിക്കുന്നതിൽ അഭിജിത്ത് പൂർണ്ണമായും വിജയിച്ചിട്ടുണ്ട്.
ഗ്രൂപ്പ് ഫൈവ് എന്‍റര്‍ടെയ്ന്‍മെന്‍റ്സിെൻറ ബാനറിൽ കോവിഡ് കാലത്ത് പരിമിത സാഹചര്യങ്ങളിലായിരുന്നു ചിത്രീകരണം. വിഭാര്യനായ നായക കഥാപാത്രം ഹരിയെന്ന ഹരീന്ദ്രൻ (കണ്ണൻ നായർ) ആകസ്മികമായാണ് അഞ്ജുവെന്ന അഞ്ജലിയെന്ന (നേഹ) ട്രാൻസ്വുമണിനെ പരിചയപ്പെടുന്നതും വിവാഹം ചെയ്യുന്നതും. അവരുടെ ഇടയിലേക്ക് ഹരിയുടെ മകൾ സ്നേഹ (നക്ഷത്ര മനോജ്) കടന്ന് വരുന്നതും പിന്നീട് കുടുംബത്തിൽ സംഭവിക്കുന്ന താളപ്പിഴകളുമാണ് ചിത്രം പറയുന്നത്. മലയാളിയായ അഞ്ജലി അമീർ തമിഴിൽ ശ്രദ്ധേയമായത് പോലെ തിരിച്ച് തമിഴ് നാട് സ്വദേശിനിയായ നേഹ 'അന്തര'ത്തിലെ നായികാ കഥാപാത്രമായി മാറിയെന്നത് കേവലം കൗതുകത്തിനപ്പുറം കൃത്യമായ തീരുമാനങ്ങളുടെ ഭാഗമായി മാറുകയുമാണ്. അതിസങ്കീർണമായ വേഷത്തിൽ നേഹ അക്ഷരാർത്ഥത്തിൽ ജീവിക്കുകയായിരുന്നു. അഞ്ജുവിന്റെ ഭർത്താവായ ഹരീന്ദ്രന്‍റെ വേഷം അതിമനോഹരമായി അവതരിപ്പിച്ച കണ്ണൻ നായർ നേരത്തെ സെക്സി ദുർഗ, കോൾഡ് കേസ്, ലില്ലി തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയനാണ്.
ട്രാൻസ് ജെൻഡറെ ജീവിതപങ്കാളിയായി സ്വീകരിച്ച സംഭവങ്ങൾ കേരളത്തിലടക്കം നിരവധിയുണ്ട്. അവരിൽ മിക്കവരും സംതൃപ്ത ജീവിതം നയിക്കുന്നുണ്ടെങ്കിലും ചിലതിലെങ്കിലും താളപ്പിഴകൾ സംഭവിച്ചിട്ടുണ്ട്. അത്തരത്തിൽ താളപ്പിഴ സംഭവിച്ച ഒന്നിനെയാണ് താൻ ഇതിവൃത്തമാക്കിയതെന്നും എല്ലാം അത്തരത്തിലാണെന്ന് അർത്ഥമില്ലെന്നും സംവിധായകൻ പറയുന്നു. ഹരിയുടെ മകൾ സ്നേഹയുടെ വേഷം തന്മയത്വത്തോടെ കൈകാര്യം ചെയ്തത് രക്ഷാധികാരി ബൈജുവിലെ അഭിനയത്തിന് മികച്ച ബാലതാരത്തിനുള്ള സംസ്ഥാന സർക്കാർ പുരസ്കാരം ലഭിച്ച നക്ഷത്ര മനോജ് എന്ന കൊച്ചു മിടുക്കിയാണ്.
കുറച്ച് രംഗങ്ങളിലേയുള്ളുവെങ്കിലും 'അന്തര'ത്തിൽ നിറഞ്ഞ് നിൽക്കുന്ന മറ്റൊരു കഥാപാത്രം ഹരീന്ദ്രന്‍റെ സുഹൃത്ത് അരവിന്ദനാണ്. നെഗറ്റീവ് ഷെയ്ഡുള്ള ശ്രദ്ധേയമായ വേഷം അതി മനോഹരമായി അവതരിപ്പിച്ച രാജീവൻ വെള്ളൂർ അഭിനന്ദനം അർഹിക്കുന്നു. ദീപൻ ശിവരാമന്റെ ഖസാക്കിന്റെ ഇതിഹാസത്തിന്റെ നാടകാവിഷ്ക്കാരത്തിൽ നൈജാമലിയെ അവിസ്മരണീയ അനുഭവമാക്കി മാറ്റിയ രാജീവൻ ഇതിനോടകം നിരവധി സിനിമകളിൽ ചെറുവേഷങ്ങൾ അഭിനയിച്ചിട്ടുണ്ട്.
യഥാർത്ഥ ജീവിതത്തിൽ ട്രാൻസ്മെൻ ആയി മാറിയ വിഹാന്‍ പീതാംബരന്‍ സിനിമയിൽ സ്വന്തം പേരിൽ അവസാന രംഗങ്ങളിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. പ്രശസ്ത എഴുത്തുകാരിയും അഭിനേത്രിയും പ്രമുഖ ട്രാന്‍സ് ആക്ടിവിസ്റ്റുമായ എ. രേവതി ചിത്രത്തിലെ രേവതിയമ്മ എന്ന കഥാപാത്രമായി അതിഥി താരമായി എത്തുന്നുവെന്ന മറ്റൊരു പ്രത്യേകതയുമുണ്ട്. നാടക പ്രവർത്തകയായ രേവതിയുടെ 'ദ് ട്രൂത്ത് എബൗട്ട് മീ' എന്ന ആത്മ കഥ രാജ്യത്തെ 320 സർവകലാ ശാലകളിൽ പാഠ്യവിഷയമാണ്. ഒപ്പം കാവ്യ, ലയ, ദീപ , സിയ എന്നിവർ യഥാക്രമം കാവ്യാമ്മ, ലയ മറിയ ജെയ്സൺ, ദീപാ റാണി, സിയ പവൽ എന്നിവരായി വേഷമിട്ടു. തെരുവിലെ ട്രാൻസ് വുമണായി പൂജയും കടന്നുവന്നു. സ്നേഹയുടെ കൂട്ടുകാരി ഗാഥയായി പി. ഗാഥയും മുത്തശ്ശനായി ഗിരീഷ് പെരിഞ്ചേരിയും മുത്തശ്ശിയായി എൽസി സുകുമാരനും കാർ ഡ്രൈവറായി ബാബു ഇലവും തിട്ടയും കൊച്ച് കൊച്ച് വേഷങ്ങൾ മനോഹരങ്ങളാക്കി. ഹരിയുടെ കൂട്ടുകാരായ ക്ളീറ്റസും രാജീവുമായി ജോമിൻ വി ജിയോയും മുനീർ ഖാനും തിളങ്ങി. രാഹുല്‍രാജീവ്, ബാസില്‍ എന്‍, ഹരീഷ് റയറോം, ജിതിന്‍രാജ്, വിഷ്ണു, സുദീപ് എന്നിവരാണ് മറ്റ് അഭിനേതാക്കൾ.
കൃത്യമായ സസ്പെൻസ് സൂക്ഷിക്കുന്ന സിനിമയിൽ തിരക്കഥാകൃത്തും സംവിധായകനും ഉയർന്നതലത്തിൽ വിജയിച്ചുവെന്ന് പറയാം. ഉടലാഴത്തിനും മൺറോതുരുത്തിനും കാമറ ചലിപ്പിച്ച എ. മുഹമ്മദിന്റെ ഛായാഗ്രഹണവും ഹൃദ്യമായി.
ജോജോ ജോണ്‍ ജോസഫ്, പോള്‍ കൊള്ളന്നൂര്‍, ജോമിന്‍ വി ജിയോ, രേണുക അയ്യപ്പന്‍, എ. ശോഭില എന്നിവരാണ് നിർമാതാക്കൾ. ജസ്റ്റിന്‍ ജോസഫ്, മഹീപ് ഹരിദാസ് എന്നിവരാണ് സഹനിര്‍മ്മാതാക്കൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.