'അന്തരം'; വീട്ടകങ്ങളിലെ ട്രാൻസ് ജീവിതത്തിന്റെ നേർക്കാഴ്ച
text_fieldsഇരുൾവീണ വഴിയരികിൽ ഉടുത്തൊരുങ്ങി കാത്തിരിക്കുന്ന ഇരുണ്ട കാലത്തിലല്ല, അവർ. അടിച്ചമർത്തപ്പെട്ട അരികുകളിൽ നിന്ന് തല ഉയർത്തിപ്പിടിച്ച് മുൻനിരയിലെത്താനുള്ള പ്രയാണത്തിലാണ്. ആണും പെണ്ണും എന്ന പോലെ ട്രാൻസ്െജൻഡർ എന്ന കോളവും അംഗീകരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന കാലത്ത് ട്രാൻസ് കഥകൾ കേൾക്കാനും കാണാനും ഒട്ടേറെ പേരുണ്ടെന്നും ഇവരിലും കലാകാരന്മാരും കലാകാരികളുമുണ്ടെന്ന സത്യം അംഗീകരിക്കപ്പെട്ടു കഴിഞ്ഞിരിക്കുന്നു. ഈ പാതയിൽ അവരെ മുൻനിരയിലെത്തിക്കാൻ കാമറക്കണ്ണുമായി മുന്നേ നടന്ന മാധ്യമം സീനിയർ ഫോട്ടോഗ്രാഫർ പി. അഭിജിത്തിന്റെ ആദ്യ സിനിമ ‘അന്തരം’ കൂടെ എന്ന ഒ.ടി.ടിയിൽ റിലീസാവുകയാണ്. മലയാള സിനിമ ചരിത്രത്തിൽ ആദ്യമായി സ്ത്രീ -ട്രാൻസ്ജെൻഡർ വിഭാഗത്തിൽ മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ട ചെന്നൈ സ്വദേശിനി ‘നേഹ’ക്ക് പുരസ്കാരം നേടിക്കൊടുത്ത സിനിമയാണ് ‘അന്തരം’.
ഒരു ട്രാൻസ് സ്ത്രീ വിവാഹിതയാകുന്നതും, പിന്നീട് അവർ നേരിടേണ്ടി വരുന്ന തീവ്രമായ അനുഭവങ്ങളും വിവരിക്കുന്ന സിനിമ പല അന്താരാഷ്ട്ര വേദികളിൽ ഇതിനകം മികച്ച അഭിപ്രായം നേടിയിരുന്നു. തെരുവിലെ ലൈംഗിക തൊഴിലാളിയുടെ കാഴ്ചകൾ വിട്ട് ട്രാൻസ്ജെൻഡറിന്റെ കുടുംബജീവിതത്തിലെ സന്തോഷങ്ങളിലേക്കും ദുഃഖങ്ങളിലേക്കും സ്വപ്നങ്ങളിലേക്കുമാണ് അഭിജിത്ത് കാമറ തുറന്നുവെക്കുന്നത്. 2016ൽ അഭിജിത്ത് സിനിമയെടുത്തു തുടങ്ങിയപ്പോഴുള്ള സിനിമ സാഹചര്യം പോലും ഇന്ന് മാറി. ട്രാൻസ്ജെൻഡർ ജീവിതങ്ങൾ പറയുന്ന സിനിമകൾ ഏറെ എത്തി, എത്തിക്കൊണ്ടിരിക്കുന്നു. ട്രാൻസ് മനുഷ്യരെ കുറിച്ചും കഷ്ടപ്പാടുകളിലും ദുരിതങ്ങളിലകപ്പെട്ട് ഒടുവിൽ പോരാട്ടത്തിലൂടെ വിജയം നേടുന്ന കഥകളുമാണ് സാധാരണ കണ്ടുവന്നത്. അന്തരത്തിൽ എത്തുമ്പോൾ ഇടത് പക്ഷ പുരോഗമന ചിന്താഗതി പുലർത്തുന്ന ഹരിയുടെ പങ്കാളിയായി ജീവിക്കുന്ന അഞ്ജലിയുടെ ജീവിതമാണ് നമ്മൾ കാണുന്നത്. ഹരിയുടെയും (കണ്ണൻ നായർ ) അഞ്ജലിയുടെയും (നേഹ ) ജീവിതത്തിലേക്ക് ആദ്യ ഭാര്യയിലെ മകൾ സ്നേഹ (നക്ഷത്ര മനോജ് ) കടന്നുവരുന്നതോടെ അഞ്ജലിയുടെ ജീവിതത്തിൽ ഉണ്ടാകുന്ന മാറ്റങ്ങളിലൂടെയാണ് സിനിമ സഞ്ചരിക്കുന്നത്. പങ്കാളിയുടെ മകളുമായുള്ള ആത്മബന്ധത്തിൽ അഞ്ജലിയുടെ അമ്മമനസ്സ് തളിർക്കുകയും പൂക്കുകയും ചെയ്യുന്നുണ്ട്. അതേസമയം വീട്ടിൽ അഭിപ്രായം തുറന്നുപറയുന്നുമുണ്ട്. അതിമനോഹരമായ ഗാനവും ചിത്രീകരണവും സിനിമയെ ശ്രദ്ധേയമാക്കുന്നു. ട്രാൻസ് നടിയെത്തന്നെ കേന്ദ്രകഥാപാത്രമാക്കി ഈ വ്യത്യസ്ത കാഴ്ചകളൊരുക്കുമ്പോൾ അഭിജിത്ത് തുറന്നുപറയുന്ന രാഷ്ട്രീയം പ്രേക്ഷകർക്കും വ്യക്തമാകും.
കോമഡി വരുത്തിക്കാനായി സിനിമയിലെത്തിയിരുന്ന ട്രാൻസ്ജെൻഡർ കഥാപാത്രങ്ങൾ ഇന്ന് സിനിമകളിൽ അധികം കാണാനില്ല. മമ്മൂട്ടി നായകനായെത്തിയ ‘പേരൻപി’ൽ അഭിനയിച്ച അഞ്ജലി അമീറായിരുന്നു അൽപം ദൈർഘ്യമേറിയ കഥാപാത്രത്തെ അവതരിപ്പിച്ചത്. മുഖ്യധാര സിനിമകളിലെ നടൻമാർ തന്നെ ട്രാൻസ്ജെൻഡർ കഥാപാത്രങ്ങളായി അഭിനയസാധ്യത പരീക്ഷിക്കുന്ന സിനിമകളും ഈയിടെ ഏറെ എത്തിയിരുന്നു. അർദ്ധനാരി, ഞാൻ മേരിക്കുട്ടി, ആളൊരുക്കം, അവനോവിലോന സിനിമകൾ തന്നെ ഉദാഹരണം.എന്നാൽ പുതുതായി റിലീസ് ചെയ്യാനിരിക്കുന്ന സിനിമകളിലും ഷൂട്ടിങ് നടക്കുന്ന സിനിമകളി ലും മുഴുനീള വേഷത്തിൽ ട്രാൻസ് നായികമാർ വരുന്നു എന്നതും കാലത്തിന്റെ മാറ്റമാണ്. ട്രാൻസ് ആക്ടിവിസ്റ്റും എഴുത്തുകാരിയും അഭിനേത്രിയുമായ എ. രേവതി, കാവ്യ, സിയ പവൽ, ദീപാറാണി, ലയ മരിയ ജയ്സൺ, പൂജ ,ട്രാൻസ്മാൻ വിഹാൻ പീതാംബർ എന്നിവർ അതിഥി താരങ്ങളായി അന്തരത്തിൽ എത്തിയിട്ടുണ്ട്.ഗ്രൂപ് ഫൈവ് എന്റർടെയ്ൻമെന്റ്സ് ബാനറിൽ ജോജോ ജോൺ ജോസഫ്, പോൾ കൊള്ളാന്നൂർ, ജോമിൻ വി.ജിയോ ,രേണുക അയ്യപ്പൻ, എ. ശോഭില എന്നിവരാണ് നിർമിച്ചിരിക്കുന്നത്. ജസ്റ്റിൻ ജോസഫും മഹീപ് ഹരിദാസുമാണ് സഹ നിർമാതാക്കൾ കാമറ -എ. മുഹമ്മദാണ് , എഡിറ്റിങ് - അമൽജിത്ത്, സൗണ്ട് ഡിസൈൻ വിഷ്ണു പ്രമോദ്, അജയ് ലേ ഗ്രാൻറ്, ഡി.ഐ വി.പി .സാജിദ് ഗാനരചന അജീഷ് ദാസൻ സംഗീതം രാജേഷ് വിജയ് ഗായിക സിതാര കൃഷ്ണകുമാർ,പശ്ചാത്തല സംഗീതം പാരിസ് വി.ചന്ദ്രൻ, എന്നിവരാണ്.
l
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.