മൻമോഹൻ സിങ്ങിന്റെ മരണത്തിനു പിന്നാലെ 'ദി ആക്‌സിഡന്റൽ പ്രൈം മിനിസ്റ്ററി’ൽ ഏറ്റുമുട്ടി അനുപം ഖേറും ഹൻസൽ മേത്തയും
text_fieldsന്യൂഡൽഹി: മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിന്റെ മരണത്തിനു പിന്നാലെ ‘ദി ആക്‌സിഡന്റൽ പ്രൈം മിനിസ്റ്റർ’ എന്ന സിനിമയെച്ചൊല്ലി വാക്ക് തർക്കത്തിലേർപ്പെട്ട് മുതിർന്ന നടൻ അനുപം ഖേറും ചലച്ചിത്ര നിർമാതാവ് ഹൻസൽ മേത്തയും. സിങ്ങിന്റെ മുൻ മാധ്യമ ഉപദേഷ്ടാവ് സഞ്ജയ് ബാരുവിന്റെ ഓർമക്കുറിപ്പുകളെ അടിസ്ഥാനമാക്കിയുള്ള ‘ദി ആക്‌സിഡന്റൽ പ്രൈം മിനിസ്റ്റർ’, ഇതുവരെ നിർമിച്ചതിൽ വച്ച് ഏറ്റവും മോശം ഹിന്ദി സിനിമകളിൽ ഒന്നാണെന്ന മുതിർന്ന പത്രപ്രവർത്തകൻ വീർ സാംഘ്വിയുടെ പോസ്റ്റോടെയാണ് ഇതെല്ലാം ആരംഭിച്ചത്. പോസ്റ്റ് ഹൻസൽ മേത്ത പങ്കിട്ടതോടെ വിമർശന പോസ്റ്റുമായി നടൻ അനുപം ഖേറും കളത്തിലിറങ്ങി.
മുൻ പ്രധാനമന്ത്രി സിങ്ങായി അനുപം ഖേറും സഞ്ജയ് ബാരു ആയി നടൻ അക്ഷയ് ഖന്നയും അഭിനയിച്ച ഈ ചിത്രം സംവിധാനം ചെയ്തത് വിജയ് ഗുട്ടെയാണ്. സിങ്ങിന്റെ നേതൃത്വത്തിലുള്ള രാഷ്ട്രീയ സംഭവങ്ങളും തീരുമാനങ്ങളും അതിൽ ചിത്രീകരിച്ചിട്ടുണ്ട്. പ്രധാനമന്ത്രി എന്ന നിലയിലുള്ള വെല്ലുവിളികളും അദ്ദേഹത്തിന്റെ ഭരണത്തിൽ കോൺഗ്രസ് പാർട്ടിയുടെ സ്വാധീനവും സിനിമയിൽ ഉണ്ടായിരുന്നു.
എന്നാൽ, ‘മൻമോഹൻ സിങ്ങിനെക്കുറിച്ച് പറഞ്ഞ നുണകൾ ഓർമിക്കണമെങ്കിൽ നിങ്ങൾ 'ദി ആക്‌സിഡന്റൽ പ്രൈം മിനിസ്റ്റർ' വീണ്ടും കാണണം. ഇതുവരെ നിർമിച്ചതിൽ വെച്ച് ഏറ്റവും മോശം ഹിന്ദി സിനിമകളിൽ ഒന്നാണെന്ന് മാത്രമല്ല, ഒരു നല്ല മനുഷ്യനെ മോശക്കാരനാക്കാൻ മാധ്യമങ്ങളെ എങ്ങനെ ഉപയോഗിച്ചുവെന്നതിന്റെ ഉദാഹരണവുമാണ്’ എന്നായിരുന്നു സാംഘ്വിയുടെ ‘എക്‌സി’ലെ പോസ്റ്റ്.
56 കാരനായ മേത്ത സാംഘ്വിയുടെ പോസ്റ്റ് പങ്കിടുകയും അതിന് ‘+100’ എന്ന് അടിക്കുറിപ്പ് നൽകുകയും ചെയ്തു. സിനിമ മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിനെക്കുറിച്ചുള്ള ‘നുണകൾ’ കൊണ്ട് നിറഞ്ഞതാണതെന്ന സാംഘ്‍വിയുടെ വാദം ചലച്ചിത്ര നിർമാതാവ് പിന്തുണച്ചതോടെ രംഗം ചൂടുപിടിച്ചു.
അതിനു മുമ്പ് ഇട്ട മറ്റൊരു പോസ്റ്റിൽ മേത്ത സിങ്ങിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തുകയും രാജ്യം അദ്ദേഹത്തോടു മാപ്പ് പറയണമെന്നും ആവശ്യപ്പെട്ടിരുന്നു. ‘മറ്റെല്ലാവരേക്കാളും ഞാൻ അദ്ദേഹത്തോട് കടപ്പെട്ടിരിക്കുന്നു. വളരെ ഭാരപ്പെട്ട ഹൃദയത്തോടെ ഖേദം അറിയിക്കുന്നു. ഒരു സാമ്പത്തിക വിദഗ്ധൻ, ധനമന്ത്രി, പ്രധാനമന്ത്രി എന്നീ നിലകളിലായിരുന്നു താങ്കളുടെ നേട്ടങ്ങൾ. കൂടാതെ, താങ്കൾ മാന്യനായ ഒരു മനുഷ്യൻ ആയിരുന്നു. മര്യാദകെട്ടവർ ആധിപത്യം പുലർത്തുന്ന തൊഴിലിടത്തിലെ അപൂർവ മാന്യൻ - മേത്ത കുറിച്ചു.
സാംഘ്വിയുടെ പോസ്റ്റിന് മേത്തയുടെ അംഗീകാരം ഖേറിനെ പ്രകോപിപ്പിച്ചു. സിനിമയുടെ ക്രിയേറ്റീവ് ഡയറക്ടറായി മേത്ത പ്രവർത്തിച്ചിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടി ഖേറും പോസ്റ്റിട്ടു. ഇതിലെ ‘കപടൻ’ വീർ സാംഘ്‍വിയല്ല. ഒരു സിനിമ ഇഷ്ടപ്പെടാതിരിക്കാനുള്ള സ്വാതന്ത്ര്യം അദ്ദേഹത്തിനുണ്ട്. എന്നാൽ ‘ദി ആക്‌സിഡന്റൽ പ്രൈം മിനിസ്റ്ററിന്റെ ക്രിയേറ്റീവ് ഡയറക്ടർ ആയിരുന്നു ഹൻസൽ മേത്ത. ഇംഗ്ലണ്ടിൽ നടന്ന സിനിമയുടെ മുഴുവൻ ചിത്രീകരണത്തിലും അദ്ദേഹം പങ്കെടുത്തിരുന്നു! തന്റെ ക്രിയേറ്റീവ് ഇൻപുട്ടുകളും നൽകി. അതിനുള്ള ഫീസും കൈപറ്റിയിരിക്കണം. അതിനാൽ വീർ സാംഘ്വിയുടെ അഭിപ്രായത്തോട് 100ശതമാനം അനുകൂലിച്ചത് അദ്ദേഹത്തിന്റെ കുഴപ്പവും ഇരട്ടത്താപ്പ് നിറഞ്ഞതുമാണ്’ -69 കാരനായ നടൻ എഴുതി.
സാംഘ്വിയുടെ അഭിപ്രായത്തോട് താൻ യോജിക്കുന്നില്ലെങ്കിലും കലാകാരന്മാർക്ക് മോശമായോ അല്ലെങ്കിൽ വ്യത്യസ്തമായോ ജോലി ചെയ്യാനാവുമെന്ന് താൻ വിശ്വസിക്കുന്നുവെന്നും ഖേർ പറഞ്ഞു. കൂടാതെ മേത്തയുടെ പഴയ പോസ്റ്റുകൾ ഖേർ കുത്തിപ്പുറത്തെടുക്കുകയും ചെയ്തു. ഹൻസൽ മേത്ത തന്നെയും സഞ്ജയ് ഖന്നയെയും സിനിമയിലെ മികവിന് ഗുട്ടെയെയും അഭിനന്ദിച്ചുകൊണ്ടുള്ളതായിരുന്നു അത്.
തുടർന്ന് ‘ദി ആക്‌സിഡൻ്റൽ പ്രൈം മിനിസ്റ്റർ’ എന്ന സിനിമയിൽ മുൻ ഒഡിഷ മുഖ്യമന്ത്രി നവീൻ പട്‌നായിക്കായി അതിഥി വേഷത്തിൽ എത്തിയ മേത്ത പ്രതികരിച്ചു. തന്റെ തെറ്റുകൾക്ക് താൻ എപ്പോഴും ഉത്തരവാദിയാണെന്ന് പറഞ്ഞു. ‘എനിക്ക് തെറ്റ് പറ്റിയെന്ന് സമ്മതിക്കാം. പറ്റില്ലേ സാർ? എനിക്ക് അനുവദിച്ചത് പോലെ പ്രൊഫഷണലായി ഞാൻ എന്റെ ജോലി ചെയ്തു. നിങ്ങൾക്ക് അത് നിഷേധിക്കാമോ? എന്നാൽ അതിനർത്ഥം ഞാൻ സിനിമയെ പ്രതിരോധിക്കണമെന്നോ അതിനെ വാഴ്ത്തണമെന്നോ അല്ല.
മറ്റൊരു പോസ്റ്റിൽ, അശ്രദ്ധമായി വേദനിപ്പിച്ചതിന് നിർമാതാവ് നടനോട് ക്ഷമ ചോദിക്കുകയും ഏത് ഉചിതമായ നിമിഷത്തിലും ഖേറുമായുള്ള ബന്ധം നന്നാക്കാനൊരുക്കമാണെന്ന് പറഞ്ഞ് പുതുവൽസര-ക്രിസ്മസ് ആശംസകൾ അറിയിക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.