ബോളിവുഡിന്റെ ബോക്സോഫീസ് ശാപം നീക്കിയത് ഷാരൂഖ് ഖാൻ -അനുരാഗ് കശ്യപ്
text_fieldsബോളിവുഡിന്റെ ബോക്സോഫീസ് ശാപം നീക്കിയത് ഷാരൂഖ് ഖാനും അദ്ദേഹം നിർമിച്ച പത്താൻ സിനിമയുമാണെന്ന് സംവിധായകൻ അനുരാഗ് കശ്യപ്. ഈ വർഷത്തെ ബോളിവുഡ് ബോക്‌സ് ഓഫീസ് പ്രകടനങ്ങളെക്കുറിച്ച് ഒരു അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ വർഷം ബോളിവുഡിൽ രണ്ട് ഷാരൂഖ് ചിത്രങ്ങളാണ് വൻ വിജയം നേടിയത്. ഷാരൂഖിന്‍റെ റെഡ് ചില്ലീസ് എന്റർടെയിൻമെന്റ്സ് നിർമിച്ച പത്താനും ജവാനുമാണ് ഹിറ്റായി മാറിയത്.
‘ഈ വർഷത്തെ ഏറ്റവും അവിസ്മരണീയ നിമിഷം പത്താൻ ബോളിവുഡിന്റെ ബോക്സോഫീസ് ശാപം തകർത്തതു തന്നെയാണ്. ബോളിവുഡിൽ ഒരു ശാപമുണ്ടായിരുന്നു. ഷാരൂഖ് ഖാൻ വന്ന്, ' ഹടാവോ ഇസ്‌കോ' (അത് നീക്കം ചെയ്യുക) എന്ന് പറഞ്ഞ് അത് അങ്ങ് നീക്കി. അതായിരുന്നു നിർണായക നിമിഷം’-അനുരാഗ് പറഞ്ഞു.
‘വളരെ നല്ല കാര്യമാണത്. വിതരണക്കാരും, സ്റ്റുഡിയോകളും എല്ലാവരും സന്തുഷ്ടരാണ്. ബോളിവുഡിന്റെ ശാപം നീങ്ങി. അവർ സന്തുഷ്ടരായിരിക്കുമ്പോൾ എന്റെ പ്രോജക്റ്റുകൾ പച്ചപിടിക്കുമെന്ന് എനിക്കറിയാം’-അദ്ദേഹം കൂട്ടിച്ചേർത്തു. അനുരാഗ് കശ്യപ് തന്റെ വരാനിരിക്കുന്ന കെന്നഡി എന്ന ചിത്രത്തിന്റെ പ്രൊമോഷനുകളുടെ തിരക്കിലാണ്. രാഹുൽ ഭട്ടും സണ്ണി ലിയോണും അഭിനയിച്ച ഈ ഹിന്ദി ത്രില്ലർ ചിത്രം, കാൻസ് 2023 ചലച്ചിത്ര മേളയിലെ പ്രദർശനത്തിൽ നിറഞ്ഞ കയ്യടി നേടിയിരുന്നു.
വൻ പരാജയങ്ങളും, ബോക്സ് ഓഫീസ് ദുരന്തങ്ങളും തുടർച്ചയായി വേട്ടയാടിയ ചലച്ചിത്ര മേഖലയാണ് ബോളിവുഡ്. കോടികൾ ചെലവിട്ട് നിർമ്മിച്ച സൂപ്പർ സ്റ്റാർ ചിത്രങ്ങൾ പോലും വെള്ളിത്തിരയിൽ കൂപ്പുകുത്തി. എന്നാൽ രണ്ട് ഷാരൂഖ് ചിത്രങ്ങൾ വമ്പൻ വിജയങ്ങളാണ് ബോളിവുഡിന് സമ്മാനിച്ചത്. 1000 കോടിക്ക് മുകളിലാണ് ഈ ചിത്രങ്ങൾ ആഗോള ബോക്‌സ് ഓഫീസിൽ നിന്ന് നേടിയത്. ഈ വർഷം പുറത്തിറങ്ങിയ ഗദർ 2, റോക്കി ഔർ റാണി കി പ്രേം കഹാനി ഏറ്റവും ഒടുവിൽ 500 കോടി നേടി മുന്നേറുന്ന അനിമൽ തുടങ്ങിയ സിനിമകളും ബോക്സ് ഓഫീസിൽ നേട്ടമുണ്ടാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.