‘രണ്ട് തവണ ഹാർട്ട് അറ്റാക്ക് വന്നു, മദ്യത്തിൽ അഭയം തേടി’: ഒ.ടി.ടി പ്ലാറ്റ്ഫോമിന്റെ പിന്മാറ്റം തന്നെ തളർത്തിയെന്ന് അനുരാഗ് കശ്യപ്
text_fieldsപ്രമുഖ ഒ.ടി.ടി പ്ലാറ്റ്ഫോമുകൾ കേന്ദ്രസര്‍ക്കാരിന്റയും ബി.ജെ.പിയുടെയും നിയന്ത്രണങ്ങൾക്ക് വിധേയമാകേണ്ടിവരുന്നു എന്ന ആരോപണത്തിന് ബലംനൽകി സംവിധായകൻ അനുരാഗ് കശ്യപിന്‍റെ വെളിപ്പെടുത്തൽ. ക്രിമിനല്‍ കേസുകള്‍, കൂട്ടായ സമ്മർദ്ദം എന്നിവ ഒ.ടി.ടി പ്ലാറ്റ്ഫോമുകള്‍ക്ക് നേരെ ഉപയോഗിക്കുന്നെന്ന ആരോപണം നേരത്തേതന്നെ ശക്തമാണ്. ഹിന്ദു വലതപക്ഷ സംഘടനകളെയും ബി.ജെ.പിയെയും ബാധിക്കുന്ന ഉള്ളടക്കങ്ങളില്‍ മാറ്റം വരുത്തണമെന്ന് നിരന്തരം ആവശ്യപ്പെടുകയും അത്തരം സീരീസുകളും സിനിമകളും എടുക്കുന്നവരെ ബഹിഷ്കരിക്കാൻ ഒ.ടി.ടി പ്ലാറ്റ്ഫോമുകളെ നിർബന്ധിക്കുകയും ചെയ്യുന്നതാണ് ഇവരുടെ രീതി.
ഇന്ത്യയുടെ രാഷ്ട്രീയ, മത, ജാതി വിഭജനങ്ങൾ കൈകാര്യം ചെയ്യുന്ന ചിത്രങ്ങള്‍ നിരസിക്കപ്പെടുകയോ പകുതിയിൽ ഉപേക്ഷിക്കുകയോ ചെയ്യുന്നത് അടുത്തിടെ പതിവായിരുന്നു. പൂർത്തിയാക്കിയ പരമ്പരകളും സിനിമകളും പോലും നെറ്റ്ഫ്ലിക്സും പ്രൈം വീഡിയോയും ഉപേക്ഷിക്കുകയും തടഞ്ഞുവെക്കുകയും ചെയ്തിട്ടുണ്ട്. ഇതിന്‍റെ ഭാഗമായി 'താണ്ഡവ്' വിവാദത്തെ തുടർന്ന്, വിവിധ സ്ട്രീമിങ് പ്ലാറ്റ്‌ഫോമുകളിലായി റിലീസ് ചെയ്യാൻ നിശ്ചയിച്ചിരുന്ന നിരവധി വെബ് സീരിസുകളും സിനിമകളുമാണ് മാറ്റിവയ്‌ക്കേണ്ടി വന്നത്. അനുരാഗ് കശ്യപിന്റെ മാക്സിമം സിറ്റി എന്ന പ്രൊജക്റ്റും ഇതിൽ പെടുന്നു. പ്രീ-പ്രൊഡക്ഷനിലേക്ക് കടക്കുന്ന ഘട്ടത്തിലാണ് നെറ്റ്ഫ്ലിക്സ് പദ്ധതിയിൽ നിന്ന് പിന്മാറിയത്.
‘രണ്ട് തവണ ഹാർട്ട് അറ്റാക്ക് വന്നു, മദ്യത്തിൽ അഭയം തേടി’
വാഷിംഗ്ടൺ പോസ്റ്റിന് അടുത്തിടെ നൽകിയ അഭിമുഖത്തിൽ, മാക്സിമം സിറ്റിയെക്കുറിച്ചും അതിന് നേരിടേണ്ടിവന്ന അദൃശ്യ സെൻസറിങ്ങിനെക്കുറിച്ചും അനുരാഗ് സംസാരിച്ചു. താണ്ഡവ് വിവാദത്തിന് ശേഷം സ്ട്രീമിങ് പ്ലാറ്റ്‌ഫോമുകൾ സ്വീകരിച്ച 'സെൽഫ് സെൻസർഷിപ്പിൽ' അദ്ദേഹം നിരാശ പ്രകടിപ്പിച്ചു, അതിനെ "ഇൻവിസിബിൾ സെൻസർഷിപ്പ്" എന്നാണ് അനുരാഗ് വിശേഷിപ്പിച്ചത്.
മാക്‌സിമം സിറ്റിയിൽ നിന്നുള്ള നെറ്റ്ഫ്ലിക്‌സിന്റെ പിൻവാങ്ങലിന് പ്രത്യേക യുക്തി ഇല്ലായിരുന്നുവെന്നും കശ്യപ് വെളിപ്പെടുത്തി. ഈ സംഭവം തന്‍റെ സ്വകാര്യ ജീവിതത്തിൽ ഉണ്ടാക്കിയ നഷ്ടങ്ങളെപ്പറ്റിയും അനുരാഗ് സംസാരിച്ചു. സംഭവത്തിനുശേഷം ദീർഘനാൾ താൻ വിഷാദത്തിലൂടെ കടന്നുപോയെന്നും മദ്യത്തിൽ ആശ്വാസം തേടിയെന്നും അനുരാഗ് പറയുന്നു. തനിക്ക് രണ്ട് തവണ ഹൃദയാഘാതം ഉണ്ടായെന്നും അനുരാഗ് വെളിപ്പെടുത്തി.
‘സ്ട്രീമിങ്ങ് പ്ലാറ്റ്‌ഫോമുകളുടെ വരവ് വിപ്ലവം സൃഷ്ടിക്കുമെന്നാണ് താൻ പ്രതീക്ഷിച്ചിരുന്നത് എന്നാൽ അതുണ്ടായില്ല’ -അദ്ദേഹം കൂട്ടിച്ചേർത്തു. അനുരാഗ് കശ്യപിന്റെ ഏറ്റവും പുതിയ ചിത്രമായ 'കെന്നഡി' 2023ലെ കാൻ ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിച്ചിരുന്നു. സീ സ്റ്റുഡിയോസ് നിർമ്മിച്ച ചിത്രത്തിൽ സണ്ണി ലിയോൺ, രാഹുൽ ഭട്ട് എന്നിവരാണ് പ്രധാന വേഷങ്ങളിൽ എത്തിയത്
താണ്ഡവ് വിവാദം
ആമസോൺ പ്രൈം വിഡിയോ നിര്‍മ്മിച്ച താണ്ഡവിനെതിരായി രമേശ് സോളങ്കി എന്ന ഹിന്ദുത്വ പ്രവര്‍ത്തകനാണ് പൊലീസിൽ പരാതി നല്‍കിയത്. പരമ്പര പിൻവലിക്കുന്നതിന് താൻ ഉള്‍പ്പെടെയുള്ള ഹിന്ദുത്വ വാദികള്‍ വാട്സ്ആപ്പ്, ഫെയ്സ്ബുക്ക് ഉള്‍പ്പെടെയുള്ള സമൂഹമാധ്യമങ്ങള്‍ ഉപയോഗിച്ച് ഒടിടി പ്ലാറ്റ്ഫോമിനെതിരെ സമ്മര്‍ദം ചെലത്തിയതായി സോളങ്കി പറഞ്ഞിരുന്നു. ലോകത്തെ പല കോണുകളില്‍ നിന്നുള്ളവർ ഇതില്‍ അംഗങ്ങളാണെന്നും ഇതിനായി സാമ്പത്തികവും നിയമപരമായ സഹായങ്ങള്‍ ലഭ്യമാക്കിയതായും സോളങ്കി അവകാശപ്പെട്ടിട്ടുണ്ട്. തന്റെ പ്രവര്‍ത്തനത്തെ അഭിനന്ദിച്ച് ബിജെപി നേതാക്കള്‍ ആശംസ സന്ദേശങ്ങള്‍ അയച്ചതായും 2022ല്‍ താൻ ബിജെപിയില്‍ ചേര്‍ന്നതായും സോളങ്കി വെളിപ്പെടുത്തി.
കോണ്‍ഫഡറേഷൻ ഓഫ് ഇന്ത്യൻ ഇന്റസ്ട്രീസിന്റെയും ബോസ്റ്റണ്‍ കണ്‍സള്‍ട്ടിങ് ഗ്രൂപ്പിന്റെയും കണക്കനുസരിച്ച് ഒ.ടി.ടി സ്ട്രീമിങ് പ്ലാറ്റ്ഫോമുകളില്‍ നിന്നുള്ള ഇന്ത്യൻ വരുമാനം 2022ലെ 260 കോടിയില്‍ നിന്ന് 2030 ഓടെ 1300 കോടിയായി ഉയരും. സർക്കാറിനെ പിണക്കി ഇത് നഷ്ടപ്പെടുത്താൻ തയ്യാറല്ല എന്നതാണ് ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളുടെ നിലപാട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.