ജോജുവിന്‍റെ 'പണി'യിൽ വീണ് അനുരാഗ് കശ്യപ്; കൊറിയൻ ന്യൂ വേവ് സിനിമകൾക്കൊപ്പം നിൽക്കുന്ന ചിത്രം
text_fieldsജോജു ജോർജ് ആദ്യമായി സംവിധാനം ചെയ്ത 'പണി' സിനിമയെ പ്രശംസിച്ച് ബോളിവുഡ് സംവിധായകനും നടനുമായ അനുരാഗ് കശ്യപ്.കൊറിയൻ നവ തരംഗ സിനിമകൾക്കൊപ്പം നിൽക്കുന്ന ചിത്രം എന്നാണ് പണി കണ്ട ശേഷം അദ്ദേഹം ഇൻസ്റ്റഗ്രാമിൽ കുറിച്ചത്.
'മലയാള സിനിമ വീണ്ടും ഞെട്ടിക്കുകയും അത്ഭുതപ്പെടുത്തുകയും മനസ്സിനെ കീഴ്പ്പെടുത്തുകയും ചെയ്തിരിക്കുകയാണ്. ജോജു ജോര്‍ജ്ജിന്‍റെ പവർഫുൾ ത്രില്ലർ ഡ്രാമയായ 'പണി' കണ്ടു, സംവിധായകനായുള്ള അരങ്ങേറ്റം തന്നെ എത്രയും ആത്മവിശ്വാസത്തോടെയാണ് ചെയ്തിരിക്കുന്നത്. ചില കൊറിയൻ നവ തരംഗ ചിത്രങ്ങളുടെ തലത്തിലേക്ക് ഉയർന്ന ചിത്രം. 'പണി' ഒരിക്കലും മിസ് ചെയ്യരുത്, ഒക്ടോബർ 2ന് ചിത്രം തിയറ്ററുകളിലെത്തും'- അനുരാഗ് കശ്യപ് കുറിച്ചു.
ജൂനിയര്‍ ആര്‍ടിസ്റ്റായി സിനിമയിലെത്തി ശേഷം സഹനടനില്‍ നിന്നും നായക നിരയിലേക്കുയർന്ന ജോജു ജോർജ് ആദ്യമായി രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്ന 'പണി'യുടെ ട്രെയിലർ ഇതിനകം യൂട്യൂബിൽ തരംഗമായി കഴിഞ്ഞു. ഹെവി ആക്ഷൻ പാക്ക്ഡ് ഫാമിലി എന്‍റർടെയ്നറാണ് ചിത്രമെന്നാണ് ട്രെയിലർ നൽകിയിരിക്കുന്ന സൂചന. മലയാളത്തിനു പുറമേ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം പ്രദര്‍ശനത്തിനെത്തുന്നുണ്ട്.
സിനിമയുടേതായി ഇതിനകം പുറത്തിറങ്ങിയ പോസ്റ്ററുകളും മറന്നാടു പുള്ളേ... എന്ന ഗാനവും സോഷ്യൽ മീഡിയ ഏറ്റെടുത്തിരുന്നു. ചിത്രത്തില്‍ ജോജുവിന്‍റെ നായികയായി എത്തുന്ന അഭിനയ യഥാർഥ ജീവിതത്തിൽ സംസാരശേഷിയും കേൾവി ശക്തിയും ഇല്ലാത്ത പെൺകുട്ടിയാണ്. തമിഴ്, തെലുങ്ക്, മലയാളം ഭാഷകളിലുള്ള സിനിമകളിലും മുമ്പ് അഭിനയ വേഷമിട്ടിട്ടുണ്ട്. പരിമിതികൾ സ്വപ്നങ്ങൾക്ക് തടസ്സമല്ലെന്ന് തെളിയിച്ച അഭിനയ ജോജുവിന്‍റെ നായികയായി 10 വർഷങ്ങൾക്ക് ശേഷം വീണ്ടും മലയാളത്തിൽ എത്തുന്നത് ഒത്തിരി പ്രതീക്ഷയോടെയാണ് സിനിമാ പ്രേമികൾ കാണുന്നത്. താരങ്ങളായ സാഗർ, ജുനൈസ്, ഗായിക അഭയ ഹിരൺമയി, പ്രശാന്ത് അലക്സ്, സുജിത് ശങ്കർ തുടങ്ങി വൻ താരനിരയും, കൂടാതെ അറുപതോളം പുതിയ താരങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.
ബിഗ് ബജറ്റില്‍ ഒരുങ്ങുന്ന സിനിമയുടെ ഷൂട്ട് 110 ദിവസത്തോളം നീണ്ടുനിന്നിരുന്നു. ഒരു മാസ്സ്, ത്രില്ലർ, റിവഞ്ച് ജോണറിൽ എത്തുന്ന ചിത്രം ജോജുവിന്‍റെ തന്നെ പ്രൊഡക്ഷൻ കമ്പനിയായ അപ്പു പാത്തു പപ്പു പ്രൊഡക്ഷൻസിന്‍റെയും, എ ഡി സ്റ്റുഡിയോസിന്‍റെയും, ശ്രീ ഗോകുലം മൂവീസിന്‍റെയും ബാനറിൽ എം റിയാസ് ആദം, സിജോ വടക്കൻ എന്നിവർ ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. ശ്രീ ഗോകുലം മൂവിസിലൂടെ ഡ്രീം ബിഗ് ഫിലിംസ് ആണ് ചിത്രം വിതരണത്തിന് എത്തിക്കുന്നത്.
ഇന്ത്യന്‍ സിനിമയിലെ തന്നെ മുന്‍ നിര ടെക്നീഷ്യന്‍മാരാണ് ചിത്രത്തിന്‍റെ അണിയറയില്‍ പ്രവര്‍ത്തിക്കുന്നത്. വിഷ്ണു വിജയ്, സാം സി എസ് എന്നിവരാണ് സംഗീതം. ക്യാമറ വേണു ISC, ജിന്‍റോ ജോർജ്. എഡിറ്റർ: മനു ആന്‍റണി, പ്രൊഡക്ഷൻ ഡിസൈൻ: സന്തോഷ് രാമൻ, സ്റ്റണ്ട്: ദിനേശ് സുബ്ബരായൻ, കോസ്റ്റ്യൂം: സമീറ സനീഷ്, മേക്കപ്പ്: റോഷൻ എൻ.ജി, പ്രൊഡക്ഷൻ കൺട്രോളർ: ദീപക് പരമേശ്വരൻ, പിആർഒ: ആതിര ദിൽജിത്ത്, ഡിജിറ്റൽ പ്രൊമോഷൻ: ഒബ്സ്ക്യൂറ എന്‍റർടെയ്ൻമെന്‍റ്സ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.