അനുഷ്ക ഷെട്ടിയുടെ ബഹുഭാഷ ചിത്രം 'നിശബ്ദം' ഒ.ടി.ടി റിലീസിന്
text_fieldsചെന്നൈ: കോവിഡ് വ്യാപനം കുറയാത്ത സാഹചര്യത്തിൽ രാജ്യത്ത് തിയറ്റർ തുറക്കാൻ ഇനിയും അനുമതി ലഭിച്ചിട്ടില്ല. ഈ പശ്ചാത്തലത്തിൽ കൂടുതൽ ചിത്രങ്ങൾ ഓവർ ദ ടോപ് (ഒ.ടി.ടി) റിലീസിനെരുങ്ങുകയാണ്. അനുഷ്ക ഷെട്ടിയും ആർ. മാധവനും സുപ്രധാന വേഷങ്ങളിൽ അഭിനയിച്ച ബഹുഭാഷാ ചിത്രം 'നിശബ്ദം' ആണ് തിയറ്റർ റിലീസ് ഒഴിവാക്കി ഒ.ടി.ടി റിലീസ് പ്രഖ്യാപിച്ച ഏറ്റവും പുതിയ ചിത്രം.
ഹേമന്ദ് മധുർകർ സംവിധാനം ചെയ്ത ചിത്രം ആമസോൺ പ്രൈമിലൂടെ റിലീസ് ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ. വ്യാഴാഴ്ച ഇതുസംബന്ധിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാവും. മാർച്ച് ആറിന് ചിത്രത്തിൻെറ ട്രെയിലർ അണിയറപ്രവർത്തകർ പങ്കുവെച്ചിരുന്നു. തെലുഗുവിലും ഹിന്ദിയിലും 'നിശബ്ദം' എന്ന പേരിലെത്തുന്ന ചിത്രം 'സൈലൻസ്' എന്ന പേരിലാണ് മലയാളത്തിലും തമിഴിലും റിലീസ് ചെയ്യുന്നത്.
ശാലിനി പാണ്ഡേ, അഞ്ജലി, ഹോളിവുഡ് നടൻ മൈക്കൽ മാഡ്സൺ എന്നിവരാണ് മറ്റ് താരങ്ങൾ. സാക്ഷിയെന്ന ഊമയായ കലാകാരിയുടെ വേഷത്തിലാണ് അനുഷ്ക അഭിനയിച്ചിരിക്കുന്നത്. ആൻറണി എന്ന സംഗീതജ്ഞൻെറ വേഷം മാധവൻ കൈകാര്യം ചെയ്തിരിക്കുന്നു.
ഒ.ടി.ടി റിലീസിനൊരുങ്ങുന്നതിൻെറ ഭാഗമായി ചിത്രത്തിൻെറ നിർമാതാക്കൾ തമിഴിലെ തിയറ്റർ റിലീസ് കരാർ റദ്ദാക്കി. ഒ.ടി.ടി റിലീസ് ചെയ്യാൻ നിങ്ങൾ ഒരുക്കമാണോ എന്ന് ചോദിച്ച് സെപ്റ്റംബർ 15ന് നിർമാതാവ്കോന വെങ്കട്ട് ട്വിറ്ററിൽ വേട്ടെടുപ്പ് നടത്തിയിരുന്നു.
11000ത്തിലധികം പേർ പങ്കെടുത്ത വേട്ടെടുപ്പിൽ 70 ശതമാനം പേരും ഒ.ടി.ടി റിലീസിന് തയാറാണെന്നാണ് മറുപടി നൽകിയത്. 14.1 ശതമാനം പേർ തിയറ്റർ റിലീസ് വേണമെന്ന് അഭിപ്രായം രേഖപ്പെടുത്തിയപ്പോൾ ഏതായാലും കുഴപ്പമില്ലെന്നായിരുന്നു 15.3 ശതമാനം പേരുടെ പക്ഷം.
മോഹന കൃഷ്ണ ഇന്ദ്രകാന്തി സംവിധാനം ചെയ്ത് നാനി, സുധീർ ബാബു എന്നിവർ നായകൻമാരായി അഭിനയിച്ച 'വി' എന്ന ചിത്രത്തിന് ശേഷം ആമസോൺ പ്രൈമിലൂടെ റിലീസ് ആകുന്ന രണ്ടാമത്തെ മുഖ്യധാര തെലുഗു ചിത്രമായി നിശബ്ദം മാറും.
ഏപ്രിൽ രണ്ടിനായിരുന്നു നിശബ്ദം നേരത്തെ റിലീസ് ചെയ്യാനിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.