'ഈ സിനിമ നിങ്ങളെ വാരിപ്പുണരും'; സീതാരാമത്തെ പുകഴ്ത്തി അനുഷ്ക ഷെട്ടി
text_fieldsദുൽഖർ സൽമാൻ നായകനായ സീതാരാമം ബ്ലോക്ബസ്റ്റർ ഹിറ്റിലേക്ക് കുതിക്കുകയാണ്. 10 ദിവസം കൊണ്ട് 50 കോടിയിലധികം കളക്ഷൻ നേടിയ ചിത്രത്തെ പുകഴ്ത്തിക്കൊണ്ട് നിരവധി താരങ്ങളും രാഷ്ട്രീയക്കാരുമാണ് രംഗത്തെത്തിയത്. ഇപ്പോഴിതാ 'സീതാ രാമ'ത്തെ അഭിനന്ദിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് നടി അനുഷ്‌ക ഷെട്ടി.
നിങ്ങളെ വളരെ മൃദുവായി ആശ്ലേഷിക്കുകയും സീതയുടെയും രാമന്റെയും യാത്രയിൽ കൂടെ കൊണ്ടുപോവുകയും ചെയ്യുന്ന മനോഹരമായ ഒരു സിനിമ...... സീത, രാമൻ, അഫ്രീൻ.... അടക്കം സിനിമയിൽ പ്രവർത്തിച്ച ഓരോ വ്യക്തിക്കും അഭിനന്ദനങ്ങൾ, സിനിമയുമായ ബന്ധപ്പെട്ടതെല്ലാം ഹൃദയസ്പർശിയാണ്... ഹൃദയസ്പർശിയായ നിരവധി കഥകൾക്ക് ആശംസകൾ. - സീതാ രാമം പോസ്റ്റര്‍ പങ്കുവെച്ചു കൊണ്ട് അനുഷ്‌ക ഷെട്ടി കുറിച്ചു.
ചിത്രത്തെ പുകഴ്ത്തി മുൻ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവും രംഗത്തെത്തിയിരുന്നു. എല്ലാവരും കണ്ടിരിക്കേണ്ട ചിത്രമാണ് സീതാരാമം എന്നാണ് അദ്ദേഹം ട്വീറ്റ് ചെയ്തത്. "സീതാ രാമം സിനിമ കണ്ടു. അഭിനേതാക്കളുടെയും സാങ്കേതിക വിഭാഗത്തിന്റെയും ഏകോപനത്തിൽ ഒരു മനോഹര ദൃശ്യമാണ് ലഭിച്ചത്. ഒരു സാധാരണ പ്രണയ കഥയിൽ നിന്ന് വ്യത്യസ്തമായി ഒരു സൈനികന്റെ ധീരതയുടെ പശ്ചാത്തലത്തില്‍ ഈ സിനിമ വിവിധ വികാരങ്ങളെ അനാവരണം ചെയ്യുന്നു. എല്ലാവരും നിർബന്ധമായും കണ്ടിരിക്കേണ്ട ചിത്രമാണിത്. ഒരുപാട് നാളുകൾക്ക് ശേഷം ഒരു നല്ല സിനിമ കാണുന്ന അനുഭൂതി സീതാ രാമം എനിക്ക് തന്നു. യുദ്ധശബ്ദങ്ങളില്ലാതെ കണ്ണിന് കുളിർമയേകുന്ന പ്രകൃതിഭംഗി കണ്ടെത്തിയ സംവിധായകൻ ശ്രീ ഹനു രാഘവപുടി, നിർമ്മാതാവ് ശ്രീ അശ്വിനിദത്ത്, സ്വപ്ന മൂവി മേക്കേഴ്‌സ് എന്നിവരുൾപ്പെടെയുള്ള സിനിമാ ടീമിന് അഭിനന്ദനങ്ങൾ", വെങ്കയ്യ നായിഡു കുറിച്ചു.
ദുൽഖർ സൽമാൻ, മൃണാൾ താക്കൂർ, രശ്മിക മന്ദാന, സുമന്ത് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വൈജയന്തി മൂവീസിന്റെ ബാനറിൽ ഹനു രാഘവപുടി സംവിധാനം ചെയ്ത സീതാ രാമം തെലുങ്ക്, തമിഴ്, മലയാളം എന്നീ ഭാഷകളിലാണ് പ്രേക്ഷകരിലേക്ക് എത്തിയത്. സല്യൂട്ട്, ഹേ സിനാമിക, കുറുപ്പ് എന്നിവയാണ് അവസാനമായി പ്രേക്ഷകരിലേക്ക് എത്തിയ മറ്റ് ദുൽഖർ ചിത്രങ്ങൾ.
ലഫ്റ്റനന്റ് റാം എന്ന കഥാപാത്രമായി ദുൽഖർ സൽമാൻ എത്തുന്ന ചിത്രം കാശ്മീർ, ഹൈദരാബാദ് എന്നിവിടങ്ങളിലായിട്ടാണ് ചിത്രീകരിച്ചത്. വിശാൽ ചന്ദ്രശേഖർ ചിത്രത്തിന്റെ സംഗീതസംവിധാനവും പി.എസ്. വിനോദ്, ശ്രേയസ് കൃഷ്ണ എന്നിവർ ഛായാഗ്രഹണവും നിർവഹിച്ചിരിക്കുന്നു. കോട്ടഗിരി വെങ്കിടേശ്വര റാവുവാണ് എഡിറ്റിങ് നടത്തിയിരിക്കുന്നത്. തരുൺ ഭാസ്‌കർ, ഗൗതം വാസുദേവ് മേനോൻ, ഭൂമിക ചൗള തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.