കന്യാസ്ത്രീകളുടെ സംഘടനയുടെ പരാതി; 'അക്വേറിയ'ത്തിന്‍റെ ഒ.ടി.ടി റിലീസിന് സ്റ്റേ
text_fieldsകൊച്ചി: ടി. ദീപേഷ് സംവിധാനം ചെയ്ത 'അക്വേറിയം' എന്ന സിനിമയുടെ ഒ.ടി.ടി റിലീസിന് ഹൈകോടതി സ്റ്റേ. പത്ത് ദിവസത്തേക്കാണ് സ്റ്റേ. കന്യാസ്ത്രീകളെ അപമാനിക്കുന്നതാണ് സിനിമയെന്ന് കാണിച്ച് വോയിസ് ഓഫ് നണ്‍സ് കൂട്ടായ്മയാണ് കോടതിയെ സമീപിച്ചത്. നേരത്തെ നിരോധിച്ച 'പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും' എന്ന സിനിമ പേര് മാറ്റിയതാണ് 'അക്വേറിയ'മെന്നായിരുന്നു പരാതി.
മേയ് 14ന് സൈന പ്ലേ വഴി ചിത്രം ഒ.ടി.ടി റിലീസ് ചെയ്യുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചിരുന്നു. സണ്ണി വെയ്ന്‍, ഹണിറോസ്, ശാരി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇന്ത്യന്‍ സിനിമയിലെ മുന്‍നിര പ്രൊഡക്ഷന്‍ ഡിസൈനറാണ് ചിത്രത്തില്‍ യേശുവിന്‍റെ റോളിലെത്തുന്നത്. സംവിധായകന്‍ വി.കെ. പ്രകാശ്, കന്നഡനടി രാജശ്രീ പൊന്നപ്പ എന്നിവരും ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്.
രണ്ടു തവണ പ്രദര്‍ശനാനുമതി നിഷേധിക്കപ്പെട്ട സിനിമയാണ് 'പിതാവും പുത്രനും പരിശുദ്ധാത്മാവിനും'. പിന്നീട് പേര് 'അക്വേറിയം' എന്ന് മാറ്റി പ്രദര്‍ശനത്തിന് ഒരുക്കുകയായിരുന്നു. സെന്‍സ ര്‍ബോര്‍ഡ് കേരളഘടകത്തെയും കേന്ദ്രഘടകത്തെയും സമീപിച്ചിട്ടും പ്രദര്‍ശനാനുമതി ലഭിക്കാത്തതിനാല്‍ ചിത്രത്തിന്‍റെ അണിയറ പ്രവര്‍ത്തകര്‍ ട്രിബൂണലിനെ സമീപിക്കുകയായിരുന്നു. തുടര്‍ന്നാണ് റിലീസ് അനുവദിച്ചത്. സെന്‍സര്‍ ബോര്‍ഡ് ട്രിബൂണലിന്‍റെ നിർദേശപ്രകാരമാണ് പേരു മാറ്റിയത്.
സ്ത്രീയുടെ മാനസികവും ശാരീരികവുമായ പ്രശ്നങ്ങളെ മതങ്ങള്‍ എങ്ങനെ ചൂഷണം ചെയ്യുന്നുവെന്ന വിഷയമാണ് സിനിമ കൈകാര്യം ചെയ്യുന്നത്. കൊല്‍ക്കത്ത അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ മത്സര വിഭാഗത്തിലുണ്ടായിരുന്ന ഏക ഇന്ത്യന്‍ ചിത്രമായ 'അക്വേറിയ'ത്തിന്‍റെ റിലീസ് മതവികാരം വ്രണപ്പെടുത്തുമെന്ന് പറഞ്ഞാണ് സെന്‍സര്‍ ബോര്‍ഡ് തടഞ്ഞതെന്ന് സംവിധായകന്‍ ടി. ദീപേഷ് പറയുന്നു. 'പൂര്‍ണ്ണമായും ഒരു സ്ത്രീപക്ഷ സിനിമയാണ് 'അക്വേറിയം'. സഭയ്ക്കകത്ത് കന്യാസ്ത്രീകള്‍ക്ക് എന്ത് മൂല്യമാണ് കൽപിക്കപ്പെട്ടിട്ടുള്ളത് എന്ന കാര്യമാണ് സിനിമ ചര്‍ച്ച ചെയ്യുന്നത്' - ദീപേഷ് പറയുന്നു.
ദീപേഷിന്‍റെ കഥയ്ക്ക് ബല്‍റാം തിരക്കഥയും സംഭാഷണവുമെഴുതുന്നു. കളിയാട്ടം, കര്‍മ്മയോഗി എന്നീ സിനിമകള്‍ക്ക് ശേഷം ബല്‍റാം രചന നിര്‍വഹിച്ച സിനിമ കൂടിയാണിത്. കണ്ണമ്പേത്ത് പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ ഷാജ് കണ്ണമ്പേത്ത് നിര്‍മ്മിച്ച ചിത്രത്തിന്‍റെ ഛായാഗ്രാഹകൻ പ്രദീപ് എം. വര്‍മ്മയാണ്. ബല്‍റാം എഴുതിയ വരികള്‍ക്ക് മധു ഗോവിന്ദാണ് സംഗീതം പകര്‍ന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.