ചെകുത്താൻ ലാസർ തിരക്കിലാണ്
text_fieldsആറടിനാലിഞ്ച് പൊക്കവും താടിയും കൊമ്പൻമീശയുമായി നടന്നുവരുന്ന വലിയ മനുഷ്യനെ ആരുമൊന്ന് നോക്കിപ്പോകും. മുമ്പേ നടന്നുപോയവർ സംശയത്തോടെ തിരികെയെത്തും. കാറിൽ കടന്നുപോയവരും ആൾക്കൂട്ടത്തിൽ കാണുന്നവരും നെറ്റിയിൽ വിരൽ വെച്ച് കണ്ടുപരിചയമുണ്ടല്ലോ എന്ന ഭാവേനെ ഓർത്തെടുക്കും -‘നിങ്ങള് നമ്മടെ ചെകുത്താൻ ലാസർ അല്ലേ...’ എന്നചോദ്യത്തിലാവും അവരുടെ സംശയം അവസാനിക്കുക. ‘ഇതെന്നാ ഇത്, തെങ്ങു നടന്നുവരുന്നോ..’ എന്ന ചോദ്യവുമായി മലയാളി സിനിമാ ആരാധകർക്ക് മുമ്പാകെ ജയസൂര്യ വിളിച്ചുവെച്ച ‘ആട് രണ്ട്’ എന്ന ചിത്രത്തിലെ ചെകുത്താൻ ലാസർ എന്ന ഹരിപ്രശാന്ത് വർമ തന്നെ.
ഖത്തറിൽ ജോലിയും ഇടവേളയിൽ നാട്ടിലെത്തി സിനിമാഭിനയവുമായി മുന്നേറുന്ന മലയാളത്തിലെ ശ്രദ്ധേയതാരം. പൊതുവെ മലയാളി സിനിമാതാരങ്ങളുടെ വലിയ സാന്നിധ്യമൊന്നുമില്ലാത്ത ഖത്തറിലെ പ്രവാസികളുടെ സൂപ്പർതാരമാണ് രണ്ട് വർഷത്തോളമായി പ്രവാസിക്കുപ്പായമണിയുന്ന ഹരിപ്രശാന്ത്. ആട് രണ്ടിലെ വില്ലൻ വേഷത്തിലൂടെ സിനിമാപ്രേമികളുടെ മനസ്സിൽ ഇടംപിടിച്ച താരം ഇന്ന് 30നടുത്ത് സിനിമകളിൽ ചെറുതും വലുതുമായി വേറിട്ടവേഷങ്ങളിൽ നിറഞ്ഞാടിക്കഴിഞ്ഞു.
ഖത്തറിൽ ലോകകപ്പ് സംഘാടനത്തിൽ കൂടി നിർണായകമായിരുന്ന ആസ്പയർ സ്പോർട്സ് കമാൻഡിങ് സെന്ററിലെ ഐ.ടി ഉദ്യോഗസ്ഥനാണ് കൊച്ചിക്കാരനായ ഹരിപ്രശാന്ത്. വില്ലൻകുപ്പായത്തിൽ തിളങ്ങിയ ഒരുപിടി സിനിമകളുമായി ദോഹയിൽ ഓണത്തെ വരവേൽക്കാനൊരുങ്ങുമ്പോൾ പുറത്തിറങ്ങാനിരിക്കുന്ന രണ്ട് സിനിമകളുടെ പ്രതീക്ഷയിലാണ് ഇദ്ദേഹം. ലിജോ ജോസ് പെല്ലിശ്ശേരി സംവിധായകനായ മോഹൻലാൽ ചിത്രം മലൈകോട്ടെയ് വാലിബാൻ, ജോഷിയുടെ ആന്റണി എന്നീ സിനിമകളിൽ മികച്ച കഥാപാത്രങ്ങൾ അവതരിപ്പിച്ച് പുറത്തിറങ്ങാനായി കാത്തിരിക്കുകയാണ് ഖത്തറിന്റെ പ്രിയപ്പെട്ട നായകൻ.
വില്ലൻ കുപ്പായക്കാരൻ
ആട് രണ്ടിൽ ആജാനബാഹുവായി ഒരു മനുഷ്യൻ നടന്നുവരുമ്പോൾ കണ്ണുതള്ളി നോക്കിനിന്ന ജയസൂര്യയെപോലെ ‘ആരെടാ ഇവൻ’ എന്ന ഭാവംതന്നെയായിരുന്നു മലയാളി സിനിമാപ്രേമികൾക്കും. ഉയരവും രൂപവും ഭാവവുംകൊണ്ട് കാഴ്ചക്കാരനെ അമ്പരപ്പിക്കുന്ന ലുക്ക്. ആ വേഷവുമായി കഴിഞ്ഞ ഏതാനും വർഷങ്ങൾക്കിടയിൽ ഒരുപിടി സിനിമകളിലേക്കാണ് ‘ചെകുത്താൻ ലാസർ’ കയറിയത്. മമ്മൂട്ടിക്കൊപ്പമുള്ള പരോൾ മുതൽ ജനാധിപൻ, ഒരു യമണ്ടൻ പ്രേമകഥ, ചുരുളി, നിഴൽ, വരയൻ, സൺ ഓഫ് ഗാങ്സ്റ്റർ... അങ്ങനെ ഒരുപിടി ചിത്രങ്ങൾ. വേഷങ്ങളെല്ലാം ഗംഭീരമാക്കി എന്ന അംഗീകാരം ആരാധകരിൽനിന്ന് ലഭിക്കുമ്പോൾ പുതുവേഷങ്ങളും തേടിയെത്തുന്നു.
വില്ലൻകുപ്പായത്തിൽ തിളങ്ങുമ്പോഴും ഒരു വില്ലൻ ലുക്കില്ല എന്ന് പറഞ്ഞ് മലയാളത്തിലെ പ്രമുഖ സംവിധായകൻ പണ്ട് അവസരം നിഷേധിച്ച് മടക്കിയ അനുഭവവും ഹരിപ്രശാന്തിനുണ്ട്. സിനിമാസ്വപ്നങ്ങളുമായി നടന്ന അതിവിദൂരമല്ലാത്ത കാലത്തായിരുന്നു അത്. സുഹൃത്തായ നിർമാതാവ് പരിചയപ്പെടുത്തിയത് പ്രകാരം പ്രമുഖ സംവിധായകന്റെ സെറ്റിലെത്തിയപ്പോഴായിരുന്നു ഈ അനുഭവം. കാഴ്ചയിൽ ഒരു ക്രൂര ലുക്ക് ഇല്ല എന്നുപറഞ്ഞ് മടക്കിയത് സുഹൃത്തായ നിർമാതാവിന് വിഷമമായി. എന്നാൽ, ഏതാനും വർഷങ്ങൾക്കുള്ളിൽ അന്ന് പാവത്താനായി ആ ഡയറക്ടർക്ക് തോന്നിയ നടൻ ഇന്ന് വില്ലത്തരത്തിന്റെ പ്രതീകമായി മലയാളസിനിമയിൽ നിറഞ്ഞാടുന്നത് മറ്റൊരു ക്ലൈമാക്സ്.
കൊച്ചി രാജകുടുംബത്തിലെ ഇളംമുറക്കാരനായി വളർന്ന ഹരിക്ക് അഭിനയം പണ്ടേ ലഹരിയായിരുന്നു. സ്കൂളിലും കോളജിലുമെല്ലാം മോണോ ആക്ടിലും നാടകത്തിലും പരീക്ഷിച്ചു. എന്നാൽ, വലിയ സിനിമാസ്വപ്നങ്ങളായി കൊണ്ടുനടന്നില്ല. പഠനവഴിയിൽ തുടർന്ന് ഐ.ടി മേഖലയിൽ തൊഴിലുറപ്പിച്ചു. ഇതിനിടെ, താമസിച്ചിരുന്ന ഫ്ലാറ്റിലെ ആഘോഷപരിപാടികൾക്ക് നാടകവുമായി അരങ്ങിലെത്തി അഭിനയിച്ചു തകർക്കുന്നതായിരുന്നു പ്രധാന കലാപ്രവർത്തനം. വലിയ പ്രഫഷനൽ ശൈലിയിൽ അവതരിപ്പിക്കുന്ന നാടകങ്ങളിലെ അഭിനയമികവുകണ്ട് നിർമാതാവ് എസ്. ജോർജ് ആണ് സിനിമയിലേക്ക് ഹരിയെ ശിപാർശചെയ്യുന്നത്. അങ്ങനെ, 2014ൽ ലാസ്റ്റ് സപ്പർ, ഫയർമാൻ എന്നീ സിനിമകളിൽ ചെറിയ റോളുകളിൽ പ്രത്യക്ഷപ്പെട്ടു. പക്ഷേ, ഹരിയിലെ അഭിനേതാവിനെയും വില്ലനെയും തേച്ചുമിനുക്കി മലയാളി ആസ്വാദകരിലേക്ക് രംഗപ്രവേശം ചെയ്തത് 2017ൽ പുറത്തിറങ്ങിയ ആട് രണ്ട് ആയിരുന്നു. തുടർന്നിങ്ങോട്ട് പിറന്നത് ചരിത്രം.
ഓണം, ഓണക്കാലം...
ഓണമെത്തുമ്പോൾ ഓർമകൾ തൃപ്പൂണിത്തുറയിലെ വീട്ടിലെ ചെറുപ്പകാലത്തേക്ക് പോകും. ഓണവും ഓണത്തിന്റെ ഐതിഹ്യവുമെല്ലാം ഇഴപിരിഞ്ഞുകിടക്കുന്ന തൃപ്പൂണിത്തുറയിലെ വീട്ടിലെ ഓണാഘോഷമാണ് കുഞ്ഞുനാളിലെ ഓർമകൾ. അത്തച്ചമയത്തിന്റെ ഭാഗമായി കുട്ടികളെല്ലാം ആഘോഷത്തിൽ പങ്കെടുക്കുന്നതും മാവേലിയെ വരവേൽക്കുന്നതും ബന്ധുക്കളായ കൂട്ടുകാർക്കൊപ്പമുള്ള നിറഞ്ഞ ആഘോഷങ്ങളുമെല്ലാം മധുരമുള്ള ഓർമകളാണ്. പിന്നീട് കല്യാണവും കുടുംബവുമെല്ലാമായതോടെ ഓണം മാറി. ഏറ്റവും ഹൃദ്യമായ ഓണാനുഭവങ്ങൾ പ്രവാസത്തിലാണെന്ന് തോന്നിയിട്ടുണ്ട്. കഴിഞ്ഞ വർഷം മാത്രമാണ് ഞാൻ ഖത്തറിൽ ഓണം കൂടിയത്. നാടിന്റെ ഗൃഹാതുരതയിൽ കഴിയുന്ന പ്രവാസികൾ, നാട്ടിലേക്കാൾ കെങ്കേമമായി ഓണം ആഘോഷിക്കുന്നതായി അനുഭവപ്പെട്ടിട്ടുണ്ട്. വാഴയിലയും പൂക്കളവും മുതൽ രണ്ടോ മൂന്നോ കുടുംബങ്ങൾ ചേർന്ന് സദ്യ തയാറാക്കിയെല്ലാം ഒന്നിച്ച് കൂടിയിരുന്ന് ആഘോഷിക്കുന്ന ഓണം. നൂറുകൂട്ടം പ്രവാസി സംഘടനകൾ കൂടി ചേരുന്നതോടെ ചിങ്ങത്തിൽ മാത്രം ഒതുങ്ങുന്നില്ല ഇവിടെ ഓണം. നവംബർ-ഡിസംബർ മാസം വരെയായി അടുത്ത ഉത്സകാലമെത്തും വരെ ഇവിടെ പ്രവാസി കൂട്ടായ്മകൾ ഓണം ആഘോഷിക്കുന്നുവെന്നത് ഹൃദ്യമായ അനുഭവമാണ്. അവരുടെയെല്ലാം സ്നേഹം അനുഭവിക്കാനും പല ചടങ്ങുകളിൽ പങ്കെടുക്കാനും പറ്റിയിട്ടുണ്ട്.
പ്രവാസത്തിലിരുന്ന് സിനിമ
ഒരു കലയെന്നനിലയിൽ അഭിനയം ഏറെ ഇഷ്ടമാണ്. പണത്തിനോ പ്രശസ്തിക്കോ വേണ്ടിയല്ല സിനിമയിലെത്തിയത്. അഭിനയം അത്രമാത്രം ഇഷ്ടമായിരുന്നു. അതുകൊണ്ട് നാട്ടിൽ ഐ.ടി മേഖലയിൽ ജോലിചെയ്യുമ്പോൾതന്നെ സിനിമയും കൊണ്ടുപോകുകയായിരുന്നു. അതിനിടയിൽ രണ്ടു വർഷം മുമ്പ് ലോകകപ്പ് ഫുട്ബാളിനുള്ള ഐ.ടി സംഘത്തിന്റെ ഭാഗമാവാൻ അവസരം ലഭിച്ചപ്പോൾ സിനിമയെ കൂടി ഒരു കൈയിൽ പിടിച്ച് ഖത്തറിലേക്ക് വിമാനം കയറുകയായിരുന്നു. ജോലിയെ ബാധിക്കാതെ സിനിമയും കൊണ്ടുപോകാമെന്ന് മേലധികാരികൾ പിന്തുണച്ചതോടെ അഭിനയവും തൊഴിലും കൈവിടാതെതന്നെ തുടർന്നു. ഇവിടെനിന്ന് ജോലിയുടെ ഇടവേളകളിൽ സിനിമാ ഷൂട്ടിങ്ങിന് നാട്ടിലേക്ക് പറക്കുകയാണ് പതിവ്. ആഴ്ചയിൽ വ്യാഴാഴ്ച വരെ ജോലി ചെയ്ത് വെള്ളി, ശനി ദിവസങ്ങളിൽ മാത്രം അവധിയെടുത്ത് നാട്ടിലെത്തിയും ചില സിനിമാജോലികളിൽ പങ്കുചേർന്നിട്ടുണ്ട്. സിനിമക്കൊപ്പം, നല്ലൊരു സൈക്കിൾ യാത്രികൻ കൂടിയാണ് ഹരിപ്രശാന്ത് വർമ. ഫിറ്റനസ് ട്രെയിനിങ്, സംഗീതം എന്നിവയുമായെല്ലാം ദോഹയിലെ പ്രവാസികളുടെ പ്രിയപ്പെട്ട താരമായി തുടരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.